സുപ്രീം കോടതിയിൽ ആദ്യമായി സീനിയർ സ്റ്റാൻഡിങ് കോൺസലിനെ നിയമിച്ച് കേരളം

#ബി. ബാലഗോപാല്‍/മാതൃഭൂമി ന്യൂസ്
ഇടത് മുകളില്‍ അല്‍ജോ, താഴെ ജെയിംസ് പി തോമസ്, നടുവില്‍ സുല്‍ഫിക്കര്‍ അലി, വലത് മുകളില്‍ രമേഷ് ബാബു, താഴെ മര്‍സൂഖ്‌
ഇടത് മുകളില്‍ അല്‍ജോ, താഴെ ജെയിംസ് പി തോമസ്, നടുവില്‍ സുല്‍ഫിക്കര്‍ അലി, വലത് മുകളില്‍ രമേഷ് ബാബു, താഴെ മര്‍സൂഖ്‌

ന്യൂഡൽഹി: പ്രമുഖ അഭിഭാഷകനായ എം.ആർ. രമേശ് ബാബുവിനെ സുപ്രീം കോടതിയിലെ സീനിയർ സ്റ്റാൻഡിങ് കോൺസലായി സംസ്ഥാന മന്ത്രിസഭാ യോഗം നിയമിച്ചു. ആദ്യമായിട്ടാണ് സുപ്രീം കോടതിയിൽ കേരളം ഒരു സീനിയർ സ്റ്റാൻഡിങ് കോൺസലിനെ നിയമിക്കുന്നത്. സംസ്ഥാന സർക്കാരിനുവേണ്ടി കേസുകളിൽ ഹാജരാകാൻ നാല് സ്റ്റാൻഡിങ് കോൺസൽമാരെ നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട സുപ്രധാന കേസുകളുടെ ഏകോപന ചുമതല രമേശ് ബാബുവിന് ആയിരിക്കുമെന്നാണ് സംസ്ഥാന സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. കേരളവുമായി ബന്ധപ്പെടുന്ന അന്തർസംസ്ഥാന നദീതർക്ക കേസുകളിൽ ഹാജരാകുന്നത് രമേശ് ബാബുവായിരിക്കും. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പിണറായി വിജയന്റെ വിശ്വസ്തനായിരുന്ന ജി. പ്രകാശിന് ആയിരുന്നു അന്തർസംസ്ഥാന നദീതർക്ക കേസുകളുടെ ചുമതല. എന്നാൽ, ജി. പ്രകാശിന് സീനിയർ സ്റ്റാൻഡിങ് കോൺസൽ പദവി നൽകിയിരുന്നില്ല. 

65 വയസ് കഴിഞ്ഞാൽ സ്റ്റാൻഡിങ് കോൺസൽ പദവിയിൽ നിയമിക്കാനാവില്ല. ഈ സാഹചര്യത്തിലാണ് സീനിയർ സ്റ്റാൻഡിങ് കോൺസൽ പദവിയിൽ അന്തർസംസ്ഥാന നദീതർക്ക കേസുകൾക്കായി രമേശ് ബാബുവിനെ നിയമിക്കുന്നത്. നിലവിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോൺസൽ ആണ് രമേശ് ബാബു. 2001 മുതൽ 2006 വരെയും 2011 മുതൽ 2016 വരെയും സംസ്ഥാന സർക്കാരിന്റെ സുപ്രീം കോടതിയിലെ സ്റ്റാൻഡിങ് കോൺസൽ ആയിരുന്നു രമേശ് ബാബു. ആന്ധ്ര പ്രദേശ് ഹൈക്കോടതിയുടെ സുപ്രീം കോടതിയിലെ അഭിഭാഷകൻ കൂടിയായിരുന്നു അദ്ദേഹം.

അഭിഭാഷകരായ പി.എസ്. സുൽഫിക്കർ അലി, അൽജോ കെ. ജോസഫ്, മർസൂഖ് തങ്ങൾ, ജയിംസ് പി. തോമസ് എന്നിവരെയാണ് സ്റ്റാൻഡിങ് കോൺസൽമാരായി നിയമിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയിലെ കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ആയിരുന്നു പി.എസ്. സുൽഫിക്കർ അലി. ദീർഘകാലം കെ.എസ്.യു സംസ്ഥാന കമ്മിറ്റി അംഗമായി പ്രവർത്തിച്ചു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകൻ കൂടിയാണ് അദ്ദേഹം. എഐസിസി ലീഗൽ സെല്ലിന്റെ ജോയിന്റ് സെക്രട്ടറി ആണ് അൽജോ കെ. ജോസഫ്. യൂത്ത് കോൺഗ്രസിന്റെ നിയമ വിഭാഗത്തിന്റെ അഖിലിന്ത്യ ചെയർമാനായി പ്രവർത്തിച്ചിരുന്നു. സുപ്രീം കോടതി അഡ്വക്കേറ്റ് ഓൺ റെക്കോർഡ് അസോസിയേഷന്റെ ട്രഷറർ കൂടിയാണ് അൽജോ കെ. ജോസഫ്.

സുപ്രീം കോടതിയിലെ സംസ്ഥാന സർക്കാരിന്റെ സ്റ്റാൻഡിങ് കോൺസൽ ആകുന്ന ആദ്യ മുസ്‌ലിം ലീഗുകാരനും തങ്ങൾ കുടുംബാംഗവുമായ ആളാണ് മർസൂഖ്. കോൺഗ്രസിന്റെയും കേരള കോൺഗ്രസിന്റെയും പിന്തുണയോടെ ആണ് ജെയിംസ് പി. തോമസ് സ്റ്റാൻഡിങ് കോൺസൽ ആയി നിയമിതനാകുന്നത്. 2012 മുതൽ സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്തുവരികയാണ്. മൂവാറ്റുപുഴ സ്വദേശിയാണ് ജെയിംസ് പി. തോമസ്.

Content Highlights: MR Ramesh Babu appointed as Kerala's first Senior Standing Counsel in the Supreme Court., Responsible for coordinating major state cases and interstate river water disputes., Four additional Standing Counsels appointed: PS Zulfikar Ali, Aljo K Joseph, Marsooq Thangal, and James P Thomas., New appointments follow the age limit regulations for standing counsels.