ഫോഗട്ടിനായി 70 ലക്ഷം ചെലവാക്കിയെന്ന് മന്ത്രി; BJP നേതാക്കളുടെ സ്വകാര്യ സ്വത്തിൽനിന്നല്ലെന്ന് ഷാഫി

ന്യൂഡല്‍ഹി: പാരീസ് ഒളിമ്പിക്‌സ് ഗുസ്തിയില്‍ വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടതില്‍ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തവെ, താരത്തിനുവേണ്ടി ചെലവാക്കിയ തുക പരാമര്‍ശിച്ചതില്‍ കേന്ദ്ര കായികമന്ത്രിക്കെതിരെ ഷാഫി പറമ്പില്‍ എം.പി. ഏതെങ്കിലും ബി.ജെ.പി. നേതാക്കളുടെ സ്വകാര്യ സ്വത്തില്‍നിന്നല്ല ഫോഗട്ടിനുവേണ്ടി തുക ചെലവഴിച്ചതെന്ന് ഷാഫി ലോക്‌സഭയില്‍ പറഞ്ഞു. ഫോഗട്ടിനുവേണ്ടി 70,45,775 രൂപ സര്‍ക്കാര്‍ ചെലവഴിച്ചുവെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
'ലോകം മുഴുവന്‍ കേട്ടുകൊണ്ടിരിക്കുമ്പോള്‍, ഫോഗട്ടിന്റെ പരിശീലനത്തിനുവേണ്ടി ചെലവഴിച്ച തുക സര്‍ക്കാര്‍ പരാമര്‍ശിച്ചത് ശരിയായില്ല. ഫോഗട്ടിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക എന്നതായിരുന്നു നമ്മുടെ കടമ, അവര്‍ക്ക് വേണ്ടി ചെലവാക്കിയ പണത്തിന്റെ കണക്കുപറയുകയല്ല. പരിശീലനത്തിനുവേണ്ടി എത്രരൂപ എവിടെ ചെലവഴിച്ചു എന്ന് പ്രഖ്യാപിക്കാനുള്ള ദിവസമായിരുന്നില്ല, ഇന്ന്', ഷാഫി പറഞ്ഞു.
40 ദിവസം തെരുവില്‍ ഉറങ്ങി ഗുസ്തി ഫെഡറേഷനെതിരെ സമരം നയിച്ചതും പോലീസ് ലാത്തി ചാര്‍ജ് ഏറ്റുവാങ്ങിയതും ലഭിച്ച മെഡലുകള്‍ ഗംഗയില്‍ ഒഴുക്കിയതടക്കം ഷാഫി സഭയില്‍ എടുത്തു പറഞ്ഞു. ഫോഗട്ടിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു ഇപ്പോള്‍ ചെയ്യേണ്ടിയിരുന്നത്. അല്ലാതെ കഴിഞ്ഞ ഒരുവര്‍ഷമായി ഫെഡറേഷന്‍ ചെയ്യുന്നത് ആവര്‍ത്തിക്കുകയല്ല. പാരീസില്‍ സ്വര്‍ണ്ണമോ വെള്ളിയോ അയോഗ്യതയോ ആവട്ടെ, വിനേഷ് ഫോഗട്ട് ഇന്ത്യയുടെ സുവര്‍ണ്ണ പുത്രിയാണെന്നും ഷാഫി പറഞ്ഞു.
Content Highlights: 'This is not BJP leaders' personal wealth'; Shafi Parambil against Mansukh Mandaviya