തോല്‍വി: ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് ഗുജറാത്ത് കോൺഗ്രസ് അധ്യക്ഷൻ രാജിവെച്ചു, പഞ്ചാബിലും രാജി

അഹമ്മദാബാദ്: ഗുജറാത്തിലെ ഉപതിരഞ്ഞെടുപ്പ് തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ശക്തിസിങ് ഗോഹില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവെച്ചു. തന്റെ കഴിവുകള്‍ പൂര്‍ണമായി വിനിയോഗിച്ചെങ്കിലും വിസാവദര്‍, കഡി മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
വിസാവദറില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തായി. മുന്‍ വര്‍ഷത്തെക്കാള്‍ വോട്ടും കുറഞ്ഞു. 2014, 2017 വര്‍ഷങ്ങളില്‍ പാര്‍ട്ടി വിജയിച്ച സീറ്റാണിത്. കഡിയില്‍ രണ്ടാംസ്ഥാനത്താണെങ്കിലും വോട്ടുകുറഞ്ഞു. 2023 ജൂണില്‍ അധ്യക്ഷസ്ഥാനം ഏറ്റെടുത്ത ഗോഹില്‍ രാജ്യസഭാ എം.പിയാണ്.
എഐസിസിയുടെ ഏപ്രിലിലെ അഹമ്മദാബാദ് സമ്മേളനത്തിന്റെ തീരുമാനപ്രകാരം ഗുജറാത്തിലെ പുതിയ ഡിസിസി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചിരുന്നു. അതിനുപിന്നാലെയാണ് ഗോഹിലിന്റെ രാജി.
പഞ്ചാബിലെ ലുധിയാന വെസ്റ്റിലെ ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഭരത് ഭൂഷന്‍ അശു പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. മണ്ഡലം ആംആദ്മി പാര്‍ട്ടി നിലനിര്‍ത്തുകയായിരുന്നു.
Content Highlights: gujarat and punjab congress leaders resigns respective posts following election failures