ബീഡിൽ ഗർഭാശയം നീക്കംചെയ്തത് 200-ലേറെ സ്ത്രീകൾ; കരിമ്പിന്‍തോട്ടങ്ങളിലെ ജോലി മുടങ്ങാതിരിക്കാൻ കടുംകൈ

പ്രതീകാത്മക ചിത്രം | ഫോട്ടോ: MetaAI
പ്രതീകാത്മക ചിത്രം | ഫോട്ടോ: MetaAI

മുംബൈ: ജോലി നഷ്ടമാകാതിരിക്കാൻ സ്ത്രീകൾക്ക് നിർബന്ധിതമായി ഗർഭാശയം നീക്കംചെയ്യേണ്ടിവരുന്നതായുള്ള റിപ്പോർട്ട് ശരിവെച്ച് കേന്ദ്രസർക്കാർ. കരിമ്പിന്‍തോട്ടങ്ങളിലെ ജോലിമുടങ്ങാതിരിക്കാൻ മഹാരാഷ്ട്രയിലെ ബീഡിൽ 2022-25 കാലയളവില്‍ 200-ലധികം സ്ത്രീകള്‍ ഗര്‍ഭപാത്രം നീക്കംചെയ്യാന്‍ പ്രേരിപ്പിക്കപ്പെടുന്നുവെന്നാണ് കേന്ദ്രസര്‍ക്കാര്‍ വെളിപ്പെടുത്തിയത്.

മെഡിക്കല്‍ ആവശ്യകതകള്‍ കണക്കിലെടുത്താണ് ഈ ശസ്ത്രക്രിയകള്‍ നടത്തിയതെന്നും കര്‍ശനമായ മേല്‍നോട്ടത്തിലാണ് ഇവ നടത്തിയതെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. ബുധനാഴ്ച രാജ്യസഭയില്‍ ഒരു ചോദ്യത്തിന് മറുപടി നല്‍കവേയാണ് സര്‍ക്കാര്‍ ഈ കണക്ക് പുറത്തുവിട്ടത്. ബീഡില്‍ കരിമ്പിന്‍തോട്ടത്തില്‍ ജോലിചെയ്യുന്ന സ്ത്രീകള്‍ ഗര്‍ഭാശയം നീക്കംചെയ്യുന്നതായി മാധ്യമ, ഗവേഷണ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ടെന്ന് വനിതാ-ശിശു വികസന സഹമന്ത്രി സാവിത്രി ഠാക്കൂര്‍ സമ്മതിച്ചു.

ജോലിക്കിടെ ആര്‍ത്തവവുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ നേരിടാനാണ് സ്ത്രീകള്‍ ഇത്തരം ശസ്ത്രക്രിയകള്‍ക്ക് വിധേയരാകുന്നതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ആരോഗ്യം സംസ്ഥാനവിഷയമാണെന്ന് വ്യക്തമാക്കിയ മന്ത്രി, ജില്ലാ സിവില്‍ സര്‍ജന്റെയും അതത് പ്രദേശത്തെ മെഡിക്കല്‍ സൂപ്രണ്ടിന്റെയും മുന്‍കൂര്‍ അനുമതിക്കുശേഷം മാത്രമേ ഗര്‍ഭാശയ ശസ്ത്രക്രിയ നടപടിക്രമങ്ങള്‍ നടത്താവൂ എന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നുവെന്നും പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് ഠാക്കൂര്‍ പറഞ്ഞു.

ബീഡിൽനിന്ന് കരിമ്പ് വിളവെടുപ്പ് ജോലിക്കായി പോകുന്ന 843 സ്ത്രീകള്‍ക്ക് ഗര്‍ഭാശയം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതായി ജൂണിൽ പഠന റിപ്പോർട്ട് പുറത്തുവന്നിരുന്നു. 477 സ്ത്രീകള്‍ 30 നും 35 നും ഇടയില്‍ പ്രായമുള്ളവരാണെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഈ ശസ്ത്രക്രിയകളിൽ വലിയൊരു ശതമാനം സ്വകാര്യ ക്ലിനിക്കുകളിലാണ് നടത്തപ്പെടുന്നത്. ഇത് സ്ത്രീകളുടെ പൂർണമായ അറിവോടെയും സമ്മതത്തോടെയും ആണോ എന്നത് വ്യക്തമല്ല. ഈ ശസ്ത്രക്രിയ ഉണ്ടാക്കുന്ന ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ സംബന്ധിച്ചും ആശങ്കകളുയർന്നിരുന്നു.

പ്രതിവർഷം 1.75 ലക്ഷം തൊഴിലാളികളാണ് ബീഡിൽനിന്ന് കരിമ്പ് കൃഷിയുമായി ബന്ധപ്പെട്ട ജോലികൾക്കായി വിവിധ സംസ്ഥാനങ്ങളിലേയ്ക്ക് പോകുന്നത്. കഠിനമായ കാലാവസ്ഥയിൽ മണിക്കൂറുകൾ നീളുന്ന ശാരീരികാധ്വാനം ആവശ്യമുള്ള ഈ ജോലി സ്ത്രീകൾക്ക് വലിയ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇതിനു പുറമേയാണ് ഗർഭാശയം നീക്കംചെയ്യുന്നതുമൂലമുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കൂടി സ്ത്രീ തൊഴിലാളികൾക്ക് നേരിടേണ്ടിവരുന്നത്.

Content Highlights: Over 200 women in Beed, Maharashtra underwent hysterectomies to avoid losing work in sugarcane field