നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ട വാർത്ത നടുക്കത്തോടെയാണ് കേട്ടത്-അനുശോചനം അറിയിച്ച് രജനീകാന്തും കമൽ ഹാസനും ഖുശ്ബുവും

ഖുശ്ബു/ രജനീകാന്തും കമല്‍ ഹാസനും | Photo: AFP/ PTI
ഖുശ്ബു/ രജനീകാന്തും കമല്‍ ഹാസനും | Photo: AFP/ PTI

ചെന്നൈ: തമിഴ് സൂപ്പർതാരം വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടിവികെ) കരൂരിൽ സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ തിരക്കും തിരക്കിലുംപെട്ട് 34 പേർ മരിച്ചതിൽ നടുക്കം രേഖപ്പെടുത്തി നടൻ രജനീകാന്തും നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസനും നടിയും ബിജെപി നേതാവുമായ ഖുശ്ബുവും. എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മൂന്നുപേരും പ്രതികരിച്ചത്.

കരൂരിൽ നടന്ന സംഭവത്തിൽ നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ട വാർത്ത നടുക്കത്തോടെയാണ് കേട്ടതെന്നും അതിയായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും രജനീകാന്ത് എക്‌സിൽ കുറിച്ചു. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറെ ഹൃദയഭേദകമായ സംഭവമാണെന്നും ജനക്കൂട്ടത്തിനിടയിൽ കുരുങ്ങി ജീവൻ നഷ്ടപ്പെട്ട നിരപരാധികളുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കാൻ വാക്കുകളില്ലെന്നും കമൽ ഹാസൻ കുറിച്ചു. രക്ഷപ്പെട്ടവർക്ക് ശരിയായ ചികിത്സ ഉറപ്പുവരുത്താൻ തമിഴ്‌നാട് സർക്കാരിനോട് അഭ്യർത്ഥിക്കുന്നുവെന്നും കമൽ ഹാസൻ വ്യക്തമാക്കി.

കരൂരിൽ നടന്ന റാലിക്കിടെയുണ്ടായ നിർഭാഗ്യകരമായ ദുരന്തവാർത്ത അത്യധികം ഞെട്ടലുണ്ടാക്കിയെന്നും പ്രിയപ്പെട്ടവരുടെ വിയോഗം താങ്ങാനുള്ള കരുത്ത് കുടുംബാംഗങ്ങൾക്ക് ദൈവം നൽകട്ടെയെന്നും ഖുശ്ബു കുറിച്ചു. പരിക്കേറ്റവർക്കായി പ്രാർഥിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

ആറ് കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 34 പേരുടെ മരണമാണ് നിലവിൽ സ്ഥിരീകരിച്ചത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ആശുപത്രികളിൽ നിന്നുള്ള വിവരം. 12 പേരുടെ നില അതീവ ഗുരുതുരമാണ്. സെന്തിൽ ബാലാജി, എം.എ. സുബ്രഹ്‌മണ്യൻ തുടങ്ങിയ മന്ത്രിമാർ കരൂരിലെത്തി രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. റാലിയിൽ പങ്കെടുത്തവരുടെ എണ്ണം നിയന്ത്രണാതീതമായതും തെരുവുകളിൽ നിന്നുതിരിയാൻപോലും സ്ഥലമില്ലാതിരുന്നതും അപകടത്തിലേക്കു നയിച്ചതായാണ് പ്രാഥമികമായ വിലയിരുത്തൽ. ഗുരുതരമായ സുരക്ഷാപാളിച്ചയാണ് റാലിയിൽ ഉണ്ടായതെന്നാണ് റിപ്പോർട്ട്.