ക്ഷേത്രത്തിൽ മത്സ്യവിഭവങ്ങൾ കഴിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി; വിവാദം അവസാനിപ്പിക്കണമെന്ന് ബിജെപി

കൊൽക്കത്ത: ക്ഷേത്രത്തിൽ മത്സ്യവിഭവങ്ങൾ കഴിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുവേന്ദു അധികാരി. കൊൽക്കത്തയിലെ കാളിഘട്ട് ക്ഷേത്രത്തിലെത്തിയാണ് അദ്ദേഹം വറുത്ത മീൻ, ബസന്തി പുലാവ് എന്നിവ കഴിച്ചത്. ദുർഗാപൂജ കാലത്ത് ബംഗാളികൾ മാംസാഹാരം ഒഴിവാക്കണമെന്ന ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിയുടെ (ബാഗേശ്വർ ബാബ) ആഹ്വാനം നേരത്തേ വിവാദമായിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ക്ഷേത്രത്തിലെത്തി മീൻ കഴിച്ചത്. കാളീഘട്ട് ക്ഷേത്രത്തിലെ പ്രസാദമായ 'ഭോഗ്' ആണ് ബംഗാൾ മുഖ്യമന്ത്രി കഴിച്ചത്.
ഇതോടെ വിവാദങ്ങൾ അവസാനിക്കണമെന്ന് ബംഗാൾ ബിജെപി പ്രതികരിച്ചു. ബംഗാളിന്റെ വിശ്വാസത്തോടും പാരമ്പര്യത്തോടും ജീവിതരീതിയോടുമുള്ള ആദരവിന്റെ ഭാഗമായാണ് മുഖ്യമന്ത്രി 'ഭോഗി'ൽ പങ്കെടുത്തതെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു.
ദുർഗാപൂജ കാലത്ത് ബംഗാളിൽ മാംസവും മദ്യവും വിൽക്കുന്ന കടകൾ അടച്ചിടണമെന്നും ബംഗാളികൾ സസ്യേതര ഭക്ഷണങ്ങൾ ഒഴിവാക്കണമെന്നുമാണ് നേരത്തേ ബാഗേശ്വർ ബാബ ആവശ്യപ്പെട്ടത്. ബാഗേശ്വർ ബാബയുടെ ഈ പ്രസ്താവന ബംഗാളികളുടെ സാംസ്‌കാരിക സ്വത്വത്തിന്മേലുള്ള കടന്നുകയറ്റമാണെന്നാരോപിച്ച് തൃണമൂൽ കോൺഗ്രസും സിപിഎമ്മും രംഗത്തെത്തിയതോടെ ബിജെപി പ്രതിരോധത്തിലായി. ഒടുവിൽ വിവാദം കനത്തതോടെ ബാബയുടെ പ്രസ്താവന തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യയ്ക്ക് തന്നെ രംഗത്തിറങ്ങേണ്ടിവന്നു.
'ബംഗാളികൾ എന്ത് കഴിക്കണമെന്ന് പുറത്തുനിന്നുള്ളവർ തീരുമാനിക്കേണ്ടതില്ല. ബംഗാളികൾ അവർക്ക് ഇഷ്ടമുള്ളതും പാരമ്പര്യമായി കഴിച്ചുപോരുന്നതുമായ ഭക്ഷണം കഴിക്കും. അവർക്ക് മത്സ്യം കഴിച്ചുകൂടേ? മാംസം കഴിച്ചുകൂടേ? സ്വാമി വിവേകാനന്ദൻ തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്; അദ്ദേഹത്തിനും മുകളിലാണോ മറ്റുള്ളവർ?'- ഭട്ടാചാര്യ ചോദിച്ചു.
കാളി പൂജയ്ക്ക് ആടിനെ ബലി നൽകുന്ന പാരമ്പര്യം ബംഗാളിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഷ്ടമി, നവമി ദിവസങ്ങളിൽ ആട്ടിറച്ചി കഴിക്കുന്നത് ബംഗാളികളുടെ പാരമ്പര്യമാണെന്നും അത് തുടരുമെന്നും ബിജെപി അധ്യക്ഷൻ വ്യക്തമാക്കി. ബാബയുടെ പ്രസ്താവന വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും ബിജെപി അതിനെ പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹിന്ദുത്വ അജൻഡയും ബംഗാളിന്റെ പ്രാദേശിക സാംസ്‌കാരിക പാരമ്പര്യവും ഒരുമിച്ച് കൊണ്ടുപോകാൻ ശ്രമിക്കുന്ന ബിജെപിക്ക് തിരിച്ചടിയാണ് ബാഗേശ്വർ ബാബയുടെ പ്രസ്താവന. അടുത്തിടെ ഹൗറ സന്ദർശിച്ച ധീരേന്ദ്ര ശാസ്ത്രിക്ക് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ വൻ സ്വീകരണമാണ് നൽകിയിരുന്നത്. ഇതിന് പിന്നാലെയാണ് മാംസാഹാരത്തിനെതിരായ പ്രസ്താവന വന്നത്. ബംഗാളികളുടെ ഭക്ഷണത്തിൽനിന്ന് മത്സ്യവും മാംസവും എടുത്തുമാറ്റാനാണോ ബിജെപിയുടെ ശ്രമമെന്ന് തൃണമൂൽ കോൺഗ്രസ് ചോദിച്ചിരുന്നു.
Content Highlights: West Bengal Chief Minister Suvendu Adhikari consumed fried fish and fish head 'bhog' at Kolkata's Kalighat temple, subtly responding to calls to avoid non-vegetarian food during Durga Puja while respecting local traditions.