തീവണ്ടിക്കും പ്ലാറ്റ്‌ഫോമിനും ഇടയിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷിച്ച് മലയാളി RPF ഉദ്യോഗസ്ഥൻ

അബ്ദുൽ റഫീഖ്
അബ്ദുൽ റഫീഖ്

കോയമ്പത്തൂര്‍: തീവണ്ടിക്കും പ്ലാറ്റ്ഫോമിനും ഇടയില്‍ കുടുങ്ങിയ യാത്രക്കാരനെ സാഹസികമായി രക്ഷപ്പെടുത്തി മലയാളി ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍. ഈറോഡ് റെയില്‍വേ സ്റ്റേഷനിലെ ഉദ്യോഗസ്ഥനും വയനാട് മേപ്പാടി സ്വദേശിയുമായ പി. അബ്ദുല്‍ റഫീഖാണ് യാത്രക്കാരനെ രക്ഷപ്പെടുത്തിയത്.

വ്യാഴാഴ്ച രാവിലെ ഏഴരയോടെ ഈറോഡാണ് സംഭവം. കോയമ്പത്തൂര്‍-ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിലെ എസി കോച്ചിലെ യാത്രക്കാരനാണ് അപകടത്തില്‍പ്പെട്ടത്. ചായ വാങ്ങാന്‍ വണ്ടിയില്‍നിന്നിറങ്ങവേ തീവണ്ടി നീങ്ങിത്തുടങ്ങുകയായിരുന്നു. ഇതോടെ യാത്രക്കാരന്‍ കാല്‍ തെറ്റി തീവണ്ടിക്കും പ്ലാറ്റ്ഫോമിനും ഇടയിലേക്കു വീണു. ഉടന്‍, സമീപത്തുണ്ടായിരുന്ന അബ്ദുള്‍ റഫീഖ് ഓടിയെത്തി യാത്രികന്റെ കൈയില്‍ പിടിച്ച് പുറത്തെടുക്കുകയായിരുന്നു. ഇദ്ദേഹം പിന്നീട് ഈ തീവണ്ടിയില്‍ത്തന്നെ യാത്ര തുടര്‍ന്നു.

ആര്‍പിഎഫ് ഡിവിഷണല്‍ സെക്യൂരിറ്റി കമ്മിഷണര്‍ സൗരവ് കുമാര്‍ അബ്ദുല്‍ റഫീഖിനെ മെമന്റോ നല്‍കി അനുമോദിച്ചു. മികച്ച സേവനത്തിനുള്ള പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തു.

Content Highlights: Erode Malayali RPF constable Abdul Rafeeq heroically saved a passenger