ജാമിയ മില്ലിയയിൽ സമരം ശക്തം; ഹോസ്റ്റൽ വൈദ്യുതി വിച്ഛേദിച്ച് സർവകലാശാല, റൂമുകൾ ഒഴിയാൻ നിർദേശം

#ന്യൂസ് ഡെസ്‌ക്
ന്യൂഡൽഹിയിൽ ജാമിയ മില്ലിയ ഇസ്‌ലാമിയയിലെ നിയമ വിഭാഗം വിദ്യാർത്ഥികൾ വ്യാഴാഴ്ച നടത്തിയ 'ബ്ലാക്ക് കോട്ട്' മാർച്ച് |PTI Photo
ന്യൂഡൽഹിയിൽ ജാമിയ മില്ലിയ ഇസ്‌ലാമിയയിലെ നിയമ വിഭാഗം വിദ്യാർത്ഥികൾ വ്യാഴാഴ്ച നടത്തിയ 'ബ്ലാക്ക് കോട്ട്' മാർച്ച് |PTI Photo

ന്യൂഡൽഹി: ജാമിയ മില്ലിയ ഇസ്ലാമിയ സർവ്വകലാശാലയിൽ വിദ്യാർത്ഥി സമരം കൂടുതൽ ശക്തമാകുന്നു. സമരം ചെയ്യുന്ന വിദ്യാർത്ഥികളെ ക്യാമ്പസിൽനിന്ന് ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി കടുത്ത നടപടികളുമായി സർവ്വകലാശാല അധികൃതർ രംഗത്തെത്തി. ജാമിയ മില്ലിയയിൽ അഞ്ച് വിദ്യാർത്ഥികൾ നടത്തുന്ന നിരാഹാര സമരം 17 ദിവസം പിന്നിട്ടു. ഇന്നലെ ഉൾപ്പെടെ രണ്ടുതവണ സമരപ്പന്തൽ പൊളിച്ചുനീക്കി വിദ്യാർത്ഥികളെ ഒഴിപ്പിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായെങ്കിലും വിദ്യാർത്ഥികൾ വിട്ടുകൊടുക്കാതെ സമരം തുടർന്നു.

വിദ്യാർത്ഥികളെ ഹോസ്റ്റലിൽനിന്ന് ഒഴിപ്പിക്കുന്നതിനായി ഹോസ്റ്റലുകളിലേക്കുള്ള വൈദ്യുതി ബന്ധം അധികൃതർ വിച്ഛേദിച്ചു. വൈഫൈ, ഭക്ഷണ വിതരണം എന്നിവ ഉടൻ നിർത്തലാക്കുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഒരാഴ്ചയ്ക്കകം ഹോസ്റ്റൽ മുറികൾ ഒഴിഞ്ഞു പോകണമെന്ന് വാർഡന്മാർ വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സർവ്വകലാശാലയിൽ ഓഫ്‌ലൈൻ ക്ലാസുകൾ ഉണ്ടാകില്ലെന്നും പഠനം പൂർണ്ണമായി ഓൺലൈൻ മാതൃകയിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു. ക്യാമ്പസിനകത്തേക്ക് വിദ്യാർത്ഥികൾ എത്തുന്നത് തടഞ്ഞ് സമരം പൊളിക്കാനാണ് സർവ്വകലാശാല അഡ്മിനിസ്‌ട്രേഷൻ ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ കേൾക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നും ക്യാമ്പസിൽനിന്ന് വിദ്യാർത്ഥികളുടെ എണ്ണം കുറച്ച് സമരം ബലം പ്രയോഗിച്ച് അവസാനിപ്പിക്കാനാണ് അധികൃതർ ശ്രമിക്കുന്നതെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി.

Content Highlights: Jamia Millia students continue their protest as authorities take strict measures to evict them from the campus, including cutting off electricity and Wi-Fi.