AAPക്കെതിരെ തുറന്നപോരിന് ഡല്‍ഹി ലഫ്.ഗവര്‍ണര്‍; 223 വനിതാ കമ്മിഷന്‍ ജീവനക്കാരെ പുറത്താക്കി

അരവിന്ദ് കെജ്‌രിവാള്‍, വി.കെ. സക്‌സേന | Photo : ANI, PTI
അരവിന്ദ് കെജ്‌രിവാള്‍, വി.കെ. സക്‌സേന | Photo : ANI, PTI

ന്യൂഡല്‍ഹി: ആം ആദ്മി സര്‍ക്കാരിനെതിരേ തുറന്ന പോരിനിറങ്ങി ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ  സക്‌സനേ. അനധികൃത നിയമനം ആരോപിച്ച് ഡല്‍ഹി വനിതാ കമ്മിഷനിലെ 223 ജീവനക്കാരെ പുറത്താക്കി സക്‌സേന ഉത്തരവിറക്കി. എ.എ.പി രാജ്യസഭാ എം.പി സ്വാതി മലിവാള്‍ ചെയര്‍പേഴ്‌സണായിരിക്കെ നിയമിച്ച ജീവനക്കാരെയാണ് സക്‌സേന കൂട്ടത്തോടെ പുറത്താക്കിയത്.

40 ജീവനക്കാരെ നിയമിക്കാനാണ് അനുമതിയെന്നും എന്നാല്‍ 223 പുതിയ നിയമനം നടത്തിയത് അംഗീകാരമില്ലാതെയാണെന്നുമാണ് ഉത്തരവില്‍ സക്‌സേന ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല കമ്മിഷന് ജീവനക്കാരെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കാന്‍ അധികാരമില്ലെന്നം ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 

ധനകാര്യ വിഭാഗത്തിന്റെ അംഗീകാരമില്ലാതെ സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന ഒരു നീക്കവുമായി മുന്നോട്ട് പോവില്ലെന്ന് നേരത്തെ തന്നെ കമ്മിഷന്‍ അറിയിച്ചിരുന്നു. എന്നാല്‍ മാനദണ്ഡം പാലിക്കാതെയായിരുന്നു നിയമനമെന്ന് അന്വേഷണത്തില്‍ വ്യക്തമായതായും ഉത്തരവില്‍ പറയുന്നുണ്ട്. 

രാജ്യസഭാ എം.പിയായി പോവുന്നതിന് മുമ്പെ ഒമ്പത് വര്‍ഷത്തോളമാണ് സ്വാതി മണിവാള്‍ വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തിരുന്നത്. നിലവില്‍ ചെയര്‍പേഴ്‌സണ്‍  സ്ഥാനം ഒഴിഞ്ഞിരിക്കുകയാണ്. താന്‍ നടത്തിയ നിയമനവുമായി ബന്ധപ്പെട്ട് ധനകാര്യ വിഭാഗത്തിന്റെ അംഗീകാരത്തിനായി മണിവാള്‍ തുടര്‍ച്ചയായി ശ്രമം നടത്തുന്നതായും ഉത്തരവില്‍ പറയുന്നുണ്ട്. 

വിഷയത്തില്‍ മണിവാള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ജീവനക്കാരുടെ പുറത്താക്കലിലൂടെ എ.എ.പിയുമായി പരസ്യപോരിന് തന്നെ സക്‌സേന തുടക്കമിടുകയാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. 

ലഫ്.ഗവര്‍ണര്‍ ഡല്‍ഹിയുടെ ഭരണം നടത്താന്‍ അനുവദിക്കുന്നില്ലെന്നും ബിജെപി നോമിനി എന്നതുകൊണ്ടു തന്നെ എല്ലാ പ്രവര്‍ത്തനങ്ങളേയും തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും എ.എ.പി ആരോപിച്ചിരുന്നു. ഇതിനിടെയാണ് ജീവനക്കാരുടെ കൂട്ടപിരിച്ചുവിടല്‍.
 

Content Highlights: Delhi leutenant governors big move against aap appointments