എഐ, വിദ്യാഭ്യാസം, പ്രതിരോധം; ബന്ധം കൂടുതൽ ദൃഢമാക്കാൻ മാക്രോൺ ഇന്ത്യയിലെത്തി

#ന്യൂസ് ഡെസ്ക്
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ഭാര്യ ബ്രിജിറ്റ് മാക്രോണും മുംബൈ വിമാനത്താവളത്തിൽ | Photo: AFP
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ഭാര്യ ബ്രിജിറ്റ് മാക്രോണും മുംബൈ വിമാനത്താവളത്തിൽ | Photo: AFP

ന്യൂഡൽഹി: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഭാര്യ ബ്രിജിറ്റ് മാക്രോണിനൊപ്പം ഇന്ത്യയിലെത്തി. തിങ്കളാഴ്ച രാത്രി മുംബൈ വിമാനത്താവളത്തിൽ എത്തിയ മാക്രോണിനെയും ഭാര്യയേയും മഹാരാഷ്ട്ര ഗവർണർ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർ ചേർന്നാണ് സ്വീകരിച്ചത്. ഇന്ത്യയിലേക്കുള്ള മാക്രോണിന്റെ നാലാമത്തെ സന്ദർശനമാണിത്.

17 മുതൽ 19 വരെ ഇന്ത്യയിൽ ചെലവഴിക്കുന്ന മാക്രോൺ എഐ ഇംപാക്റ്റ് ഉച്ചകോടിയിലും മുംബൈയിൽ നടക്കുന്ന ഉഭയകക്ഷി ഉച്ചകോടിയിലും പങ്കെടുക്കും. വിദ്യാഭ്യാസം, പ്രതിരോധം, ബഹിരാകാശം, ആണവോർജം തുടങ്ങി വിവിധ മേഖലകളിലെ സഹകരണം ശക്തമാക്കുന്നുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ചർച്ചകളിൽ നിർമ്മിതബുദ്ധിയും (AI) തന്ത്രപരമായ സഹകരണവും പ്രധാന വിഷയങ്ങളാകും.

ഹെലികോപ്റ്ററുകളുടെയും HAMMER പ്രിസിഷൻ-ഗൈഡഡ് മിസൈലുകളുടെയും സംയുക്ത നിർമ്മാണം ഉൾപ്പെടെയുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിൽ ഊന്നൽ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 'ഇന്ത്യയിലേക്ക്.. തന്ത്രപരമായ പങ്കാളിത്തത്തെ കൂടൂതൽ മുന്നോട്ടുകൊണ്ടുപോകാൻ മുംബൈ മുതൽ ന്യൂഡൽഹി വരെ മൂന്നുദിവസം. ഈ ഔദ്യോഗിക സന്ദർശനം ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തെയും സജീവ സഹകരണത്തെയും ശക്തിപ്പെടുത്തും. പ്രിയപ്പെട്ട സുഹൃത്തേ, നരേന്ദ്രമോദീ.. നാളെ കാണാം.' എന്നാണ് ഇന്ത്യയിലേക്ക് യാത്ര തിരിച്ചയുടൻ ഫ്രഞ്ച് പ്രസിഡന്റ് എക്‌സിൽ കുറിച്ചത്. 

'ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ശക്തവും തന്ത്രപരവുമായ പങ്കാളിത്തത്തിനായി! ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് ഊഷ്മളമായ സ്വാഗതം. ഈ സന്ദർശന വേളയിൽ, പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും. ഇരു നേതാക്കളും ചേർന്ന് ഇന്നൊവേഷൻ 2026 (Year of Innovation 2026) ഉദ്ഘാടനം ചെയ്യും. ഇന്ത്യ-ഫ്രാൻസ് തന്ത്രപരമായ പങ്കാളിത്തത്തിന് ഈ സന്ദർശനം കൂടുതൽ ഊർജ്ജം പകരും.' വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ എക്‌സിൽ കുറിച്ചു.

പ്രസിഡന്റ് മാക്രോണുമായുള്ള സന്ദർശനത്തിനായി പ്രധാനമന്ത്രി മോദി ഇന്ന് മുംബൈയിലെത്തും. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ലോക് ഭവനിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ഉഭയകക്ഷി ചട്ടക്കൂടിന് കീഴിൽ കൈവരിച്ച നേട്ടങ്ങൾ വിലയിരുത്തുന്നതിലും ഭാവിയിൽ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുന്നതിലുമാവും പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക.

