നിമിഷപ്രിയയുടെ മോചനം: 'ചർച്ച നടത്തേണ്ടത് കുടുംബം'; ആക്ഷൻ കൗണ്‍സിലിന് യെമെൻ സന്ദർശന അനുമതിയില്ല

#ബി. ബാലഗോപാല്‍ | മാതൃഭൂമി ന്യൂസ്
നിമിഷപ്രിയ
നിമിഷപ്രിയ

ന്യൂഡല്‍ഹി: യെമെനില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിന് ചര്‍ച്ച നടത്തേണ്ടത് കുടുംബമോ കുടുംബം ചുമതലപ്പെടുത്തുന്ന വ്യക്തികളോ ആകണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം. നിമിഷപ്രിയയുടെ മോചനത്തിനായി നടക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് നയതന്ത്ര-മധ്യസ്ഥ സംഘത്തിന് യെമെന്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി.

മോചനചര്‍ച്ചകള്‍ക്കായി യെമെന്‍ സന്ദര്‍ശിക്കാന്‍ നയതന്ത്ര-മധ്യസ്ഥ സംഘത്തിന് അനുമതി തേടി സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഈ കത്തിന് വിദേശകാര്യമന്ത്രാലയത്തിലെ ഡയറക്ടര്‍ (ഗള്‍ഫ്) ശശ്വതി ആര്യ നല്‍കിയ മറുപടിയിലാണ് കൊല്ലപ്പെട്ട യെമെന്‍ പൗരന്‍ തലാലിന്റെ കുടുംബവുമായി ചര്‍ച്ച നടത്തേണ്ടത് നിമിഷപ്രിയയുടെ കുടുംബമോ കുടുംബം ചുമതലപ്പെടുത്തുന്നവരോ ആകണമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. 

കേന്ദ്രസര്‍ക്കാരിന്റെ ഈ നിലപാട് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ നടത്തുന്ന ചര്‍ച്ചകള്‍ തള്ളിക്കളയുന്നതാണ്. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി നിലവില്‍ അഭിഭാഷകന്‍ സാമുവേല്‍ ജെറോമിന് ഒപ്പം യെമെനിലാണ്. മോചന ചര്‍ച്ചകള്‍ക്കായി പ്രേമകുമാരി പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിയിരിക്കുന്നത് സാമുവേല്‍ ജെറോമിനാണ്. നിമിഷപ്രിയയുടെ ഭര്‍ത്താവ് ടോമി തോമസും മകള്‍ മിഷേലും ഇവാഞ്ചലിസ്റ്റും ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവിന്റെ സ്ഥാപകനുമായ ഡോ.കെ.എ. പോളിന് ഒപ്പമാണ്. തലാലിന്റെ കുടുംബവുമായി താന്‍ ചര്‍ച്ച നടത്തിയ വരികയാണെന്ന് കഴിഞ്ഞ ദിവസം ഡോ.കെ.എ. പോള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

നിമിഷപ്രിയയുടെ അമ്മയുടേയോ ഭര്‍ത്താവിന്റെയോ മകളുടെയോ പിന്തുണ ഇല്ലാതെയാണ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ചര്‍ച്ചകള്‍ നടത്തുന്നതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇതിനിടയിലാണ് മോചന ചര്‍ച്ചകള്‍ നടത്തേണ്ടത് നിമിഷപ്രിയയുടെ കുടുംബമോ കുടുംബം ചുമതലപ്പെടുത്തുന്ന വ്യക്തികളോ ആകണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.

'പ്രേമകുമാരി യെമെനില്‍ എത്തിയത് തങ്ങളുടെ ഇടപെടല്‍ കാരണം, വീണ്ടും കോടതിയെ സമീപിക്കും' ആക്ഷന്‍ കൗണ്‍സില്‍ 

ഇപ്പോള്‍ കുടുംബമാണ് ചര്‍ച്ച നടത്തേണ്ടത് എന്ന് പറയുന്ന കേന്ദ്രസര്‍ക്കാര്‍ മുന്‍പ് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിക്ക് യമന്‍ സന്ദര്‍ശിക്കാനുള്ള അനുമതി നിഷേധിച്ചതാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹി സുഭാഷ് ചന്ദ്രന്‍ കെ.ആര്‍. ചൂണ്ടിക്കാട്ടി. തുടര്‍ന്ന് തങ്ങള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണെന്ന് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ ചര്‍ച്ചകളില്‍ തങ്ങള്‍ക്കും പങ്കെടുക്കാന്‍ അവകാശം ഉണ്ടെന്നാണ് കൗണ്‍സിലിന്റെ വാദം. ഇക്കാര്യം സുപ്രീം കോടതി കേസ് പരിഗണിക്കുന്ന വേളയില്‍ വീണ്ടും ഉന്നയിക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹിയായ അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍ കെ.ആര്‍. മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 

മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികളായി അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍ കെ.ആര്‍., ട്രഷറര്‍ കുഞ്ഞമ്മദ് കൂരാച്ചുണ്ട് എന്നിവര്‍ ഉള്‍പ്പെടുന്ന സംഘത്തിനെ യെമെനിലേക്ക് അയക്കണമെന്നാണ് കൗണ്‍സില്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. ഈ സംഘത്തില്‍ മര്‍കസ് പ്രതിനിധികളായി ഡോ. ഹുസൈന്‍ സഖാഫി, ഹാമിദ് എന്നിവരെയാണ് കൗണ്‍സില്‍ നിര്‍ദേശിച്ചിരുന്നത്. ഇതിന് പുറമെ കേന്ദ്രസര്‍ക്കാര്‍ നിര്‍ദര്‍ശിക്കുന്ന രണ്ട് ഉദ്യോഗസ്ഥരും സംഘത്തില്‍ ഉണ്ടാകണെമന്ന് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സുരക്ഷാ സംബന്ധിച്ച ആശങ്കയും, ചര്‍ച്ച നടത്തേണ്ടത് കുടുംബം ആണെന്നും ഉള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ യമന്‍ സന്ദര്‍ശന അനുമതി നിഷേധിച്ചത്.

Content Highlights: nimishapriya case no permission for action counsil to visit yemen