ആസ്ഥാന മന്ദിരത്തിലെ ലൈബ്രറിയ്ക്ക് മന്‍മോഹന്റെ പേരുനല്‍കും; വിവാദത്തിന് പിന്നില്‍ BJP- കോണ്‍ഗ്രസ്

കോണ്‍ഗ്രസിന്റെ പുതിയ ആസ്ഥാനമന്ദിരത്തിന് പുറത്ത് പ്രത്യക്ഷപ്പെട്ട പോസ്റ്റര്‍. 2. പുതിയ ആസ്ഥാന മന്ദിരം | Photo - PTI
കോണ്‍ഗ്രസിന്റെ പുതിയ ആസ്ഥാനമന്ദിരത്തിന് പുറത്ത് പ്രത്യക്ഷപ്പെട്ട പോസ്റ്റര്‍. 2. പുതിയ ആസ്ഥാന മന്ദിരം | Photo - PTI

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ പേര് ഇന്ദിര ഭവന്‍ എന്നുതന്നെ ആയിരിക്കുമെന്ന് കോണ്‍ഗ്രസ്. ഈ മന്ദിരത്തിലെ ലൈബ്രറിക്ക് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ പേര് നല്‍കുമെന്നും പാര്‍ട്ടി വൃത്തമാക്കി.

പുതിയ മന്ദിരത്തിന് മന്‍മോഹൻ സിങിന്റെ പേര് നല്‍കണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തിയിരുന്നു. സര്‍ദാര്‍ മന്‍മോഹന്‍ സിങ് ഭവന്‍ എന്നെഴുതിയ പോസ്റ്ററുകള്‍ പുതിയ മന്ദിരത്തിന് പുറത്ത് പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. പിന്നാലെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തന്നെ നിലപാട് വ്യക്തമാക്കിയത്.

'ഡോ. മന്‍മോഹന്‍ സിങ്ങിന്റെ ചരിത്രപരമായ സംഭാവനകള്‍ക്കുമുന്നില്‍ ശിരസ് നമിക്കുന്നു. പുതിയ ആസ്ഥാന മന്ദിരത്തിലെ ലൈബ്രറിക്ക് ഡോ. മന്‍മോഹന്‍ സിങ് ലൈബ്രറി എന്ന് പേരുനല്‍കും', ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെ ഖാര്‍ഗെ പ്രഖ്യാപനം നടത്തി. കോണ്‍ഗ്രസിന്റെ പുതിയ ആസ്ഥാനത്തിന് മന്‍മോഹന്‍ സിങ്ങിന്റെ പേര് നല്‍കണമെന്ന ആവശ്യവുമായി ബിജെപി ഐ.ടി സെല്‍ തലവന്‍ അമിത് മാളവ്യയടക്കം നേരത്തെ രംഗത്തെത്തിയിരുന്നു.

'മന്‍മോഹന്‍ തന്റെ മാര്‍ഗദര്‍ശിയാണെന്ന് പ്രഖ്യാപിച്ച രാഹുല്‍ഗാന്ധി, അദ്ദേഹത്തിന്റെ വിയോഗത്തില്‍ രാജ്യം ദുഃഖാചരണം നടത്തുന്നതിനിടെ വിയറ്റ്നാമില്‍ പുതുവത്സരം ആഘോഷിക്കാന്‍ പോയി. അദ്ദേഹത്തിന്റെ ചിതാഭസ്മം ഏറ്റുവാങ്ങാന്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ എത്തുകയും ചെയ്തില്ല. ഈ സാഹചര്യത്തില്‍ പാര്‍ട്ടി ആസ്ഥാനത്തിന് മന്‍മോഹന്റെ പേര് നല്‍കുന്നത് അദ്ദേഹത്തിന് നല്‍കുന്ന ആദരവ് ആയിരിക്കും. ഇക്കാര്യത്തില്‍ ശരിയായ തീരുമാനം എടുക്കേണ്ടത് ഗാന്ധി കുടുംബമാണ്' അമിത് മാളവ്യ ചൂണ്ടിക്കാട്ടി. എന്നാല്‍ ബിജെപിയുടെ ആരോപണങ്ങള്‍ തള്ളി കോണ്‍ഗ്രസ് നേതാവ് അനില്‍ ശാസ്ത്രി രംഗത്തെത്തി. പോസ്റ്റര്‍ വിവാദത്തിന് പിന്നില്‍ ബിജെപി ഗൂഢാലോചനയാണെന്ന് ആരോപിച്ച അദ്ദേഹം പുതിയ ആസ്ഥാന മന്ദിരത്തിന് ഇന്ദിര ഭവനെന്ന പേര് നല്‍കാനുള്ള തീരുമാനം വളരെ മുമ്പുതന്നെ സ്വീകരിച്ചതാണെന്നും വ്യക്തമാക്കിയിരുന്നു.

Content Highlights: Congress confirms its new headquarters will be named Indira Bhavan, with the library named after Man