"രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നു"; ആം ആദ്മി പാർട്ടി നേതാവ് അൻമോൽ ഗഗൻ മാൻ MLA സ്ഥാനം രാജിവെച്ചു

ന്യൂഡൽഹി: ആം ആദ്മി പാർട്ടി നേതാവും പ്രശസ്ത പഞ്ചാബി ഗായികയുമായ അൻമോൽ ഗഗൻ മാൻ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചു. ഖരാർ എംഎൽഎയായിരുന്ന അൻമോൽ, ഞായറാഴ്ച പഞ്ചാബ് നിയമസഭ സ്പീക്കർ കുൽതാർ സിങ് സൻധ്വാന് രാജി സമർപ്പിച്ച് സ്ഥാനമൊഴിയുകയായിരുന്നു.
2022-ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഖരാർ മണ്ഡലത്തിൽ നിന്നാണ് മാൻ തിരഞ്ഞെടുക്കപ്പെട്ടത്. ഭാഗവന്ത് മാൻ നയിക്കുന്ന സർക്കാരിൽ അവർ കുറച്ച് കാലം മന്ത്രി സ്ഥാനവും വഹിച്ചിരുന്നു. ടൂറിസം, സംസ്കാരം, നിക്ഷേപ പ്രോത്സാഹനം, തൊഴിൽ, ഹോസ്പിറ്റാലിറ്റി തുടങ്ങിയ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന അൻമോലിന് കഴിഞ്ഞ വർഷം നടന്ന മന്ത്രിസഭാ പുനസംഘടനയിൽ മന്ത്രിസ്ഥാനം നഷ്ടപ്പെടുകയായിരുന്നു. പാർട്ടിക്കൊപ്പം തന്നെയുണ്ടെന്നും പഞ്ചാബ് സർക്കാർ ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും രാജിയ്ക്കു ശേഷം അവർ എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പ് അൻമോൽ മാൻ സംഗീത രംഗത്ത് സജീവമായിരുന്നു. സ്യൂട്ട്, ഷേർണി,ഘയ്ന്റ് പർപസ് തുടങ്ങിയ ഹിറ്റുകളാണ് അവരെ പ്രശസ്തിയിലേക്കുയർത്തിയത്.
Content Highlights: punjab aap mla anmol gagan maan resigns from kharar seat