വട്ടവടയിലെ ചിലന്തിയാർ ചെക്ക് ഡാം നിർമാണം: ഹരിത ട്രിബ്യൂണൽ നടപടികൾ സ്റ്റേ ചെയ്ത് സുപ്രീംകോടതി

#ബി. ബാലഗോപാൽ
സുപ്രീംകോടതി |ഫോട്ടോ:ANI
സുപ്രീംകോടതി |ഫോട്ടോ:ANI

ന്യൂഡൽഹി : ഇടുക്കി ജില്ലയിലെ വട്ടവടയിലെ ചിലന്തിയാർ ചെക്ക് ഡാം നിർമ്മാണത്തിനെതിരെ ദേശീയ ഹരിത ട്രിബ്യൂണൽ സ്വമേധയാ എടുത്ത കേസിലെ നടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്തു. കേരള ചീഫ് സെക്രട്ടറി ഡോ. എസ്. ജയതിലക് നൽകിയ ഹർജിയിലാണ് സുപ്രീം കോടതി സ്റ്റേ ഉത്തരവ് പുറപ്പടിവിച്ചത്. കേസിൽ തമിഴ്നാട് സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു.

അന്തർ സംസ്ഥാന നദീജല തർക്കങ്ങളിൽ ഇടപെടാൻ ദേശിയ ഹരിത ട്രിബ്യൂണലിന് അധികാരമില്ലെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ജയതിലകിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്തയും, സ്റ്റാന്റിങ് കോൺസൽ നിഷേ രാജൻ ഷൊങ്കറും വാദിച്ചു. ഇടുക്കി വട്ടവട പഞ്ചായത്തിലെ ശുദ്ധജലക്ഷാമം പരിഹരിക്കലാണ് ചെക്ക് ഡാം നിർമ്മാണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇരുവരും കോടതിയിൽ ചൂണ്ടിക്കാട്ടി.

ജൽ ജീവൻ മിഷന്റെ ഭാഗമായായുള്ള ഈ പദ്ധതിയിലൂടെ 2850 കുടുംബങ്ങൾക്ക് ശുദ്ധ ജലം ലഭിക്കുമെന്നും കേരളം സുപ്രീംകോടതിയിൽ ഫയൽചെയ്ത ഹർജിയിൽ ചൂണ്ടിക്കാട്ടി. പദ്ധതിക്ക് പരിസ്ഥിതി അനുമതി ആവശ്യമില്ലെന്നാണ് കേരളം ചൂണ്ടിക്കാട്ടുന്നത്. ചിലന്തിയാർ ചെക്ക് ഡാം നിർമാണം പൂർത്തിയാകുമ്പോൾ തമിഴ്നാട്ടിലെ അമരാവതി ഡാമിലേയ്ക്കുള്ള നീരൊഴുക്ക് കുറയുമെന്ന മാധ്യമവാർത്തയുടെ അടിസ്ഥാനത്തിലാണ് ദേശീയ ഹരിത ട്രിബ്യൂണൽ സ്വമേധയാ കേസെടുത്തത്. തമിഴ്‌നാട്ടിലെ തിരുപ്പുർ, കരൂർ ജില്ലകളിലെ 55,000 ഏക്കർ ഭൂമിയിൽ ജലസേചനത്തിനായുള്ള വെള്ളം ലഭിക്കുന്നത് അമരാവതി അണക്കെട്ടിൽനിന്നാണ്. അതിനാൽ അമരാവതി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞാൽ പ്രതിസന്ധിയിലാകും എന്നാണ് തമിഴ്നാട് സർക്കാരിന്റെ വാദം.

കാവേരി നദീജല തർക്ക ട്രിബ്യൂണൽ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഈ പ്രശ്നം പരിഹരിക്കണമെന്നും ഇരു സംസ്ഥാനങ്ങളും ചർച്ച നടത്തണമെന്നും ഹരിത ട്രിബ്യൂണൽ നിർദേശിച്ചിരുന്നു. ചർച്ചകൾ നടന്നെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടില്ല.

Content Highlights: Supreme Court stays NGT proceedings regarding Vattavada check dam construction.