വിജയ്‌യുടെ ലക്ഷ്യം അഴിമതിരഹിത ഭരണം; കൂടുമാറിയെത്തുന്നത് അഴിമതിക്കറയുള്ള നേതാക്കൾ: TVKക്ക് അപായ സൈറൺ

ചെന്നൈ: അഴിമതിക്കറയുള്ള നേതാക്കൾ കൂടുമാറിയെത്തുന്നത് മുഖ്യമന്ത്രി ജോസഫ് വിജയ് നയിക്കുന്ന തമിഴക വെട്രി കഴക(ടി.വി.കെ) ത്തിന് ഭാവിയിൽ പ്രത്യാഘാതങ്ങളുണ്ടാക്കാൻ സാധ്യത. അഴിമതിരഹിത ഭരണമാണ് ലക്ഷ്യമെന്ന് വിജയ് ആവർത്തിച്ചു പറയുന്ന സാഹചര്യത്തിൽ വൻ അഴിമതിക്കേസുകളിൽ പ്രതിയായ ഇതര പാർട്ടികളിൽനിന്നുള്ള നേതാക്കൾ എത്തുന്നത് ടി.വി.കെയുടെ ഉദ്ദേശ്യ ലക്ഷ്യത്തെ കളങ്കപ്പെടുത്താൻ ഇടയാക്കും.
കഴിഞ്ഞദിവസം അണ്ണാ ഡി.എം.കെയിൽനിന്ന് മുൻ മന്ത്രിമാരായ സി. വിജയഭാസ്കറും എം.ആർ. വിജയഭാസ്കറും ടി.വി.കെയിലേക്ക് എത്തിയതോടെയാണ് ഇത്തരം വിലയിരുത്തലുകൾ ഉരുത്തിരിയുന്നത്. കോടികളുടെ അഴിമതിക്കേസുകളിൽ അന്വേഷണം നേരിടുന്നവരാണ് ഇരുവരും. ജൂൺ 23-ന് നിയമസഭയിൽ പ്രസംഗിക്കുമ്പോൾ ജനങ്ങളുടെ പണം തൊടില്ലെന്നും മുൻകാലങ്ങളിൽ അഴിമതി നടത്തിയവരെ വെറുതേ വിടില്ലെന്നും മുഖ്യമന്ത്രി വിജയ് മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ, അണ്ണാ ഡി.എം.കെ. മന്ത്രിമാരുടെ വരവോടെ ഭാവിയിൽ എന്തു സംഭവിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്. ഗുരുതരമായ അഴിമതിയും ഭൂമി കൈയേറ്റ കുറ്റവും നേരിടുന്ന രണ്ടു മുൻ മന്ത്രിമാർക്കെതിരേ സി.ബി.ഐയും വിജിലൻസും അന്വേഷണം നടത്തുന്നുണ്ട്. നിലവിൽ അണ്ണാ ഡി.എം.കെയിൽനിന്നുള്ള ആറ് എം.എൽ.എമാരാണ് ടി.വി.കെയിൽ എത്തിയിരിക്കുന്നത്. ഇവരുടെയൊന്നും ട്രാക്ക് റെക്കോഡുകൾ സംശുദ്ധമല്ല.
ഇനിയും കൂടുതൽ അണ്ണാ ഡി.എം.കെ. നേതാക്കൾ ടി.വി.കെയിൽ ചേരുമെന്നാണു സൂചന. ഈ സാഹചര്യത്തിൽ ടി.വി.കെ ഏറെ പക്വത കാട്ടേണ്ട സമയമാണ്. നേതൃത്വത്തിന്റെ ഇത്തരം നീക്കങ്ങൾ പാർട്ടിയുടെ സജീവ പ്രവർത്തകർക്കിടയിൽ അതൃപ്തിക്ക് ഇടയാക്കും. സർക്കാർ സ്ഥാപനങ്ങളിലെ ചെറിയ അഴിമതികളിൽ കുറവുണ്ടാകാൻ തുടങ്ങിയ സമയത്താണ് ഇത്തരം നേതാക്കളുടെ ടി.വി.കെ.യിലേക്കുള്ള വരവ്.
234 അംഗ നിയമസഭയിൽ സർക്കാരിന് സ്വന്തമായി ഭൂരിപക്ഷം നേടാനാണ് ടി.വി.കെ. ഇതു ചെയ്യുന്നതെങ്കിലും അതിനു ഭാവിയിൽ വലിയ വില കൊടുക്കേണ്ടിവരും; പ്രത്യേകിച്ചും കുതിരക്കച്ചവടം നടത്തുന്നതായുള്ള ആരോപണം നിലവിൽ ടി.വികെക്കെതിരേ ഉയരുന്ന സാഹചര്യത്തിൽ. പുതുക്കോട്ടൈ ജില്ലയിലെ വിരളിലിമല മുൻ എം.എൽ.എ. സി. വിജയഭാസ്‌കർ ഏറെ വിവാദമായ ഗുഡ്ക കുംഭകോണക്കേസിൽ പ്രതിയാണ്. അനധികൃത സ്വത്തു കേസും നേരിടുന്നുണ്ട്. എം.ആർ. വിജയഭാസ്കറും ഭൂമി കൈയേറ്റം ഉൾപ്പെടെയുള്ള അഴിമതിക്കേസുകൾ നേരിടുന്നയാളാണ്.
ഉപതിരഞ്ഞെടുപ്പിൽ അവർ വിജയിച്ച മണ്ഡലങ്ങളിൽ ചിലപ്പോൾ ടി.വി.കെ. ടിക്കറ്റിൽ മത്സരിക്കാൻ അവസരം നൽകും. വിജയിച്ചാൽ നിയമസഭയിലെത്തും. തുടർന്ന് മന്ത്രിസഭയിൽ ഉൾപ്പെടുത്താനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. ഈ അവസരം കേന്ദ്രംഭരിക്കുന്ന ബി.ജെ.പി. സർക്കാർ മുതലെടുക്കും. മുൻ മന്ത്രിമാർക്കെതിരായ അഴിമതിക്കേസുകളുടെ പേരിൽ ഭരണകക്ഷിയായ ടി.വി.കെയെ പ്രയാസത്തിലാക്കാൻ അവർക്കു കഴിയും. കാരണം നിലവിലുള്ള എഫ്.ഐ.ആർ. വെച്ച് അഴിമതിയുമായി ബന്ധപ്പെട്ട ഏതു കേസും കേന്ദ്ര ഏജൻസികൾക്ക് ഏറ്റെടുക്കാം.
Content Highlights: Induction of tainted former AIADMK ministers into TVK threatens the party's anti-corruption image., Chief Minister Joseph Vijay faces internal party backlash over the inclusion of leaders with pending CBI and vigilance cases., Strategic risk of central agencies leveraging pending corruption cases against TVK ministers in the 2026 political cycle., The move to gain a majority in the 234-seat assembly may cost the party its long-term credibility.