ഇരമ്പിയെത്തി ആയിരങ്ങൾ, ആൾക്കടലായി രാംലീല മൈതാനം; ഇന്ത്യ സഖ്യത്തിന്റെ 'ചലോ ദില്ലി' മഹാറാലി ആരംഭിച്ചു

#ന്യൂസ് ഡെസ്ക്
Photo: PTI
Photo: PTI

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് 'ഇന്ത്യ' സഖ്യത്തിന്റെ 'ചലോ ദില്ലി' മഹാറാലി ആരംഭിച്ചു. ഇന്ത്യ സഖ്യ നേതാക്കളെല്ലാവരും തുറന്ന വാഹനത്തിൽ ഒന്നിച്ചാണ് രാംലീല മൈതാനത്തേക്ക് മാർച്ച് ആരംഭിച്ചത്. മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നിന്ന് കൊണാട്ട് പ്ലേസിലേക്കും അവിടെനിന്ന് രാംലീല മൈതാനത്തേക്കുമാണ് മാർച്ച്.

രാഹുൽ ഗാന്ധിയാണ് മാർച്ച് നയിക്കുന്നത്. പ്രിയങ്കാ ഗാന്ധി, അഖിലേഷ് യാദവ്, മെഹബൂബ മുഫ്തി, തേജസ്വി യാദവ്, ഡി. രാജ, എം.എ. ബേബി, ഫറൂഖ് അബ്ദുള്ള അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ രാഹുലിനൊപ്പം റാലിയിൽ പങ്കെടുക്കുന്നുണ്ട്. രാം ലീല മൈതാനത്ത് വെച്ചാണ് പൊതുസമ്മേളനം. റാലിയിൽ 10 ലക്ഷത്തോളം പേരെ അണിനിരത്താനാണ് ലക്ഷ്യമിടുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി.

മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള ഐക്യമാണ് ഇന്ത്യ സഖ്യത്തിനകത്ത് നിലവിൽ രൂപംകൊണ്ടിരിക്കുന്നത്. സുപ്രധാന സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ ഗ്യാനേഷ് കുമാറിനെതിരേ പ്രതിപക്ഷം പ്രതിഷേധം ശക്തിപ്പെടുത്തുകയാണ്.

വൻ സുരക്ഷാക്രമീകരണങ്ങളാണ് ഡൽഹിയിൽ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. 10,000 പോലീസുകാരെയും അർദ്ധസൈനികരെയും തലസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. രാംലീല മൈതാനത്തിനു ചുറ്റിലും, മിന്റോ ബ്രിഡ്ജിൽനിന്ന് റാലി വേദിയിലേക്കുള്ള വഴിയിലുമായി നാലായിരത്തോളം പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. കൊണാട്ട് പ്ലേസ്, ജന്തർ മന്തർ, ഭഗവാൻദാസ് റോഡ്, സുപ്രീം കോടതി, തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസ് എന്നിവയ്ക്ക് സമീപങ്ങളിലും കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ബാരിക്കേഡുകളും മറ്റും വെച്ച് പ്രദേശം അടച്ചിട്ടുണ്ട്. 250-ഓളം സിസിടിവികളാണ് പ്രദേശത്ത് മാത്രം ഒരുക്കിയിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞദിവസം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽവെച്ച് പ്രതിപക്ഷ നേതാക്കൾ ചീഫ് ഇലക്ഷൻ കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ 'ജനകീയ കുറ്റവിചാരണ' പ്രമേയം പാസാക്കിയിരുന്നു. ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന ശക്തമായ ആവശ്യവുമായാണ് ഇന്ത്യാ സഖ്യം പ്രതിഷേധത്തിന് ഇറങ്ങുന്നത്.

Content Highlights: INDIA bloc is organizing a massive 'Chalo Delhi' rally at Ramlila Maidan., Protesters are demanding the resignation of Chief Election Commissioner Gyanesh Kumar., A 'Public Impeachment' motion was earlier passed at Mallikarjun Kharge's residence., Organizers aim to mobilize around 10 lakh people for the public convention.