പാക് ചതിയ്ക്ക് ഇന്ത്യ നൽകിയ തിരിച്ചടി; കാർഗിൽ യുദ്ധവിജയത്തിന് ഇന്ന് 27 വർഷം; ധീരോജ്ജ്വല ഓർമ്മകൾ

ഉയരമേറിയ, ദുർഘട ഭൂപ്രദേശങ്ങളിൽനടന്ന ലോകത്തെത്തന്നെ ആദ്യത്തെ യുദ്ധമെന്ന് വിശേഷിപ്പിക്കാവുന്ന കാർഗിൽ യുദ്ധത്തിൽ ഇന്ത്യ പാകിസ്താനെതിരേ വിജയംനേടിയതിന്റെ 27-ാം വാർഷികം ഞായറാഴ്ച.
‘ഓപ്പറേഷൻ വിജയ്’ എന്ന് ഇന്ത്യൻ സൈന്യം പേരിട്ട ഈ യുദ്ധത്തിൽ, പാക് സൈന്യം ചതിയിലൂടെ പിടിച്ചെടുത്ത തന്ത്രപ്രധാന കൊടുമുടികൾ ഒന്നൊന്നായി തിരിച്ചുപിടിച്ചതിന്റെ ധീരോജ്ജ്വല ഓർമ്മകൾ. അത് ശ്രീനഗർ-ലേ ദേശീയപാതയോരത്തെ കാർഗിൽ, ദ്രാസ് മലയോരഗ്രാമങ്ങളും പ്രദേശങ്ങളും കൊണ്ടാടുകയാണ്.
യുദ്ധത്തിൽ വീരമൃത്യുവരിച്ച സൈനികർക്കായി ദ്രാസിലെ യുദ്ധസ്മാരകത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഞായറാഴ്ച രാവിലെ പുഷ്പചക്രം അർപ്പിക്കും. തുടർന്ന് സൈന്യത്തെ അഭിവാദ്യംചെയ്ത് സംസാരിക്കും.
മഴയെത്തുടർന്ന് ലഡാക്ക് മലനിരകളിൽ വീശിയ ശീതക്കാറ്റിനാൽ തണുത്തുറഞ്ഞ പ്രഭാതത്തിലാണ് ശനിയാഴ്ച കാർഗിലും പരിസരവും ഉണർന്നത്. സമുദ്രനിരപ്പിൽനിന്ന് 11,500 അടി ഉയരത്തിലുള്ള ലമോച്ചൻ കുന്നിൽ സൈന്യമൊരുക്കിയ പ്രത്യേക സ്മരണപുതുക്കൽ ചടങ്ങിനായി ശനിയാഴ്ച, ധീരരക്തസാക്ഷിത്വംവരിച്ച സൈനികരുടെ കുടുംബാംഗങ്ങളും ഒത്തുചേർന്നു. വിശിഷ്ടാതിഥിയായെത്തിയ ജനറൽ ഓഫീസർ കമാൻഡിങ് മേജർ ജനറൽ അമിത് പ്രകാശ് സിങ് കുടുംബാംഗങ്ങളെ ആദരിച്ചു. ഓപ്പറേഷൻ വിജയ് സൈനികരെക്കുറിച്ചും കാർഗിൽ യുദ്ധവിജയത്തെപ്പറ്റിയും വിവരിക്കുന്ന ഹ്രസ്വചിത്രം പ്രദർശിപ്പിച്ചപ്പോൾ ഇവരിൽ പലരും ഓർമ്മകളാൽ വിങ്ങിപ്പൊട്ടി.
ലമോച്ചൻ മലനിരകളിൽനിന്ന് നോക്കിയാൽ ഉയരെ ടൈഗർഹിൽസും ഇപ്പോഴും പാകിസ്താൻ കൈയടക്കിെവച്ചിരിക്കുന്ന 5353 മീറ്റർ പോയിന്റ് മാർപോലാ കുന്നും കാണാം. ചുറ്റിലുമുള്ള ടൊളോളിൻ കുന്നും ബത്ര പോയിന്റ്, ഗൺ പോയിന്റ് കുന്നുകളുമടക്കം തന്ത്രപ്രധാന കേന്ദ്രങ്ങൾ ഓരോന്നായി പാകിസ്താനിൽനിന്ന് തിരിച്ചുപിടിച്ചാണ് ദുർഘടസാഹചര്യങ്ങളെ അതിജീവിച്ച് ഇന്ത്യൻ സൈന്യം വീരഗാഥ രചിച്ചത്. ശൈത്യകാലത്ത് മൈനസ് 50 ഡിഗ്രിവരെ താപനില താഴുന്ന ഇവിടങ്ങളിൽ ഉയരമുള്ള മഞ്ഞുമലകൾ പ്രത്യക്ഷപ്പെടും. പ്രതികൂലാവസ്ഥ കണക്കിലെടുത്ത് ഇന്ത്യ-പാകിസ്താൻ പരസ്പരധാരണപ്രകാരം ശൈത്യകാലങ്ങളിൽ താഴ്‌ഭാഗത്തേക്ക് സൈനികരെ മാറ്റാറുണ്ട്. ഇത് അവസരമായെടുത്താണ് 1999-ൽ പാക് സൈന്യം നുഴഞ്ഞുകയറ്റക്കാരെ വിട്ടും പിന്നീട് സൈനികരെത്തന്നെ അയച്ചും അതിർത്തി നിയന്ത്രണരേഖയോട് ചേർന്നുള്ള ഈ തന്ത്രപ്രധാന കുന്നുകൾ കൈയടക്കിയത്. പ്രദേശങ്ങളിലെത്താറുള്ള ആട്ടിടയൻമാരാണ് 99-ലെ വേനൽക്കാലത്ത് ഇത് കണ്ടെത്തി വിവരം സൈന്യത്തെ ധരിപ്പിച്ചത്. ഇത് തിരിച്ചുപിടിക്കാനായി ഇന്ത്യൻ സൈന്യം നടത്തിയ രണ്ടുമാസംനീണ്ട പോരാട്ടമാണ് കാർഗിൽ യുദ്ധം. വ്യോമ-നാവിക സേനകളുടെകൂടി കരുനീക്കങ്ങളിലൂടെ ഇന്ത്യൻ സൈന്യം മുന്നേറിയപ്പോൾ പാകിസ്താൻ തോൽവി സമ്മതിച്ചു. ഈ യുദ്ധത്തിൽ ഇന്ത്യക്കായി ജീവൻ ബലിയർപ്പിച്ച 527 സൈനികരുടെ ഓർമ്മപുതുക്കൽ ദിനമാണ് ഞായറാഴ്ച.
Content Highlights: Marks the 27th anniversary of the historic Kargil War victory., Defense Minister Rajnath Singh leads tributes at the Drass War Memorial., Honoring the 527 soldiers who made the supreme sacrifice in 1999., Reflecting on the strategic recapture of Tiger Hill and Tololing., Remembering the bravery of the Indian Armed Forces in extreme high-altitude terrain.