യാത്രക്കാരുടെ നീണ്ടവരി, ടിക്കറ്റ് നല്‍കാതെ ഫോണ്‍വിളി തുടര്‍ന്ന് ജീവനക്കാരന്‍; ഒടുവില്‍ സസ്‌പെന്‍ഷൻ

സാമൂഹികമാധ്യമങ്ങളിലെ ദൃശ്യങ്ങളില്‍നിന്ന് | Screengrab: x.com/idukannadiga
സാമൂഹികമാധ്യമങ്ങളിലെ ദൃശ്യങ്ങളില്‍നിന്ന് | Screengrab: x.com/idukannadiga

ബെംഗളൂരു: ടിക്കറ്റ് കൗണ്ടറില്‍ യാത്രക്കാരുടെ നീണ്ടവരിയുണ്ടായിട്ടും ടിക്കറ്റ് നല്‍കാതെ ഫോണില്‍സംസാരിച്ചിരുന്ന ജീവനക്കാരന് സസ്‌പെന്‍ഷന്‍. കര്‍ണാടകയിലെ ഗുണ്ടകല്‍ റെയില്‍വേ ഡിവിഷന് കീഴിലെ യാഗിര്‍ സ്റ്റേഷനിലെ ജീവനക്കാരനായ സി. മഹേഷിനെയാണ് സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

യാത്രക്കാര്‍ ടിക്കറ്റിനായി വരിനില്‍ക്കുമ്പോള്‍ ടിക്കറ്റ് നല്‍കാതെ ഇയാള്‍ ഫോണില്‍ സംസാരിച്ചിരിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് നടപടി. കഴിഞ്ഞദിവസങ്ങളിലാണ് ജീവനക്കാരന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഒട്ടേറെയാത്രക്കാര്‍ ടിക്കറ്റ് കൗണ്ടറിന് മുന്നില്‍ കാത്തുനില്‍ക്കെ ഇവരെ ഗൗനിക്കാതെ ജീവനക്കാരന്‍ ഫോണില്‍ സംസാരിക്കുന്നതായിരുന്നു ദൃശ്യങ്ങളിലുണ്ടായിരുന്നത്.

ഏകദേശം അരമണിക്കൂറോളം ജീവനക്കാരന്റെ ഫോണ്‍വിളി തുടര്‍ന്നെന്നാണ് ആരോപണം. ഇതിനിടെ യാത്രക്കാരിലൊരാള്‍ ജീവനക്കാരനെ ചോദ്യംചെയ്‌തെങ്കിലും ഒരുമിനിറ്റെന്ന് പറഞ്ഞ് ഇയാള്‍ വീണ്ടും 15 മിനിറ്റോളം ഫോണ്‍വിളി തുടര്‍ന്നെന്നും ആരോപണമുണ്ട്. തുടര്‍ന്ന് യാത്രക്കാരുടെ പ്രതിഷേധം ശക്തമായതോടെയാണ് ജീവനക്കാരന്‍ ഫോണ്‍വിളി അവസാനിപ്പിച്ച് ടിക്കറ്റ് നല്‍കുന്നത് പുനരാരംഭിച്ചത്.

Content Highlights: A railway employee in Karnataka was suspended after a video of him talking on the phone