'കേരളത്തിൽ ബെവ്കോ, ജവാൻ റമ്മിന് പ്രത്യേക മുൻഗണന നൽകുന്നു'; ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്

#ബി. ബാലഗോപാല്‍

ന്യൂഡൽഹി: കേരളത്തിലെ മൊത്തവ്യാപാര മദ്യവിതരണക്കാരായ ബിവറേജസ് കോർപറേഷൻ ജവാൻ റമ്മിന് പ്രത്യേക മുൻഗണന നൽകുന്നുവെന്ന ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. മദ്യ നിർമാണ കമ്പനികളുടെ സംഘടനായ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ആൽക്കഹോളിക് ബിവറേജസ് കമ്പനീസ് എന്ന സംഘടന നൽകിയ ഹർജിയിലാണ് നോട്ടീസ്.

ജസ്റ്റിസ്മാരായ സഞ്ജയ് കുമാർ, സഞ്ജീവ് സച്ദേവ എന്നിവർ അടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. ഹർജി അടുത്ത മാസം 23-ന് വീണ്ടും പരിഗണിക്കും. കേരള ബിവറേജസ് കോർപറേഷൻ തങ്ങളുടെ വിപണിയിലെ മേധാവിത്വം ദുരുപയോഗം ചെയ്ത് സ്വകാര്യ ബ്രാൻഡുകളേക്കാൾ സർക്കാർ ഉടമസ്ഥതയിലുള്ള ജവാൻ റമ്മിന് അനധികൃത മുൻഗണന നൽകുന്നുവെന്നാണ് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിലെ ആരോപണം.

സ്വകാര്യ മദ്യ നിർമ്മാതാക്കൾക്ക് 8% മൊത്തവ്യാപാര മാർജിൻ നൽകുമ്പോൾ, ജവാൻ റമ്മിന് 1.5% മാത്രമാണ് വിഹിതം നിശ്ചയിച്ചിരിക്കുന്നത്. ഇത് ജവാൻ റം കുറഞ്ഞ വിലയിൽ വിൽക്കാൻ സഹായിക്കുകയും വിപണിയിൽ സ്വകാര്യ ബ്രാൻഡുകൾക്ക് തിരിച്ചടിയാകുകയും ചെയ്യുന്നുവെന്നും മദ്യ നിർമ്മാണ കമ്പനികളുടെ സംഘടന ആരോപിക്കുന്നു.

ബിവറേജസ് കോർപ്പറേഷൻ നടപടിക്ക് എതിരെ രണ്ട് സംഘടനകൾ കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയിൽ പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിൽ അടിസ്ഥാനമില്ലെന്ന് ചൂണ്ടിക്കാട്ടി CCI അത് തള്ളിയിരുന്നു. തുടർന്ന് സംഘടകൾ ദേശീയ കമ്പനി ലോ അപ്പലറ്റ് ട്രൈബ്യൂണലിനെ സമീപിച്ചു.

ട്രിബ്യുണലും കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ തീരുമാനം ശരിവച്ചു. ഇതിന് എതിരെയാണ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ആൽക്കഹോളിക് ബിവറേജസ് കമ്പനീസ് സുപ്രീം കോടതിയെ സമീപിച്ചത്.

ഹർജിയിൽ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ, കേരള സ്റ്റേറ്റ് ബെവറേജസ് കോർപ്പറേഷൻ, തിരുവിതാംകൂർ ഷുഗർ ആൻഡ് കെമിക്കൽസ് ലിമിറ്റഡ്, അസോസിയേഷൻ ഓഫ് ഡിസ്റ്റില്ലേഴ്‌സ് ബ്രീവെർസ് ആൻഡ് വിന്റർസ് (ASSOCIATION OF DISTILLERS BREWERS AND VINTNERS OF INDIA) എന്നിവർക്കാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്.

Content Highlights: Supreme Court issued notices to Kerala Beverages Corporation and other entities regarding Jawan Rum., Petition filed by CIABC alleges unfair market preference and lower wholesale margins for Jawan Rum., Previous complaints at CCI and NCLAT were dismissed before reaching the Supreme Court., Notices sent to CCI, Bevco, Travancore Sugars, and distillers association.