‘ഞങ്ങളുടെ വ്യാപാര, സാമ്പത്തിക താത്പര്യങ്ങൾ സംരക്ഷിക്കും’; യുഎസ് താരിഫ് ഭീഷണിയിൽ പ്രതികരിച്ച് ഇന്ത്യ

ന്യൂഡൽഹി: റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് തീരുവ ചുമത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് യുഎസ് ജനപ്രതിനിധി സഭ അനുമതി നൽകിയ സാഹചര്യത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. 'ഞങ്ങളുടെ വ്യാപാര-സാമ്പത്തിക താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും' എന്ന് മന്ത്രാലയം അറിയിച്ചു.
റഷ്യൻ എണ്ണയുടെ പ്രധാന അഞ്ച് ഉപഭോക്താക്കൾക്ക് മേൽ 100% വരെ തീരുവ ചുമത്താൻ ട്രംപ് ഭരണകൂടത്തെ അനുവദിക്കുന്ന വിപുലമായ ഉപരോധ ബിൽ യുഎസ് ജനപ്രതിനിധി സഭ പാസാക്കിയിരുന്നു. ഇന്ത്യ, ചൈന, സ്ലോവാക്യ, ഹംഗറി, അസർബൈജാൻ എന്നിവരാണ് റഷ്യൻ എണ്ണയുടെ പ്രധാന അഞ്ച് ഉപഭോക്താക്കൾ.
262-159 വോട്ടുകൾക്കാണ് ഈ രാജ്യങ്ങൾക്ക് 100% തീരുവ ചുമത്താനുള്ള ബിൽ യുഎസ് ജനപ്രതിനിധി സഭയിൽ പാസായത്. ബിൽ പാസാക്കിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് അറിയിച്ച കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഈ വിഷയത്തിലെ തുടർന്നുള്ള സംഭവവികാസങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും അറിയിച്ചു.
'നിരവധി മുൻ സന്ദർഭങ്ങളിൽ വ്യക്തമാക്കിയതുപോലെ, 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണ്. വൈവിധ്യമാർന്ന സ്രോതസ്സുകളിലൂടെയും മാറിക്കൊണ്ടിരിക്കുന്ന വിപണി സാഹചര്യങ്ങൾക്കനുസരിച്ചും രാജ്യം അത് തുടർന്നും നിർവ്വഹിക്കും' എന്നും മന്ത്രാലയം വ്യക്തമാക്കി.
വിഷയം വിവിധ യുഎസ് പ്രതിനിധികളുമായി കഴിഞ്ഞ മാസങ്ങളിൽ ചർച്ച ചെയ്തിട്ടുണ്ട്. ഉഭയകക്ഷി ബന്ധത്തിൽ മാത്രമല്ല, അന്താരാഷ്ട്ര ഊർജ്ജ വിപണിയിലും ഇത് ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഇന്ത്യ വിശദീകരിച്ചിട്ടുണ്ടെന്നും അറിയിച്ചു.
പ്രത്യാഘാതങ്ങളെ നേരിടാൻ ഭാരതീയ വ്യാപാര, വ്യവസായ സംഘടനകളുമായി ചേർന്ന് സർക്കാർ പ്രവർത്തിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
Content Highlights: US House of Representatives passed a bill allowing up to 100% tariffs on top five Russian oil buyers including India., Ministry of External Affairs stated India will take all necessary measures to protect trade and economic interests., India reaffirmed its commitment to ensuring energy security for its 140 crore citizens through diverse sources., Government is monitoring developments and engaging with US representatives regarding potential global energy market impacts.