പാർട്ടി പ്രവർത്തകനോട് അനുചിതമായി പെരുമാറുന്ന ബിജെപി എംഎൽഎയുടെ വീഡിയോ വിവാദത്തിൽ; എഐ വീഡിയോ എന്ന് ഭാര്യ

ഭുവനേശ്വർ: മന്ത്രി മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ ഒഡീഷയിലെ ബി.ജെ.പി എം.എൽ.എയായ മനോരഞ്ജൻ ധ്യാൻ സമന്തര പാർട്ടി പ്രവർത്തകനോട് അനുചിതമായി പെരുമാറുന്ന വീഡിയോ പ്രചരിക്കുന്നതിൽ വിവാദം ശക്തമാകുന്നു.
തന്റെ ഭർത്താവിന്റെ പ്രതിച്ഛായ തകർക്കാൻ എഐ ഉപയോഗിച്ച് നിർമിച്ച വ്യാജ വീഡിയോയാണിതെന്ന് അദ്ദേഹത്തിന്റെ ഭാര്യ മീന സാഹു ആരോപിച്ചു. വിവാദ ദൃശ്യങ്ങൾക്ക് മറുപടിയായി ഭർത്താവ് ശാന്തനായി മന്ത്രി പറയുന്നത് കേൾക്കുന്ന വീഡിയോ മീന സാഹു എക്സിൽ പങ്കുവെച്ചു.
ഫിഷറീസ് ആനിമൽ റിസോഴ്‌സസ് വികസന മന്ത്രി ഗോകുലാനന്ദ മല്ലിക് മൂന്ന് ജില്ലകളിലെ ചുഴലിക്കാറ്റ് ആഘാതത്തെക്കുറിച്ചും ദുരിതാശ്വാസ ധനസഹായത്തെക്കുറിച്ചും മാധ്യമങ്ങളോട് വിശദീകരിക്കുന്ന സമയത്ത് പിന്നിൽ നിൽക്കുകയായിരുന്ന സമന്തര, പാർട്ടി പ്രവർത്തകനോട് അനുചിതമായി പെരുമാറിയെന്നാണ് ആരോപണം ഉയർന്നത്.
പ്രതിപക്ഷ കക്ഷിയായ ബിജു ജനതാ ദളിന്റെ (ബി.ജെ.ഡി.) സോഷ്യൽ മീഡിയ ടീമാണ് എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ വ്യാജ വീഡിയോ നിർമിച്ച് പ്രചരിപ്പിച്ചതെന്ന് മീന സാഹു കുറ്റപ്പെടുത്തി. ഈ സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അവർ ബെർഹാംപുർ എസ്.പിയോട് ആവശ്യപ്പെട്ടു. അതേസമയം, ഈ വിവാദത്തിൽ സമന്തരയോ ഒഡീഷ ബി.ജെ.പിയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
2024-ൽ ബി.ജെ.ഡി. നേതാവ് ഉഷാ ദേവിയെ പരാജയപ്പെടുത്തിയാണ് സമന്തര ഗഞ്ചം ജില്ലയിലെ ചികിറ്റി മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭയിലെത്തിയത്. അഞ്ചുതവണ എം.എൽ.എയായ അവരെ 6,522 വോട്ടുകൾക്കാണ് സമന്തര പരാജയപ്പെടുത്തിയത്. ഈ വിവാദം ഉണ്ടാകുന്നതിന് രണ്ടു ദിവസം മുൻപ്, പ്രളയബാധിതരെ സഹായിക്കാൻ ജില്ലാ ഭരണകൂടം രൂപീകരിച്ച അർണവ് റിലീഫ് ഫണ്ടിലേക്ക് തന്റെ ഒരു മാസത്തെ ശമ്പളം സമന്തര സംഭാവന നൽകിയിരുന്നു.