ജ്യോതി പോയത് ഡൽഹിയിലേക്കെന്നുപറഞ്ഞ്; പാക് ഹൈക്കമ്മീഷനിലേക്ക് കേക്കുമായി പോയ ജീവനക്കാരനുമായും ബന്ധം?

ന്യൂഡല്‍ഹി: മകള്‍ പാകിസ്താനിലേക്ക് പോയതിനെ കുറിച്ചോ യൂട്യൂബ് ചാനലിനെക്കുറിച്ചോ ഒന്നുമറിയില്ലെന്ന് പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയ കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയുടെ പിതാവ്. ഡല്‍ഹിക്കു പോകുന്നുവെന്ന് പറഞ്ഞാണ് ജ്യോതി വീട്ടില്‍നിന്ന് പോയതെന്നും മകളുടെ മറ്റ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെക്കുറിച്ച് അറിയില്ലെന്നും പിതാവ് ഹരിഷ് മല്‍ഹോത്ര പ്രതികരിച്ചു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്താന്‍ ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനുമായി ജ്യോതി ബന്ധപ്പെട്ടിരുന്നുവെന്ന് പോലീസ് വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷം ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷന്‍ ഓഫീസിലേക്ക് കേക്കുമായി പോയ ഉദ്യോഗസ്ഥനുമൊത്തുള്ള ജ്യോതിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. ഈ വര്‍ഷം ഏപ്രിലില്‍ പോസ്റ്റ് ചെയ്ത ജ്യോതിയുടെ ഒരു വീഡിയോയിലാണ് പാക് ഹൈക്കമ്മീഷനിലെ ഈ ജീവനക്കാരന്‍ പ്രത്യക്ഷപ്പെടുന്നത്. ഇരുവരും തമ്മില്‍ ബന്ധമുണ്ടെന്നാണ് പലരും ആരോപിക്കുന്നത്.
ചോദ്യം ചെയ്യലിനിടെ ജ്യോതി നല്‍കിയ മൊഴികളുടെ വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഇവര്‍ക്കെതിരേ സമര്‍പ്പിച്ച എഫ്‌ഐആറിലാണ് ഈ വിവരങ്ങളുള്ളത്. സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ പാകിസ്താന്റെ പോസിറ്റീവ് ഇമേജ് പ്രചരിപ്പിക്കാന്‍ പാകിസ്താനി ഹാന്‍ഡ്ലര്‍മാര്‍ തന്നോട് ആവശ്യപ്പെട്ടതായി ജ്യോതിയുടെ മൊഴിയിലുണ്ട്. 2023-ല്‍ പാകിസ്താന്‍ സന്ദര്‍ശിച്ച ഒരു സംഘത്തിലെ അംഗമായിരുന്നു താനെന്ന് ചോദ്യംചെയ്യലില്‍ ഇവര്‍ സമ്മതിച്ചിട്ടുണ്ട്. ഈ സന്ദര്‍ശന വേളയില്‍ ജ്യോതി, ഡാനിഷ് എന്നറിയപ്പെടുന്ന അഹ്സാനുർ റഹീം എന്ന വ്യക്തിയെ കണ്ടുമുട്ടിയതായി എഫ്ഐആറില്‍ പറയുന്നു. ഇന്ത്യയില്‍ തിരിച്ചെത്തിയശേഷം വാട്ട്സ്ആപ്പ് വഴിയും മറ്റ് മെസേജിങ് ആപ്പുകള്‍ വഴിയും ജ്യോതി ഇയാളുമായി ബന്ധം പുലര്‍ത്തിയിരുന്നു.
പിന്നീട്, അഹ്സാന്റെ ഉപദേശപ്രകാരം, പാകിസ്താനിലേക്കുള്ള മറ്റൊരു സന്ദര്‍ശനവേളയില്‍, അലി അഹ്സന്‍ എന്നയാളെ കണ്ടുമുട്ടി. ഇയാളാണ് പാകിസ്താന്‍ ഇന്റലിജന്‍സിനും സുരക്ഷാ സേവനങ്ങളുമായി ബന്ധപ്പെട്ട അംഗങ്ങള്‍ക്കും ജ്യോതിയെ പരിചയപ്പെടുത്തിയത്. ഈ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ജ്യോതി, പാകിസ്താനുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് രാജ്യത്തിന്റെ തന്ത്രപ്രധാനമായ വിവരങ്ങള്‍ നല്‍കാന്‍ തുടങ്ങിയതെന്നും പോലീസ് പറയുന്നു. ആരും തിരിച്ചറിയാതിരിക്കാന്‍ വ്യാജ പേരുകളിലാണ് ഇവരുടെ കോണ്‍ടാക്റ്റുകള്‍ ഫോണില്‍ സൂക്ഷിച്ചിരുന്നത്.
പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് കഴിഞ്ഞയാഴ്ചയാണ് ഹരിയാന സ്വദേശിയായ ജ്യോതി മല്‍ഹോത്ര അറസ്റ്റിലായത്. ഇവര്‍ അടക്കം 12 പേരെ അറസ്റ്റ് ചെയ്തിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിനു മുന്‍പ് ജ്യോതി കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചതായി ഹരിയാന പൊലീസ് സ്ഥിരീകരിച്ചിരുന്നു. പാകിസ്താന്‍ യാത്രയ്ക്കിടെ ജ്യോതി പാക്ക് രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നതരെ കണ്ടിരുന്നെന്നും പൊലീസ് പറഞ്ഞു.
33-കാരിയായ ജ്യോതി ഹരിയാനയിലെ ഹിസാര്‍ സ്വദേശിനിയാണ്. ജ്യോതിയുടെ 'ട്രാവല്‍ വിത്ത് ജെഒ' എന്ന യൂട്യൂബ് ചാനലിന് ഏകദേശം നാല് ലക്ഷത്തോളം സബ്സ്‌ക്രൈബേഴ്‌സ് ഉണ്ട്. 450-ലധികം വീഡിയോകള്‍ ജ്യോതി തന്റെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിരുന്നു. ഇതില്‍ ചിലത് പാകിസ്താന്‍ സന്ദര്‍ശനം സംബന്ധിച്ചവയായിരുന്നു.
Content Highlights: Jyoti Malhotra, a YouTuber with 400K+ subscribers, arrested for sharing India`s strategic informatio