പ്രഭാഷകന്റെ വാഹനം കടത്തിവിടാൻ ജനങ്ങളെ തടഞ്ഞത് തിരക്കുണ്ടാക്കി; ശ്വാസംകിട്ടാതെയും ചവിട്ടേറ്റും മരണം

ആശുപത്രിക്ക് പുറത്ത് തടിച്ചുകൂടിയ ബന്ധുക്കൾ|  Photo: PTI
ആശുപത്രിക്ക് പുറത്ത് തടിച്ചുകൂടിയ ബന്ധുക്കൾ| Photo: PTI

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹാഥ്‌റസിൽ സത്സംഗത്തിനിടെയുണ്ടായ ദുരന്തത്തിനിടയാക്കിയത് പ്രഭാഷകന്റെ വാഹനം കടന്നുപോകുന്നതുവരെ ജനങ്ങളെ തടഞ്ഞുനിർത്തിയതെന്ന് റിപ്പോർട്ടുകൾ. ചടങ്ങുകൾ പൂർത്തിയായി ആളുകൾ മടങ്ങുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്ന് രക്ഷപ്പെട്ടവരിൽ ഒരാൾ വെളിപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

മതപരമായ പരിപാടി അവസാനിച്ചപ്പോൾ എല്ലാവരും മടങ്ങാൻ തിരക്കുകൂട്ടി. സ്ഥലത്ത് ഒരു വലിയ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. പ്രഭാഷകന്റെ വാഹനം കടന്നുപോകുന്നതുവരെ ജനങ്ങളെ കടത്തിവിടാതെയിരുന്നത് വലിയ തിരക്ക് രൂപപ്പെടാൻ ഇടയാക്കി. തിങ്ങിഞെരുങ്ങി പുറത്തുകടക്കുന്നതിനിടയിൽ പലരും വീണു. ശ്വാസം ലഭിക്കാതെ പലരും പ്രയാസപ്പെട്ടു. പുറത്തേക്കിറങ്ങാൻ ശ്രമിച്ചപ്പോൾ വാഹനങ്ങളും തടസ്സംസൃഷ്ട്ടിച്ചു. ശ്വാസം കിട്ടാതെയും വീണിടത്തുനിന്ന് എഴുന്നേൽക്കാൻ കഴിയാതെയും വന്നതോടെ പലരുടെയും ജീവൻ പൊലിഞ്ഞുവെന്നും ദുരന്തത്തിൽ നിന്ന് അതിജീവിച്ചയാൾ പ്രതികരിച്ചു.

ഹാഥ്‌റസ് ജില്ലയിലെ സിക്കന്ദ്‌റ റാവു പ്രദേശത്തുള്ള രതിഭാൻപൂർ ഗ്രാമത്തിൽ ഭോലെ ബാബ എന്ന മതപ്രഭാഷകൻറെ ആത്മീയപ്രഭാഷണത്തിനായി പ്രത്യേകം തയ്യാറാക്കിയ കൂടാരത്തിൽനിന്ന് ആളുകൾ പുറത്തിറങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്. മതപ്രഭാഷകനായ ഭോലെ ബാബയുടെ സത്സംഗിലാണ് അപകടമുണ്ടായത്‌. കനത്ത ചൂടിനിടെയായിരുന്നു പരിപാടി. 

120 പേർ മരിച്ചതായാണ് നിലവിൽ പുറത്തുവരുന്ന വിവരം. നിരവധിപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ആശങ്ക. അറുപതോളം പേരുടെ മൃതദേഹങ്ങൾ ആശുപത്രിയിലെത്തിയിട്ടുണ്ടെന്നും പരിക്കേറ്റവരെ ഇപ്പോഴും കൊണ്ടുവരികയാണെന്നും ജില്ലാ കളക്ടർ അഭിഷേക് കുമാർ പറഞ്ഞു.

ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ഇറ്റാ-ഹാഥ്‌റസ് ജില്ലകളുടെ അതിർത്തി പ്രദേശത്ത് പരിപാടി നടത്തുന്നതിന് താൽക്കാലിക അനുമതിയുണ്ടായിരുന്നു', അലിഗഢ് റേഞ്ച് ഐജി ശലഭ് മാത്തൂർ പറഞ്ഞു.  

സംഭവം സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് സമിതി രൂപീകരിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ ആശ്രിതർക്ക് രണ്ടുലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചതായും പ്രധാനമന്ത്രി അറിയിച്ചു.

Content Highlights: Hathras Stampede devotees stopped from leaving until gurus car left