ഒടുവിൽ അമിത് ഷാ എത്തി, ഒന്നും മിണ്ടിയില്ല; വന്ദേമാതരം പാടി സഭ പിരിഞ്ഞു

ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധങ്ങൾക്കും നാടകീയതകൾക്കും ഒടുവിൽ പാർലമെന്റ് വർഷകാല സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങൾക്കും നിരന്തര ആവശ്യങ്ങൾക്കുമൊടുവിൽ, ഇതുവരെ സഭയിലെത്താതിരുന്ന ആഭ്യന്തര മന്ത്രി അമിത് ഷാ സമ്മേളനത്തിന്റെ അവസാന ദിനമായ വ്യാഴാഴ്ച എത്തി. എന്നാൽ, ഒരക്ഷരംപോലും സഭയിൽ പറയാതെ സഭ പിരിയുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും സഭയിലെത്തി.
നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചർച്ചയ്ക്ക് തയ്യാറാണെന്നും പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുമെന്നും അമിത് ഷാ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നെങ്കിലും സഭാസമ്മേളനത്തിന്റെ അവസാന ദിവസമാണ് അദ്ദേഹം എത്തിയത്. മാത്രമല്ല, സഭയിൽ യാതൊരുവിധ ചർച്ചകളോ വിശദീകരണങ്ങളോ ഉണ്ടായില്ല. സഭ ചേർന്ന ഉടൻതന്നെ ചർച്ചകളില്ലാതെ വന്ദേമാതരം ആലപിച്ച് സഭ പിരിയുകയായിരുന്നു
സഭയ്ക്കുള്ളിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ നേർക്കുനേർ വരികയും പുറത്ത് മകർ ദ്വാറിന് മുൻപിൽ പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. നീറ്റ് വിഷയത്തിൽ വിദ്യാർഥി സമരങ്ങളോടും പോലീസ് നടപടികളോടും സർക്കാർ മുഖം തിരിക്കുകയാണെന്നും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും സഭയിൽനിന്ന് ഒളിച്ചോടുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. സഭ തുടങ്ങിയ അന്നും അവസാന ദിവസവും മാത്രമാണ് പ്രധാനമന്ത്രിയെ സഭയിൽ കണ്ടതെന്നും പ്രതിപക്ഷ പ്രതിഷേധങ്ങളോട് അദ്ദേഹം മൗനം പാലിക്കുകയാണെന്നും വിമർശനം ഉയർന്നു.
സഭയിൽ ബഹളമായതിനാൽ അമിത് ഷാ എത്തില്ലെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു നേരത്തെ അറിയിച്ചിരുന്നുവെങ്കിലും അവസാന നിമിഷം അദ്ദേഹം സഭയിലെത്തുകയായിരുന്നു. എന്നാൽ, ചർച്ചകൾ പ്രതീക്ഷിച്ച പ്രതിപക്ഷത്തിന് നിരാശയായിരുന്നു ഫലം. ഒടുവിൽ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെയും പ്രസ്താവനകൾ നടത്താതെയും സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞതായി പ്രഖ്യാപിക്കുകയായിരുന്നു.
Content Highlights: Parliament monsoon session adjourned indefinitely without any discussion., Opposition protested inside and outside Lok Sabha over NEET exam irregularities., Prime Minister Narendra Modi and Home Minister Amit Shah attended the final day but gave no statements., Opposition accused the government of running away from accountability.