ജഗന്‍ മോഹന്റേയും ഡാല്‍മിയ സിമന്റ്‌സിന്റേയും 800 കോടിയോളം രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി. പിടിച്ചെടുത്തു

#മാതൃഭൂമി ന്യൂസ്
ജഗന്‍ മോഹന്‍ റെഡ്ഡി | Photo: PTI
ജഗന്‍ മോഹന്‍ റെഡ്ഡി | Photo: PTI

ഭോപാല്‍: ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടേയും ഡാല്‍മിയ സിമന്റ്‌സ് ഭാരത് ലിമിറ്റഡിന്റെയും എണ്ണൂറ് കോടിയോളം രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴേസ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) പിടിച്ചെടുത്തു. ഡാല്‍മിയ സിമന്റ്‌സിന്റെ 793 കോടി രൂപ വിലവരുന്ന ഭൂമിയും മൂന്ന് കമ്പനികളിലായി ജഗന്‍മോഹന്‍ റെഡ്ഡിയ്ക്കുണ്ടായിരുന്ന ഇരുപത്തിയേഴര കോടി രൂപ മൂല്യമുള്ള ഓഹരികളുമാണ് ഇ.ഡി. കണ്ടുകെട്ടിയത്. 

കാര്‍മല്‍ ഏഷ്യ ഹോള്‍ഡിങ് ലിമിറ്റഡ്, സരസ്വതി പവര്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ പ്രൈവറ്റ് ലിമിറ്റഡ്, ഹര്‍ഷ ഫൈന്‍ എന്നീ കമ്പനികളുടെ ഓഹരികളാണ് കണ്ടുകെട്ടിയത്. ഇതോടൊപ്പം തന്നെ ഡാല്‍മിയ സിമന്റ്‌സിന്റെ 377.2 കോടി രൂപയുടെ വസ്തുവും കണ്ടുകെട്ടിയിട്ടുണ്ട്. വൈഎസ്ആര്‍ സര്‍ക്കാരിന്റെ കാലത്ത് നടന്ന ഒരിടപാടിനെ സംബന്ധിച്ച് 2011 ല്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത ഒരു കേസിലാണ് പതിനാല് വര്‍ഷത്തിനുശേഷം നടപടി ഉണ്ടായിരിക്കുന്നത്. 

ജഗന്‍ മോഹന്‍ ആവശ്യപ്പെട്ടതനുസരിച്ച് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള  രഘുറാം സിമന്റ്‌സ് ലിമിറ്റഡില്‍ ഡാല്‍മിയ സിമന്റ് 95 കോടി രൂപ നിക്ഷേപിച്ചിരുന്നു. ഇതിന് പ്രത്യുപകാരമായി കടപ്പ ജില്ലയില്‍ 407 ഏക്കറിലെ ഖനനാനുമതി ഡാല്‍മിയ സിമന്റ്‌സിന് നല്‍കിയിരുന്നു. ഇതുകൂടാതെ അനധികൃത സ്വത്ത് സമ്പാദനവുമായും ബന്ധപ്പെട്ടാണ് സിബിഐയുടെ കേസ്. 

Content Highlights: Enforcement Directorate (ED) seized ₹800 crore assets from Jagan Mohan Reddy, Dalmia Cements