സഞ്ചാര്‍ സാഥിയില്‍ യൂടേണടിച്ച് കേന്ദ്ര സര്‍ക്കാര്‍: മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന ഉത്തരവ് പിന്‍വലിച്ചു

#ന്യൂസ് ഡെസ്ക്
സഞ്ചാര്‍ സാഥി ആപ്പ് |ഫോട്ടോ:AFP
സഞ്ചാര്‍ സാഥി ആപ്പ് |ഫോട്ടോ:AFP

ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായിറങ്ങുന്ന സ്മാര്‍ട്ട്ഫോണുകളില്‍ സൈബര്‍സുരക്ഷ മുന്‍നിര്‍ത്തി 'സഞ്ചാര്‍ സാഥി' ആപ്പ് ഉള്‍പ്പെടുത്തണമെന്ന ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. ഉത്തരവിനെതിരെ കനത്ത പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണിത്. ആപ്പിള്‍ ഉള്‍പ്പടെയുള്ള ഫോണ്‍ നിര്‍മാതാക്കള്‍ ഉത്തരവിനെതിരെ നിയമപരമായി നേരിടാന്‍ തയ്യാറെടുക്കുകയും ചെയ്തിരുന്നു.

സഞ്ചാര്‍ സാഥിയുടെ വര്‍ദ്ധിച്ചുവരുന്ന സ്വീകാര്യത കണക്കിലെടുത്താണ് പ്രീന്‍ ഇന്‍സ്റ്റാളേഷന്‍ നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. 'ഇതുവരെ 1.4 കോടി ഉപയോക്താക്കള്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. കഴിഞ്ഞ ഒരു ദിവസത്തിനുള്ളില്‍, 6 ലക്ഷംപേര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. സഞ്ചാര്‍ സാഥിയുടെ വര്‍ദ്ധിച്ചുവരുന്ന സ്വീകാര്യത കണക്കിലെടുത്ത്, മൊബൈല്‍ നിര്‍മ്മാതാക്കള്‍ക്ക് പ്രീ-ഇന്‍സ്റ്റലേഷന്‍ നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു' കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

പ്രതിദിനം 2000 തട്ടിപ്പ് സംഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത്. ആപ്പിലെ ഉപയോക്താക്കളെ സംരക്ഷിക്കുക എന്നതല്ലാതെ മറ്റൊരു പ്രവര്‍ത്തനവുമില്ല, അവര്‍ക്ക് ആവശ്യമുള്ളപ്പോഴെല്ലാം ആപ്പ് നീക്കം ചെയ്യാന്‍ കഴിയും. ഇത് നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

എന്നാല്‍ പൗരരുടെ സ്വകാര്യതയിലേക്ക് കടന്നുകയറാനും അവരെ ബിഗ് ബോസിനെപ്പോലെ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള നീക്കമാണിതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു. പെഗാസസ് ഉപയോഗിച്ച് രാജ്യത്തെ പൗരപ്രമുഖരെ നിയന്ത്രിക്കാന്‍ ശ്രമിച്ചതുപോലുള്ള നീക്കമാണിതെന്നും ആപ്പ് മൊബൈലുകളില്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ഏകപക്ഷീയമായ നിര്‍ദേശം സ്വേച്ഛാധിപത്യത്തിന് സമാനമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുകയുണ്ടായി.

പിന്നാലെ, ആപ്പ് സ്വമേധയാ ഉപയോഗിക്കാനുള്ള സംവിധാനമാണെന്നും ഉപയോക്താക്കള്‍ക്ക് അതിന്റെ ആനുകൂല്യം നേടാനോ വേണ്ടെങ്കില്‍ എളുപ്പത്തില്‍ ഒഴിവാക്കാനോ കഴിയുമെന്നും സര്‍ക്കാര്‍ വിശദീകരിച്ചിരുന്നു. പുതുതായിറങ്ങുന്ന മൊബൈല്‍ ഫോണുകളിലെല്ലാം സൈബര്‍ സുരക്ഷ മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാരിന്റെ 'സഞ്ചാര്‍ സാഥി' ആപ്പ് ഉത്പാദനസമയത്ത് ഉള്‍പ്പെടുത്തണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ആദ്യത്തെ ഉത്തരവ്.

Content Highlights: Government withdraws order to pre-install Sanchar Saathi app on new smartphones