ഡൽഹിയിൽ അഞ്ചുനില കെട്ടിടം തകർന്നു വീണു; നിരവധിയാളുകൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ സീമാപുരിയിൽ അഞ്ചുനില കെട്ടിടം തകർന്നുവീണു. ബുധനാഴ്ച വൈകുന്നേരം 3.30-നായിരുന്നു സംഭവം. അപകടത്തിൽ നിരവധി ആളുകൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. ഫയർ എഞ്ചിനുകൾ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
ആംബുലൻസുകൾക്കും രക്ഷാപ്രവർത്തന വാഹനങ്ങൾക്കും വേഗത്തിൽ കടന്നുപോകാൻ വഴി നൽകുന്നതിനായി പൊതുജനങ്ങൾ ഈ പ്രദേശം ഒഴിയണമെന്ന് ഡൽഹി ട്രാഫിക് പോലീസ് ആവശ്യപ്പെട്ടു. അപകടത്തെ തുടർന്ന് സീമാപുരി ഗോൾ ചക്കർ, ഡിഎൽഎഫ് ഭോപുര, സമീപ റോഡുകൾ എന്നിവിടങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ടെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. അപകടസ്ഥലത്ത് ആളുകൾ ഒത്തുകൂടരുതെന്നും അനാവശ്യമായി വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും ട്രാഫിക് പോലീസിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
ഒരുമാസം മുൻപ് സത്യ നികേതനിൽ നടന്ന ഹോസ്റ്റൽ ദുരന്തത്തിൽ ഏഴ് പേർ മരണപ്പെടുകയും നിരവധിയാളുകൾക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെയാണ് ഈ അപകടം ഉണ്ടായിരിക്കുന്നത്.