ഭൂരിപക്ഷമുണ്ടായിരുന്നെങ്കിൽ വിനേഷിന് രാജ്യസഭാ സീറ്റ് നൽകിയേനെ എന്ന് കോൺഗ്രസ്; നാടകമെന്ന് അമ്മാവൻ

ന്യൂഡല്‍ഹി/ ഛണ്ഡീഗഢ്: പാരീസ് ഒളിമ്പിക്സില്‍ അയോഗ്യയാക്കപ്പെട്ട ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. തങ്ങള്‍ക്ക് നിയമസഭയില്‍ ഭൂരിപക്ഷമുണ്ടായിരുന്നെങ്കില്‍ രാജ്യസഭയിലേക്ക് അയച്ചേനെയെന്ന് ഹരിയാണ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭൂപേന്ദര്‍ ഹൂഡ പറഞ്ഞു. ഇതിനെ പിന്തുണച്ച് അദ്ദേഹത്തിന്റെ മകന്‍ ദീപേന്ദര്‍ ഹൂഡയും രംഗത്തെത്തി. എന്നാല്‍, കോണ്‍ഗ്രസ് നേതാക്കളെ തള്ളി വിനേഷിന്റെ അമ്മാവന്‍ മഹാവീര്‍ സിങ് ഫോഗട്ടും അദ്ദേഹത്തിന്റെ മകളും ബി.ജെ.പി. നേതാവുമായ ബബിത ഫോഗട്ടും രംഗത്തെത്തി.
'രാജ്യസഭാ തിരഞ്ഞെടുപ്പ് ഉടനെ നടക്കാനിരിക്കുകയാണ്. ഞങ്ങള്‍ക്ക് ഭൂരിപക്ഷമില്ല, ഉണ്ടായിരുന്നെങ്കില്‍ വിനേഷിനെ പ്രോത്സാഹിപ്പിക്കാന്‍ ഞങ്ങള്‍ നാമനിര്‍ദേശം ചെയ്തേനെ. നമ്മുടെ അഭിമാനമാണവള്‍', എന്നായിരുന്നു മുന്‍മുഖ്യമന്ത്രി കൂടെയായ ഭൂപേന്ദര്‍ ഹൂഡയുടെ പരാമര്‍ശം.
താന്‍ ലോക്സഭയിലേക്ക് എത്തിയപ്പോള്‍ ഒഴിവുന്ന രാജ്യസഭാ സീറ്റിനെക്കുറിച്ചാണ് പിതാവ് സംസാരിച്ചതെന്ന് ദീപേന്ദര്‍ ഹൂഡ പറഞ്ഞു. ഈ സീറ്റിലേക്ക് വിജ്ഞാപനം വന്നു. അവര്‍ക്ക് ഈ സീറ്റ് നല്‍കണമെന്നാണ് പിതാവ് പറഞ്ഞത്. ഇക്കാര്യം പരിഗണിക്കാന്‍ താന്‍ എല്ലാ പാര്‍ട്ടിക്കാരോടും ആവശ്യപ്പെടുകയാണെന്നും ദീപേന്ദര്‍ ഹൂഡ പറഞ്ഞത്.
Charkhi Dadri, Haryana: Mahavir Phogat reacts to Former CM Bhupinder Singh Hooda's proposal to send Vinesh Phogat to the Rajya Sabha, says, "When Bhupinder Hooda was the Chief Minister of Haryana, he discriminated against Geeta and Babita. What Bhupinder Hooda is saying today is… pic.twitter.com/p9LsBPZyxL
— IANS (@ians_india) August 8, 2024
അതേസമയം, കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്നപ്പോള്‍ എന്തുകൊണ്ട് ഗീത ഫോഗട്ടിനെ രാജ്യസഭയിലേക്ക് അയച്ചില്ലെന്ന് വിനേഷിന്റെ അമ്മാവന്‍ മഹാവീര്‍ സിങ് ഫോഗട്ട് ചോദിച്ചു. ഗീതാ ഫോഗട്ട് നിരവധി റെക്കോഡുകള്‍ നേടി. ഭൂപീന്ദര്‍ ഹൂഡ സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്നപ്പോള്‍ ഗീതയെ ഡി.വൈ.എസ്.പി പോലും ആക്കിയില്ല. ഇപ്പോഴെങ്ങനെയാണ് അദ്ദേഹത്തിന് ഈ അവകാശവാദം ഉന്നയിക്കാന്‍ കഴിയുന്നത്? ഭൂപീന്ദറിന്റേത് രാഷ്ട്രീയ നാടകമാണെന്നും അദ്ദേഹം ആരോപിച്ചു.
മഹാവീറിനെ പിന്തുണച്ച് മകളും ഗീതയുടെ സഹോദരിയും വിനേഷിന്റെ അര്‍ധസഹോദരിയുമായ ബബിത ഫോഗട്ട് രംഗത്തെത്തി. ദുരന്തങ്ങളിലും രാഷ്ട്രീയ അവസരം എങ്ങനെ കണ്ടെത്താമെന്ന് കോണ്‍ഗ്രസിനെ കണ്ടുപഠിക്കണമെന്ന് ബബിത പ്രതികരിച്ചു. ഒരുവശത്ത് ഒളിമ്പിക്സിലെ അയോഗ്യതയില്‍നിന്ന് വിനേഷും രാജ്യവും കരകയറാതിരിക്കുമ്പോള്‍, മറ്റൊരു ഭാഗത്ത് ഭൂപേന്ദര്‍ ഹൂഡയും ദീപേന്ദര്‍ ഹൂഡയും വിനേഷിന്റെ പരാജയംവെച്ച് രാഷ്ട്രീയം കളിക്കുകയാണ്.
വിനേഷ് ചാമ്പ്യന്മാരില്‍ ചാമ്പ്യന്മാരാണ്, കളിക്കാരുടെ കണ്ണീരുപോലും പ്രശ്നമല്ലാത്ത കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ചാമ്പ്യനും. ഇത് ലജ്ജാകരവും ആശങ്കാജനകവുമാണെന്നായിരുന്നു ബബിത എക്സില്‍ കുറിച്ചത്. ബി.ജെ.പി. നേതാവായ ബബിത 2019-ലെ ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ടിരുന്നു.