'അക്കൗണ്ടുകൾ തടയാൻ നിർദേശിച്ചത് സർക്കാർ'; ഇന്ത്യയില്‍ മാധ്യമ സെന്‍സര്‍ഷിപ്പെന്ന് എക്സ്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മാധ്യമ സെന്‍സര്‍ഷിപ്പുണ്ടെന്നും ഇക്കാര്യത്തില്‍ ആശങ്കയുണ്ടെന്നും സാമൂഹികമാധ്യമമായ 'എക്‌സ്'. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് ഉള്‍പ്പെടെ ഇന്ത്യയില്‍ തടഞ്ഞെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്യത്ത് മാധ്യമ സെന്‍സര്‍ഷിപ്പുണ്ടെന്ന് ആരോപിച്ച് ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്‌സ് രംഗത്തെത്തിയത്.
സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് റോയിട്ടേഴ്‌സിന്റെ ഉള്‍പ്പെടെയുള്ള അക്കൗണ്ടുകള്‍ ഇന്ത്യയില്‍ ബ്ലോക്ക് ചെയ്തതെന്നും എക്‌സ് പങ്കുവെച്ച കുറിപ്പിലുണ്ട്. അതേസമയം, റോയിട്ടേഴ്‌സിന്റെ എക്‌സ് അക്കൗണ്ട് തടയാനായി നിര്‍ദേശം നല്‍കിയിട്ടില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്.
ജൂലായ് മൂന്നാം തീയതിയാണ് ഇന്ത്യന്‍ സര്‍ക്കാര്‍ 2355 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനായി ഉത്തരവിട്ടതെന്ന് എക്‌സ് ഗ്ലോബല്‍ ഗവണ്‍മെന്റ് അഫയേഴ്‌സ് ടീം പങ്കുവെച്ച കുറിപ്പില്‍ അറിയിച്ചു. റോയിട്ടേഴ്‌സ്, റോയിട്ടേഴ്‌സ് വേള്‍ഡ് എന്നീ അക്കൗണ്ടുകള്‍ ഉള്‍പ്പെടെയുള്ള 2355 അക്കൗണ്ടുകള്‍ തടയാനാണ് ഐടി ആക്ടിലെ 69A സെക്ഷന്‍ പ്രകാരം സര്‍ക്കാര്‍ ഉത്തരവിട്ടത്. ഒരുമണിക്കൂറിനുള്ളില്‍ നടപടി സ്വീകരിക്കണമെന്നതായിരുന്നു ഐടി മന്ത്രാലയത്തിന്റെ ആവശ്യം. യാതൊരു കാരണവും പറയാതെ ഇനിയൊരു അറിയിപ്പ് ലഭിക്കുന്നതുവരെ ഈ അക്കൗണ്ടുകളെല്ലാം ബ്ലോക്ക്‌ചെയ്ത നിലയില്‍ തുടരണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, പൊതുജനങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് റോയിട്ടേഴ്‌സിന്റെയും റോയിട്ടേഴ്‌സ് വേള്‍ഡിന്റെയും അക്കൗണ്ടുകള്‍ അണ്‍ബ്ലോക്ക് ചെയ്യാന്‍ സര്‍ക്കാര്‍ അഭ്യര്‍ഥിച്ചെന്നും എക്‌സ് അറിയിച്ചു.
ഇന്ത്യയില്‍ നടക്കുന്ന ഈ മാധ്യമ സെന്‍സര്‍ഷിപ്പില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ട്. ഇക്കാര്യത്തില്‍ ലഭ്യമായ എല്ലാ നിയമവഴികളും പരിശോധിച്ചുവരികയാണ്. ഇത്തരം നടപടികള്‍ ബാധിച്ച ഉപയോക്താക്കളോട് കോടതികള്‍വഴി നിയമപരമായ പരിഹാരമാര്‍ഗങ്ങള്‍ തേടാന്‍ തങ്ങള്‍ ആവശ്യപ്പെടുകയാണെന്നും എക്‌സിന്റെ ഗ്ലോബല്‍ ഗവണ്‍മെന്റ് അഫയേഴ്‌സ് ടീം അറിയിച്ചു.
അതേസമയം, അക്കൗണ്ടുകള്‍ ബ്ലോക്ക്‌ചെയ്യാന്‍ നിര്‍ദേശിച്ചെന്ന എക്‌സിന്റെ വാദം കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചു. റോയിട്ടേഴ്‌സിന്റെ അക്കൗണ്ടുകള്‍ ഇന്ത്യയില്‍ ബ്ലോക്ക്‌ചെയ്ത നിമിഷം തന്നെ അത് മാറ്റാനായി എക്‌സിനോട് ആവശ്യപ്പെട്ടിരുന്നതായി ഐടി മന്ത്രാലയ വക്താവ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചു. എന്നാല്‍, എക്‌സ് ഈ നടപടിയുടെ സാങ്കേതികവശങ്ങള്‍ ചൂഷണംചെയ്‌തെന്നും അക്കൗണ്ടുകള്‍ അണ്‍ബ്ലോക്ക് ചെയ്തില്ലെന്നും ഐടി മന്ത്രാലയ വക്താവ് പറഞ്ഞു.
Content Highlights: X, owned by Elon Musk, expresses concern over India`s media censorship