ആധുനിക പീരങ്കി മുതല്‍ ഹൈപ്പര്‍ സോണിക് മിസൈല്‍ വരെ, DRDO യുടെ പുതിയ ആയുധങ്ങള്‍ വരുന്നു

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന നിരവധി ആയുധങ്ങളാണ് വരും വർഷങ്ങളിൽ യാഥാർഥ്യമാകാൻ പോകുന്നത്. രണ്ട് വ്യത്യസ്ത തരത്തിലുള്ള ഹൈപ്പർസോണിക് മിസൈലുകൾമുതൽ അഞ്ചാം തലമുറ യുദ്ധവിമാനം വരെയുള്ള പദ്ധതികളേക്കുറിച്ച് വിശദീകരിച്ചിരിക്കുകയാണ് ഡിആർഡിഒ മേധാവി ഡോ. സമിർ വി കാമത്ത്. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് കാമത്ത് നിലവിലെ പദ്ധതികളും ഭാവി പദ്ധതികളുമെന്തൊക്കെയെന്ന് വിശദീകരിച്ചത്. കരയിലും കടലിലും ആകാശത്തും ഇന്ത്യയുടെ ആക്രമണ- പ്രത്യാക്രമണ ശേഷി വർധിപ്പിക്കുന്ന ആയുധപദ്ധതികളെന്തൊക്കെയെന്ന് നോക്കാം.
ബ്രഹ്മോസ് നെക്സ്റ്റ് ജനറേഷൻ
ഇന്ത്യ- റഷ്യ സംയുക്ത സംരംഭമായി വികസിപ്പിച്ച ആയുധമാണ് ബ്രഹ്മോസ്. നിലവിൽ കര, നാവിക, വ്യോമ സേനകൾ ഈ മിസൈലിന്റെ വിവിധ വകഭേദങ്ങൾ ഉപയോഗിക്കുന്നുണ്ട്. യുദ്ധവിമാനങ്ങളിൽ നിന്ന് പ്രയോഗിക്കാവുന്ന ബ്രഹ്മോസ് മിസൈൽ വരെ ഇന്ത്യ വികസിപ്പിച്ചിട്ടുണ്ട്. നിലവിൽ റഷ്യൻ നിർമിത എസ്.യു-30എംകെഐ യുദ്ധവിമാനങ്ങൾക്ക് മാത്രമേ ബ്രഹ്മോസിനെ വഹിക്കാനുള്ള ശേഷിയുള്ളു. ഇന്ത്യൻ വ്യോമസേനയുടെ മറ്റ് യുദ്ധവിമാനങ്ങളിലും ഉപയോഗിക്കാനാകുന്ന തരത്തിലുള്ള ബ്രഹ്മോസിന്റെ പുതിയ പതിപ്പിനുള്ള ഗവേഷണത്തിലാണ് ഡിആർഡിഒ. ബ്രഹ്മോസ്-എൻ.ജി. എന്നാണ് പുതിയ പതിപ്പിന് പേര് നൽകിയിരിക്കുന്നത്. ഭാരം കുറഞ്ഞതും ചെറുതുമാണ് ബ്രഹ്മോസ്-എൻ.ജി. ഇന്ത്യൻ വ്യോമസേനയ്ക്ക് കൂടുതൽ കരുത്ത് പകരുന്നതായിരിക്കും ബ്രഹ്മോസ് നെക്സ്റ്റ് ജനറേഷൻ എന്നും കാമത്ത് വ്യക്തമാക്കി.
ഹൈപ്പർസോണിക് മിസൈലുകൾ
ഒരു ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെയും ഒരു ഹൈപ്പർസോണിക് ഗ്ലൈഡ് വെഹിക്കിളിന്റെയും നിർമ്മാണ പ്രവർത്തികളും പുരോഗമിക്കുകയാണ്. ഗ്ലൈഡ് വെഹിക്കിൾ പദ്ധതിയുടെ പരീക്ഷണം രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ പൂർത്തീകരിക്കാൻ സാധിക്കുമെന്നും തുടർന്ന് സൈന്യത്തിന്റെ ഭാഗമാക്കുമെന്നും ഡോ. കാമത്ത് പറഞ്ഞു.
ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിനായുള്ള സ്ക്രാംജെറ്റ് പ്രൊപ്പൽഷൻ (1,000 സെക്കൻഡ് നേരത്തേക്ക്) വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. പൂർണ്ണ തോതിലുള്ള പരീക്ഷണത്തിന് സർക്കാർ അനുമതി കാത്തിരിക്കുകയാണെന്നും അനുമതി ലഭിച്ചുകഴിഞ്ഞാൽ അഞ്ചോ ഏഴോ വർഷത്തിനുള്ളിൽ ഇതും സൈന്യത്തിന്റെ ഭാഗമാക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എയർ ടു എയർ മിസൈൽ നവീകരണം
വായുവിൽ നിന്നും വായുവിലേക്ക് തൊടുക്കാവുന്ന അസ്ത്ര (Astra) മിസൈലിന്റെ പുതിയ വകഭേദങ്ങളിലൂടെ ഡിആർഡിഒ, മിസൈൽ ശേഷി ആധുനികവൽക്കരിക്കുന്നതിന്റെ പാതയിലാണെന്നും ഡോ കാമത്ത് പറഞ്ഞു. അസ്ത്ര മാക്ക്-1 (Mk-1) സൈന്യത്തിന്റെ ഭാഗമായി കഴിഞ്ഞു. കൂടുതൽ ദൂരപരിധി കൈവരിക്കാൻ സാധിക്കുന്ന മാക്ക്-2 (Mk-2), മാക്ക്-3 (Mk-3) എന്നിവ വികസിപ്പിച്ചുക്കൊണ്ടിരിക്കുകയാണ്.യുദ്ധവിമാങ്ങളിൽ നിന്ന് ഭൗമോപരിതലത്തിലേക്ക് വിക്ഷേപിക്കുന്ന രുദ്രം (Rudram) മിസൈൽ ശ്രേണിയും വികസിപ്പിക്കുന്നതിനായുള്ള പ്രവർത്തനങ്ങളും ഡിആർഡിഒ നടത്തിവരുന്നു. രുദ്രം-2 (Rudram-2), രുദ്രം-3 (Rudram-3), രുദ്രം-4 (Rudram-4) എന്നിവ വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
സുദർശൻ ചക്ര; സർഫേസ്-ടു-എയർ മിസൈലുകൾ
'കുശ' പദ്ധതിക്ക് കീഴിൽ, റഷ്യയുടെ എസ്-400 ന് തുല്യമായ ദീർഘദൂര സർഫേസ്-ടു-എയർ മിസൈലുകൾ ഇന്ത്യ വികസിപ്പിക്കുകയാണ്. 'സുദർശൻ ചക്ര' എന്ന് അറിയപ്പെടുന്ന ഈ പദ്ധതിക്ക് സമാന്തരമായി ഡ്രോണുകളെയും മറ്റ് വ്യോമ ഭീഷണികളെയും നിർവീര്യമാക്കാൻ ശേഷിയുള്ള ലേസറുകളും മൈക്രോവേവ് തരംഗങ്ങങ്ങളും ഉപയോഗിച്ചുള്ള ഡയറക്ട് എനർജി വെപ്പൺസും ഡിആർഡിഒ വികസിപ്പിക്കുന്നുണ്ട്.
അഡ്വാൻസ്ഡ് ടോവ്ഡ് ആർട്ടിലറി ഗൺ സിസ്റ്റം
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അഡ്വാൻസ്ഡ് ടോവ്ഡ് ആർട്ടിലറി ഗൺ സിസ്റ്റം (ATAGS) ഒരു മൊബൈൽ പതിപ്പിലേക്ക് മാറ്റുകയാണ്. കഴിഞ്ഞ വർഷം 814 ട്രക്ക് ഘടിപ്പിച്ച 155എംഎം കാലിബർ ടോവ്ഡ് ഗൺ സംവിധാനങ്ങൾക്കുള്ള ഒരു നിർദ്ദേശത്തിന് സർക്കാർ അംഗീകാരം നൽകിയിരുന്നു. ഏകദേശം 15,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പുറമെ, ടാറ്റ, എൽ&ടി, ഭാരത് ഫോർജ്, മഹീന്ദ്ര ഡിഫൻസ് തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങളെയും പങ്കാളിത്തത്തിനായി സമീപിച്ചിട്ടുണ്ട്.
ഇന്ത്യ-ചൈന അതിർത്തിയിലെ ഉയർന്ന പ്രദേശങ്ങളിൽ വിന്യസിക്കുന്നതിനായി എൽ&ടിയുമായി സഹകരിച്ച് നിർമ്മിച്ച 25 ടൺ ഭാരമുള്ള ലൈറ്റ് ടാങ്ക് പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങളും ഡോ. കാമത്ത് പങ്കുവെച്ചു. സരോവർ എന്ന് പേരിട്ടിരിക്കുന്ന ഈ ടാങ്ക് ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാക്കുമെന്നാണ് പ്രതീക്ഷ.
അന്തർവാഹിനി യുദ്ധ സാങ്കേതികവിദ്യകൾ
ഇന്ത്യൻ നാവികസേനയ്ക്കായി ടോർപ്പിഡോകൾ, നാവിക മൈനുകൾ, മറ്റ് അന്തർവാഹിനി യുദ്ധ സാങ്കേതികവിദ്യകൾ എന്നിവ ഡിആർഡിഒ വികസിപ്പിക്കുന്നു. ഈ സംവിധാനങ്ങളിൽ പലതും ഉടൻ സേനയുടെ ഭാഗമാകും.
അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ്
2024-ൽ ഔദ്യോഗിക അനുമതി ലഭിച്ച അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് (AMCA) ചൈന പാകിസ്താന് നൽകിയേക്കുമെന്ന് റിപ്പോർട്ടുകളുള്ള 40 ജെ-35 സ്റ്റെൽത്ത് വിമാനങ്ങൾക്കുള്ള ഇന്ത്യയുടെ മറുപടി ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്ത വർഷത്തോടെ ചൈനയിൽ നിന്ന് പാകിസ്താന് 40 ജെ-35 സ്റ്റെൽത്ത് വിമാനങ്ങൾ ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. 2035-ഓടെ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് പൂർത്തിയാകുമെന്ന് മുമ്പ് ഒരു അഭിമുഖത്തിൽ ഡോ. കാമത്ത് പറഞ്ഞിരുന്നു. ഇന്ത്യൻ വ്യോമസേന 20 വിമാനങ്ങൾ വാങ്ങുമെന്ന് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
Content Highlights: India's Next-Generation Defense Systems: DRDO Unveils Ambitious Weaponry Plans