അജിത് പവാറിന്റെ മരണത്തിൽ ഗൂഢാലോചനയെന്ന് ആരോപണം; വ്യോമയാന മന്ത്രി രാജിവെക്കണമെന്ന് രോഹിത് പവാർ

#ന്യൂസ് ഡെസ്ക്
മഹാരാഷ്ട്രയിലെ അന്തരിച്ച ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അനന്തിരവൻ രോഹിത് പവാർ | ഫോട്ടോ: സാബു സ്കറിയാച്ചൻ   / മാതൃഭൂമി
മഹാരാഷ്ട്രയിലെ അന്തരിച്ച ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അനന്തിരവൻ രോഹിത് പവാർ | ഫോട്ടോ: സാബു സ്കറിയാച്ചൻ / മാതൃഭൂമി

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ ദുരൂഹത ആരോപിച്ച് എൻസിപി എംഎൽഎയും അജിത് പവാറിന്റെ ബന്ധുവുമായ രോഹിത് പവാർ. കേന്ദ്ര വ്യോമയാന മന്ത്രി കെ. രാംമോഹൻ നായിഡു രാജിവെക്കണമെന്നും സംഭവത്തിൽ വിവിധ ഏജൻസികൾ ഉൾപ്പെട്ട സ്വതന്ത്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിമാനം പ്രവർത്തിപ്പിച്ചിരുന്ന വിഎസ്ആർ എന്ന കമ്പനിയുമായി കേന്ദ്രമന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്ന് രോഹിത് പവാർ ആരോപിച്ചു. വിഎസ്ആറിലെ രോഹിത് സിങ്ങിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ രാം മോഹൻ നായിഡു ജയ്പൂരിലെത്തിയിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അപകടം സംബന്ധിച്ച് നിലവിൽ നടക്കുന്ന ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ അന്വേഷണം വെറും പ്രഹസനമാണെന്നും കേന്ദ്ര മന്ത്രാലയത്തിന് കീഴിലുള്ള ഏജൻസി നടത്തുന്ന അന്വേഷണം സുതാര്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

എൻസിപിയിലെ ഇരു വിഭാഗങ്ങളും തമ്മിലുള്ള ലയനത്തെ എതിർത്തവർ ഈ അപകടത്തിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടാകാമെന്നും രോഹിത് പവാർ ആരോപിച്ചു. അജിത് പവാർ എൻഡിഎയിൽ തുടരുന്നതിനെയോ മുന്നണിവിട്ട് പുറത്തുവരുന്നതിനെയോ എതിർത്തവരാകാം ഈ അപകടത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

മുംബൈയിൽനിന്ന് പുറപ്പെടുമ്പോൾ വിമാനത്തിന്റെ ഇന്ധന ടാങ്ക് പൂർണമായും നിറച്ചിരുന്നു. ഹൈദരാബാദിൽനിന്ന് ഇന്ധനം നിറയ്ക്കാൻ സൗകര്യമുണ്ടായിരിക്കെ ഇതിന്റെ ആവശ്യകത ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മോശം കാലാവസ്ഥയിലും വിമാനം പറത്തിയത് എന്തിനാണെന്നും  മുംബൈയിലേക്ക് മടങ്ങിവരാൻ സാധിക്കുമായിരുന്നിട്ടും എന്തുകൊണ്ട് അത് ചെയ്തില്ലെന്നും അദ്ദേഹം ചോദിച്ചു. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് തകരാറിലായെന്ന റിപ്പോർട്ടുകളെയും അദ്ദേഹം തള്ളി. തീവ്രമായ ചൂടിനെയും സമ്മർദത്തെയും അതിജീവിക്കാൻ ശേഷിയുള്ള ബ്ലാക്ക് ബോക്സുകൾ നശിച്ചു എന്നത് വിശ്വസിക്കാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഏകദേശം 35 കോടി രൂപ വിലയുള്ള വിമാനത്തിന് 210 കോടി രൂപയുടെ ബാധ്യതാ ഇൻഷുറൻസ് ഉണ്ടായിരുന്നുവെന്നത് ദുരൂഹമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിമാനത്തിന്റെ അറ്റകുറ്റപ്പണികൾ, ഉടമസ്ഥാവകാശ ചരിത്രം, ഇന്ത്യയിലെ രജിസ്ട്രേഷൻ നടപടികൾ എന്നിവയിൽ വ്യക്തത വേണമെന്നും സമഗ്രമായ അന്വേഷണം വേണമെന്നും രോഹിത് പവാർ ആവശ്യപ്പെട്ടു.

ജനുവരി 28-നാണ് ബാരാമതിയിലെ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ അജിത് പവാർ സഞ്ചരിച്ച വിമാനം തകർന്നുവീണത്. അപകടത്തിൽ അജിത് പവാറിനൊപ്പം പൈലറ്റും സുരക്ഷാ ഉദ്യോഗസ്ഥനും ഉൾപ്പെടെ നാല് പേർകൂടി കൊല്ലപ്പെട്ടിരുന്നു.

Content Highlights: NCP MLA Rohit Pawar raises doubts over Ajit Pawar`s chopper crash, demanding a free probe and minister`s resignation. Allegations of foul play and cover-up.