ഡീലിമിറ്റേഷൻ ബില്ലുകളിൽ നിലപാട് മാറ്റാതെ ശരദ് പവാർ; അനുനയിപ്പിക്കാനായില്ല – റിപ്പോർട്ട്

കേന്ദ്രസർക്കാർ നിർദേശിച്ച ഡീലിമിറ്റേഷൻ ബില്ലിനുള്ള പാർട്ടിയുടെ പിന്തുണ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എൻസിപി (എസ്പി) അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്താൻ ലോക്‌സഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിയും ഇന്ത്യാ സഖ്യ നേതാക്കളും മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലെത്തുന്നു | Mumbai Regional Congress Committee/ANI Photo
കേന്ദ്രസർക്കാർ നിർദേശിച്ച ഡീലിമിറ്റേഷൻ ബില്ലിനുള്ള പാർട്ടിയുടെ പിന്തുണ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എൻസിപി (എസ്പി) അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്താൻ ലോക്‌സഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിയും ഇന്ത്യാ സഖ്യ നേതാക്കളും മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലെത്തുന്നു | Mumbai Regional Congress Committee/ANI Photo

മുംബൈ: ലോക്‌സഭാ മണ്ഡല പുനർനിർണയ (ഡീലിമിറ്റേഷൻ) ബില്ലുകൾക്ക് നൽകുന്ന പിന്തുണ പിൻവലിക്കില്ലെന്ന് എൻ.സി.പി. (എസ്.പി.) അധ്യക്ഷൻ ശരദ് പവാർ വ്യക്തമാക്കിയതായി റിപ്പോർട്ട്. മുംബൈയിലെ ആശുപത്രിയിൽ രാഹുൽ ഗാന്ധിയും മറ്റ് പ്രതിപക്ഷ നേതാക്കളും നേരിട്ടെത്തി കൂടിക്കാഴ്ച നടത്തിയിട്ടും നിലപാടിൽ മാറ്റമുണ്ടായില്ല. ഇതോടെ ഡീലിമിറ്റേഷൻ ബില്ലുകളുടെ കാര്യത്തിൽ ശരദ് പവാറിനെ അനുനയിപ്പിക്കാനുള്ള കോൺഗ്രസിന്റെ നീക്കവും പരാജയപ്പെട്ടുവെന്നാണ് സൂചന.

ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ എൻ.സി.പി. ലോക്‌സഭയിൽ ബില്ലുകൾ അവതരിപ്പിക്കുമ്പോൾ ബി.ജെ.പി. നേതൃത്വത്തിലുള്ള എൻ.ഡി.എ.യ്ക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്നാണ് സൂചന. ശരദ് പവാർ പാർട്ടിയുടെ പിന്തുണ പുനഃപരിശോധിക്കില്ലെന്ന് അറിയിച്ചതായി എൻ.ഡി.ടി.വി.യാണ് റിപ്പോർട്ട് ചെയ്തത്.

അതേസമയം, ഡീലിമിറ്റേഷൻ ബില്ലുകൾക്കുള്ള പിന്തുണ പിൻവലിക്കണമെന്ന കോൺഗ്രസിന്റെ ആവശ്യം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും തള്ളി. കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ഉൾപ്പെടെയുള്ളവർ ചെന്നൈയിലെത്തി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും നിലപാടിൽ മാറ്റമുണ്ടാക്കാനായില്ല.

എൻ.സി.പി. (ശരദ് പവാർ വിഭാഗം) പിന്തുണയ്ക്കുകയും ഡി.എം.കെ. നേരത്തേ ബില്ലുകൾക്ക് അനുകൂലമായി നിലപാടെടുക്കുകയും ചെയ്താൽ, സർക്കാരിന്റെ കണക്കിൽ ലോക്‌സഭയിൽ ഏകദേശം 361 വോട്ടുകൾ ലഭിക്കാമെന്നാണ് കണക്കാക്കപ്പെടുന്നത്.

അതേസമയം, ബില്ലിനെ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ട് എൻ.സി.പി.യിൽ ഭിന്നതയുണ്ടെന്നാണ് വിവരം. ഇതേത്തുടർന്ന് രണ്ട് നേതാക്കൾ രാജിവെച്ചു. രോഹിത് പവാർ എൻ.സി.പി. (എസ്.പി.) നേതാവും ലോക്‌സഭാ എം.പി.യുമായ സുപ്രിയ സുലെയ്ക്ക് കത്തെഴുതി. സുപ്രിയ സുലെയും പ്രതിപക്ഷ നേതാക്കൾ ശരദ് പവാറുമായി നടത്തിയ കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നില്ല. പാർലമെന്റ് സമ്മേളനം പുനരാരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഞായറാഴ്ച വൈകീട്ടാണ് അവർ ഡൽഹിയിലേക്ക് മടങ്ങിയത്.

Content Highlights: According to media reports, NCP (SP) chief Sharad Pawar has refused to withdraw support for the Lok Sabha delimitation bills despite a hospital meeting with Rahul Gandhi in Mumbai, while Tamil Nadu CM M.K. Stalin also rejected Sonia Gandhi's similar appeal in Chennai.