യുദ്ധവിമാനത്തില്‍ നിന്ന് തൊടുത്ത മിസൈല്‍ കപ്പലിനെ തകര്‍ത്തു: ബ്രഹ്മോസ് പരീക്ഷണം വിജയം

ന്യൂഡല്‍ഹി: സുഖോയ് യുദ്ധ വിമാനത്തില്‍ നിന്ന് ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ പരീക്ഷിച്ച് ഇന്ത്യ. ബംഗാള്‍ ഉള്‍ക്കടലില്‍ വച്ച് വെള്ളിയാഴ്ചയാണ് സുഖോയ് വിമാനത്തില്‍ നിന്ന് ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചത്. വളരെ കൃത്യതയോടെ മുങ്ങുന്ന കപ്പലിനെ മിസൈല്‍ തകര്‍ത്തതായി വ്യോമസേന അധികൃതര്‍ അറിയിച്ചു.
പഞ്ചാബിലെ വ്യോമത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന സുഖോയ് വിമാനം വായുവില്‍ ഇന്ധനം നിറച്ച ശേഷമാണ് പരീക്ഷണത്തിലേക്ക് കടന്നത്. കിഴക്കന്‍ ലഡാക്കില്‍ ചൈനയുമായി അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നതിനിടയിലാണ് ഇന്ത്യ മിസൈല്‍ പരീക്ഷണം നടത്തിയിരിക്കുന്നത്.
സുഖോയ്-30 വിമാനം മൂന്ന് മണിക്കൂറിലധികം സഞ്ചരിച്ചതിന് ശേഷമാണ് മിസൈല്‍ പ്രയോഗിച്ചതെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ വ്യോമസേന ആദ്യമായി സുഖോയ് -30 എംകെഐ യുദ്ധവിമാനത്തില്‍ നിന്ന് ബ്രഹ്‌മോസ് മിസൈലിന്റെ വ്യോമപരീക്ഷണം വിജയകരമായി പരീക്ഷിച്ചിരുന്നു.
കടലിലെയോ കരയിലെയോ ഏതെങ്കിലും ലക്ഷ്യസ്ഥാനത്ത് പകലും രാത്രിയിലും എല്ലാ കാലാവസ്ഥയിലും വളരെ കൃത്യതയോടെ ആക്രമിക്കാന്‍ ബ്രഹ്‌മോസ് മിസൈലുകള്‍ക്കാകും. 40 ഓളം സുഖോയ് യുദ്ധവിമാനങ്ങളിലാണ് വ്യോമസേന ബ്രഹ്‌മോസ് മിസൈലുകള്‍ ഘടിപ്പിക്കുന്നത്.
Content Highlights: India Test-fires BrahMos Supersonic Cruise Missile from Sukhoi Fighter Jet,
Content Highlights: