മന്‍മോഹന്‍ സിങ്ങിന് ഭാരത രത്‌ന നല്‍കണമെന്ന ആവശ്യം ശക്തം; തെലങ്കാന നിയമസഭയില്‍ പ്രമേയം

മന്‍മോഹന്‍ സിങ്
മന്‍മോഹന്‍ സിങ്

ഹൈദരാബാദ്: അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്ന നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം തെലങ്കാന നിയമസഭ പാസാക്കിയതിന് തൊട്ടുപിന്നാലെ, അദ്ദേഹത്തിന് ആദരവ് നല്‍കണമെന്ന ആവശ്യം കോണ്‍ഗ്രസിനുള്ളില്‍ ശക്തം.

തെലങ്കാന സര്‍ക്കാരിന്റെ പ്രമേയത്തെ പിന്തുണയ്ക്കുന്നതായി രാജ്യസഭയിലെ കോണ്‍ഗ്രസ് ഉപനേതാവ് പ്രമോദ് തിവാരി ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. പ്രമേയം അംഗീകരിക്കാന്‍ കേന്ദ്രത്തോട് അഭ്യര്‍ഥിക്കുന്നതായും തിവാരി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മന്‍മോഹന്‍ സിങ്ങിന് ഭാരത രത്‌ന നല്‍കണമെന്ന പ്രമേയം തെലങ്കാന നിയമസഭ പാസാക്കിയത്. പ്രമേയത്തെ പ്രധാനപ്രതിപക്ഷ പാര്‍ട്ടിയായ ബിആര്‍എസും (ഭാരത് രാഷ്ട്ര സമിതി) അനുകൂലിച്ചിരുന്നു. അദ്ദേഹത്തിന് ആദരമര്‍പ്പിക്കാന്‍ നിയമസഭാ മന്ദിരത്തില്‍ മന്‍മോഹന്‍ സിങ്ങിന്റെ 
പ്രതിമ സ്ഥാപിക്കാനുള്ള തീരുമാനത്തിലും ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചു.

എന്നാല്‍ തെലങ്കാന നിയമസഭ പ്രമേയത്തെ ബിജെപി എതിര്‍ത്തിരുന്നു. തെലുഗു മണ്ണിന്റെ മകനായ മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ പ്രതിമയാണ് സര്‍ക്കാര്‍ ആദ്യം സ്ഥാപിക്കേണ്ടതെന്ന് ബിജെപി എംഎല്‍എ ആളേരു മഹേശ്വര്‍ റെഡ്ഡി ആവശ്യപ്പെട്ടു.

സിഖ് വോട്ടുകളില്‍ കണ്ണുവെച്ചാണ് കോണ്‍ഗ്രസ് മന്‍മോഹന്‍ സിങ്ങിനോടുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുന്നതെന്നും ബിജെപി ആരോപിച്ചു.

Content Highlights: Telangana Assembly passes resolution urging Bharat Ratna for Manmohan Singh