'അവര്‍ അയാളുടെ തൊട്ടടുത്തെത്തി'; ലഷ്‌കര്‍ ഭീകരന്‍ ഹാഫിസ് സയീദും ഉടന്‍ കൊല്ലപ്പെടുമെന്ന് നിരീക്ഷകര്‍

ന്യൂഡല്‍ഹി: കൊല്ലപ്പെട്ട ലഷ്‌കര്‍-ഇ-ത്വയ്ബ ഭീകരന്‍ അബു ഖത്തലിന്റെ അതേ വിധിയാകും മുംബൈ 26/11 ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിനുമുണ്ടാകുക എന്ന് വിദേശകാര്യവിദഗ്ധന്‍ റോബിന്ദര്‍ സച്ച്‌ദേവ. കഴിഞ്ഞ ദിവസമാണ് ലഷ്‌കര്‍-ഇ-ത്വയ്ബയുടെ ചീഫ് ഓപ്പറേഷണല്‍ കമാന്‍ഡറും ജമ്മു കാശ്മീരിലുണ്ടായ ഒട്ടേറെ ഭീകരാക്രമണങ്ങളുടെ സൂത്രധാരനുമായ അബു ഖത്തല്‍ വെടിയേറ്റ് മരിച്ചത്. ഖത്തലിന്റെ കൊലപാതകത്തിന് പിന്നില്‍ ആരാണെന്ന് ഇതുവരെ വ്യക്തമല്ല. ലഷ്‌കര്‍-ഇ-ത്വയ്ബയുടെ സ്ഥാപകനായ ഹാഫിസ് സയീദിന്റെ മരുമകനും വലംകയ്യുമായിരുന്നു അബു ഖത്തല്‍.
'ഹാഫിസ് സയീദിന്റെ അടുത്തയാള്‍ കൊല്ലപ്പെട്ടു. ഹാഫിസ് സയീദിനെ ലക്ഷ്യമിട്ട് പിന്തുടരുന്നവര്‍ അയാളുടെ തൊട്ടരികിലെത്തി എന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്. വാളെടുത്തവന്‍ വാളാല്‍ എന്ന് പറയുന്നത് പോലെ, സമാനമായ വിധിയാണ് ഹാഫിസ് സയീദിനെയും കാത്തിരിക്കുന്നത്. കാശ്മീരിലേയും രജൗരിയിലേയും പൂഞ്ചിലേയും പാക് അധീന കാശ്മീരിലേയും നിരവധി ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചയാളായിരുന്നു അബു ഖത്തല്‍.' -റോബിന്ദര്‍ സച്ച്‌ദേവ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
'തന്റെ സുരക്ഷ വര്‍ധിപ്പിക്കുകയും പാകിസ്താന്‍ സൈന്യത്തോട് സഹായം അഭ്യര്‍ഥിക്കുകയുമാകും ഹാഫിസ് അടുത്തതായി ചെയ്യാന്‍ പോകുന്നത്. നേരത്തേ തന്നെ പാക് സൈന്യത്തിന്റെ സംരക്ഷണയിലാണ് അയാള്‍. ഈ സംഭവങ്ങള്‍ക്കെല്ലാം പിന്നില്‍ ആരാണെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. ഒരുപക്ഷേ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനായി ഇതെല്ലാം പാക് അധികൃതര്‍ തന്നെ ചെയ്യുന്നതാകാനും സാധ്യതയുണ്ട്.' -റോബിന്ദര്‍ തുടര്‍ന്നു.
Related News: ലഷ്‌കര്‍ ഇ ത്വയ്ബ കൊടും ഭീകരന്‍ അബു ഖത്തല്‍ പാകിസ്താനില്‍ അജ്ഞാതരാൽ കൊല്ലപ്പെട്ടു
അതേസമയം ഹാഫിസ് സയീദിനും കഴിഞ്ഞ ദിവസത്തെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ടാകാമെന്നാണ് മുന്‍ മേജര്‍ ജനറലായ ധ്രുവ് സി. കടോച് പറയുന്നത്. 'കഴിഞ്ഞ ദിവസത്തെ ആക്രമണത്തില്‍ പരിക്കേറ്റ മറ്റൊരാള്‍ പാകിസ്താനിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കേറ്റത് ആര്‍ക്കാണെന്നത് സംബന്ധിച്ച് പാകിസ്താന്‍ ഒരക്ഷരം മിണ്ടിയിട്ടില്ല. ഇത് അവിടെ മുറുമുറുപ്പുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഹാഫിസാണ് പരിക്കേറ്റ് കിടക്കുന്നതെന്നാണ് അവിടെനിന്നുള്ള ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.' -മേജര്‍ ജനറല്‍ ധ്രുവ് എഎന്‍ഐയോട് പറഞ്ഞു.
'അത് ഹാഫിസ് ആണോ അല്ലയോ എന്നത് ഒരുവിഷയമല്ല. ആരായാലും അവന്റേത് ഉറക്കമില്ലാത്ത രാത്രികളായിരുന്നുവെന്നതാണ് സുപ്രധാനമായ കാര്യം. പാക് സൈന്യം എത്ര വലിയ സുരക്ഷ നല്‍കുന്നുണ്ടെങ്കിലും പാകിസ്താനില്‍ ഒരു ഭീകരവാദി പോലും സുരക്ഷിതനല്ല. അവരെല്ലാം വേട്ടയാടപ്പെടും.' -മേജര്‍ ജനറല്‍ ധുവ് കൂട്ടിച്ചേര്‍ത്തു.
Content Highlights: 'Hafiz Saeed might face similar fate': Expert on killing of LeT terrorist Abu Qatal in Pakistan