തിരുത്തോട് തിരുത്ത്; ഫോം 6 ഇല്ലാതെ വീണ്ടും പേരുചേർക്കാമെന്ന് കമ്മിഷൻ, സീമാ ഖന്നയുടെ അധികാരത്തിനും പരിധി

#സ്വന്തം ലേഖകൻ
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരും |ഫോട്ടോ:PTI
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരും |ഫോട്ടോ:PTI

ന്യൂഡൽഹി: ഒന്നിനുപുറകെ ഒന്നായി തിരുത്തലുകളുമായി കേന്ദ്ര തിരഞ്ഞെടുപ്പുകമ്മിഷൻ. തീവ്രവോട്ടർപട്ടിക പരിഷ്കരണം(എസ്.ഐ.ആർ.) നടന്നുവരുന്ന ഏഴുസംസ്ഥാനങ്ങളിൽ കരട് വോട്ടർപട്ടികയിൽനിന്ന് നീക്കപ്പെട്ടവർക്ക് ഫോം 6 വഴി പുതുതായി അപേക്ഷിക്കാതെ പേരുചേർക്കാൻ ഒരവസരംകൂടി അനുവദിച്ചതാണ് ഏറ്റവും പുതിയ തിരുത്ത്.

ഡൽഹി, മഹാരാഷ്ട്ര, ഹരിയാണ, ആന്ധ്രപ്രദേശ്, തെലങ്കാന, ഝാർഖണ്ഡ്, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലാണ് വോട്ടർമാർക്ക് അവസരമൊരുങ്ങുക. ഒഴിവാക്കപ്പെട്ടവർക്ക്‌, എന്തുകൊണ്ട് സമയത്ത് അപേക്ഷ നൽകാനായില്ലെന്ന കാരണംസഹിതം വീണ്ടും എന്യുമറേഷൻഫോം പൂരിപ്പിച്ചുനൽകാമെന്നാണ് കമ്മിഷൻ അറിയിച്ചത്. ഏഴുസംസ്ഥാനങ്ങളിലുമായി 4.52 കോടി വോട്ടർമാരാണ് ഒഴിവാക്കപ്പെട്ടത്.

താമസം മാറിയിട്ടില്ലാത്തവരും എന്നാൽ, പേരുകൾ വെട്ടിപ്പോയവരും കാരണം കാണിച്ചുള്ള പ്രസ്താവനസഹിതം പൂരിപ്പിച്ച എന്യുമറേഷൻ ഫോം സമർപ്പിക്കണം. ഒരേ സംസ്ഥാനത്തുതന്നെയെങ്കിലും താമസസ്ഥലം മാറിയതിനാൽ കരടുപട്ടികയിൽനിന്ന്‌ ഒഴിവാക്കപ്പെട്ടവർ ഇതിനായുള്ള ഫോം എട്ടുവഴി വീണ്ടും അപേക്ഷിക്കേണ്ടതില്ല. പകരം പുതിയ മേൽവിലാസം തെളിയിക്കുന്ന രേഖയും ബന്ധപ്പെട്ട നിയോജകമണ്ഡലവും സഹിതമുള്ള പ്രസ്താവനയുമായി പൂരിപ്പിച്ച എന്യുമറേഷൻ ഫോം സമർപ്പിച്ചാൽ മതി. ഫോം ആറുവഴി പുതുതായി അപേക്ഷിച്ചുകഴിഞ്ഞവർ പ്രസ്താവനസഹിതമുള്ള എന്യുമറേഷൻ ഫോം വീണ്ടും നൽകേണ്ട.

ഒഴിവാക്കപ്പെട്ടവരുടെ പട്ടിക അതത് പോളിങ് സ്റ്റേഷനുകളിൽ പ്രദർശിപ്പിക്കണം. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിലും അപ്‍ലോഡ് ചെയ്യണം. ഒഴിവായ മുഴുവൻ വോട്ടർമാരെയും ബി.എൽ.ഒ.മാർവഴി ബന്ധപ്പെട്ടുവെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരും ഉറപ്പാക്കണം. വോട്ടർമാർക്ക് ഇ.സി.ഐ. നെറ്റ് ആപ്പിലൂടെ എന്യുമറേഷൻ ഫോം നേരിട്ട് ഡൗൺലോഡ് ചെയ്യാൻ നിലവിലുണ്ടായിരുന്ന വോട്ടർ തിരിച്ചറിയൽ നമ്പർ ഉപയോഗിക്കാനാവും.

സീമാ ഖന്നയുടെ അധികാരത്തിനും പരിധി

ഇതിനുപുറമേ കമ്മിഷനിലെ ഐ.ടി. വിഭാഗം ഡയറക്ടർ ജനറൽ സീമാ ഖന്നയുടെ ഫയലുകളുടെ മേൽനോട്ടം സീനിയർ ഡെപ്യൂട്ടി കമ്മിഷണർ പവൻകുമാർ ശർമയ്ക്ക് അനുവദിച്ച് മറ്റൊരുത്തരവും കമ്മിഷൻ ഇറക്കി.

ഐ.ടി. ഡയറക്ടർ ജനറലിന്റെ ഫയലുകൾ നേരിട്ട് കമ്മിഷനിലേക്ക് കൈമാറാൻ അനുവദിച്ചത് കമ്മിഷന്റെ അറിവില്ലാതെയാണെന്നുകാട്ടി നേരത്തേ രണ്ട് കമ്മിഷണർമാർ കാബിനറ്റ് സെക്രട്ടറിക്ക് കത്തുനൽകിയത് വൻവിവാദമായിരുന്നു.

Content Highlights: ECI permits deleted voters from 7 states to re-apply without using Form 6., Applies to 4.52 million voters removed during intensive voter list revision., Affected voters must submit a filled enumeration form with a valid reason., Voters can download enumeration forms using their voter ID via the ECI Net app.