നിർമ്മിതബുദ്ധി, നൂതന സാങ്കേതികവിദ്യ തുടങ്ങിയ പുതിയ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കുന്നത് ചർച്ചകളിൽ ഉൾപ്പെടുമെന്ന് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. ഇന്തോ-പസഫിക് ഉൾപ്പെടെയുള്ള പ്രാദേശിക, ആഗോള വിഷയങ്ങളിളെ കാഴ്ചപ്പാടുകൾ ഇരു നേതാക്കളും ചർച്ചചെയ്യും. ഇത് ന്യൂഡൽഹിയും പാരീസും തമ്മിലുള്ള തന്ത്രപരമായ തീരുമാനങ്ങളിലെ ഐക്യത്തെ അടിവരയിടുന്നു.

2018-ൽ മാക്രോണിന്റെ ആദ്യത്തെ ഇന്ത്യാ സന്ദർശനം മുതൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെട്ടിട്ടുണ്ട്. 2023-ലെ ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് പിന്നീട് ഫ്രഞ്ച് പ്രസിഡന്റ് ഇന്ത്യയിലെത്തിയത്. 2024-ലെ 75-ാം റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ മാക്രോൺ മുഖ്യാതിഥിയായിരുന്നു.

മുംബൈയിലെ പരിപാടികളിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ഇന്ത്യ-ഫ്രാൻസ് ഇന്നൊവേഷൻ 2026 (India-France Year of Innovation 2026) സംയുക്ത ഉദ്ഘാടനം. ഇരു രാജ്യങ്ങളിലെയും സ്റ്റാർട്ടപ്പുകൾ, ഗവേഷകർ, വ്യവസായ പ്രമുഖർക്കിടയിലെ സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. ഇത് മാക്രോണിന്റെ 2024-ലെ ഔദ്യോഗിക ഇന്ത്യാ സന്ദർശനത്തിനിടയിൽ പ്രഖ്യാപിച്ചതാണ്.

ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ശേഷം, ഇരു നേതാക്കളും രാജ് ഭവനിൽ ധാരണാപത്രങ്ങളുടെ കൈമാറ്റത്തിന് സാക്ഷ്യം വഹിക്കും. താജ് മഹൽ പാലസ് ഹോട്ടലിൽ നടക്കുന്ന ഇന്ത്യ-ഫ്രാൻസ് ഇന്നൊവേഷൻ ഫോറത്തിലും ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ നടക്കുന്ന സാംസ്‌കാരിക അനുസ്മരണ ചടങ്ങിലും അവർ പങ്കെടുക്കും. 'മേക്ക് ഇൻ ഇന്ത്യ' സംരംഭത്തിന് കീഴിൽ 114 റാഫേൽ ഫൈറ്റർ ജെറ്റുകൾക്കുള്ള ഒരു വലിയ കരാർ പ്രധാനമന്ത്രി നരേന്ദ്രമോദിയും മാക്രോണും പ്രഖ്യാപിച്ചേക്കുമെന്നും വിവരമുണ്ട്.

സാങ്കേതികവിദ്യ കൈമാറ്റത്തിലൂടെയും സംയുക്ത ഉത്പാദനത്തിലൂടെയും പ്രതിരോധ വ്യവസായ സഹകരണം വികസിപ്പിക്കുന്നതും നേതാക്കൾ ചർച്ച ചെയ്യും. ഫെബ്രുവരി 18-ന് മാക്രോൺ ന്യൂഡൽഹിയിലേക്ക് പോകും. അവിടെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ഇന്ത്യ എഐ ഇംപാക്റ്റ് ഉച്ചകോടി 2026-ൽ പങ്കെടുക്കും. ഫെബ്രുവരി 16 മുതൽ 20 വരെ നടക്കുന്ന ഈ ഉച്ചകോടി, ഗ്ലോബൽ സൗത്തിൽ നടക്കുന്ന ആദ്യത്തെ ആഗോള എഐ സമ്മേളനമാണ്. ഫെബ്രുവരി 19-ന് വൈകുന്നേരത്തോടെ അദ്ദേഹം പാരീസിലേക്ക് തിരിക്കും.

Content Highlights: French President Emmanuel Macron arrives in Mumbai for a 3-day visit focusing on AI, defence cooperation, and innovation. Discover key outcomes of the Indo-French strategic partnership.