ദേവസ്വം കേസുകൾക്ക് സ്‌പെഷ്യൽ ഗവ. പ്ലീഡർ: സുപ്രധാന കേസുകളിൽ നിർണായക നീക്കവുമായി സർക്കാർ

ന്യൂഡൽഹി: ദേവസ്വം ബോർഡുകളും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട കേസുകൾക്കായി സ്പെഷ്യൽ ഗവ. പ്ലീഡറെ നിയമിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ദേവസ്വം മന്ത്രി കെ. മുരളീധരന്റെ അഭിപ്രായം കണക്കിലെടുത്താണ് ഇത്തരമൊരു നീക്കമെന്ന് നിയമവകുപ്പുമായി ബന്ധപ്പെട്ട ഉന്നതർ വ്യക്തമാക്കി. സ്പെഷ്യൽ ഗവ. പ്ലീഡറായി കഴിഞ്ഞദിവസം സംസ്ഥാന മന്ത്രിസഭ നിയമിച്ച കെ.ബി. പ്രദീപിന് ആയിരിക്കും ദേവസ്വം കേസുകളുടെ ചുമതലയെന്നാണ് സൂചന.
രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് സംസ്ഥാന സർക്കാരിന് ഏറ്റവുമധികം പ്രതിസന്ധി ഉണ്ടായത് കേരള ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ച് പരിഗണിച്ച കേസുകളിൽ നിന്നായിരുന്നു. സീനിയർ ഗവ. പ്ലീഡറുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘമാണ് ദേവസ്വം ബെഞ്ചിന് മുമ്പാകെ സർക്കാരിനുവേണ്ടി ഹാജരായിരുന്നത്. ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട സങ്കീർണതകളുള്ള കേസുകളുടെ നടത്തിപ്പിന് കുറച്ചുകൂടി ഫലപ്രദമായ സംവിധാനം വേണമെന്ന് ദേവസ്വം വകുപ്പ് പുതുതായി ചുമതലയേറ്റ ദേവസ്വം മന്ത്രിയെ ധരിപ്പിക്കുകയായിരുന്നു. ഇത് കണക്കിലെടുത്താണ് ദേവസ്വം ബോർഡുകളും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട കേസുകൾക്കായി സ്പെഷ്യൽ ഗവ. പ്ലീഡറെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചത്.
ദേവസ്വം ബോർഡുകളും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ ദീർഘകാലമായി ബന്ധപ്പെടുന്ന അഭിഭാഷകൻ എന്ന നിലയിലാണ് കെ.ബി. പ്രദീപിന് ചുമതല നൽകാൻ ആലോചിക്കുന്നതെന്ന് സർക്കാർ വൃത്തങ്ങൾ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ശബരിമല മേൽശാന്തി കേസിലെ അമിക്കസ് ക്യുറി ആയും കൊട്ടിയൂർ ക്ഷേത്രത്തിലെ അഡ്വക്കേറ്റ് കമ്മീഷണറായി 13 വർഷവും പ്രദീപ് സേവനം അനുഷ്ടിച്ചിട്ടുണ്ടുണ്ടെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
Content Highlights: State government appoints a Special Govt Pleader for temple-related legal matters., Decision taken based on recommendations by Devaswom Minister K. Muraleedharan., K.B. Pradeep, an experienced advocate, to lead the Devaswom litigation team., Goal is to improve legal representation in the Kerala High Court Devaswom Bench.