20 തൃണമൂൽ എംപിമാരുടെ 'വിചിത്രലയന'ത്തിന് പിന്നിൽ അമിത് ഷാ, ജനാധിപത്യം അപകടത്തിൽ- കോൺഗ്രസ്

#ന്യൂസ് ഡെസ്ക്
ജയ്‌റാം രമേശ്, അമിത് ഷാ | Photo: ANI
ജയ്‌റാം രമേശ്, അമിത് ഷാ | Photo: ANI

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിലെ 20 വിമത ലോക്സഭാ എംപിമാർ 'നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ' (എൻസിപിഐ) എന്ന പാർട്ടിയിൽ ലയിച്ചതായുള്ള പ്രഖ്യാപനത്തിന് പിന്നിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണെന്ന് കോൺഗ്രസ്. ഇത് നിയമവിരുദ്ധമായ കൂറുമാറ്റമാണെന്നും അമിത് ഷായാണ് ഇതിന്റെ സൂത്രധാരനെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് കുറ്റപ്പെടുത്തി. ഒരിക്കൽ സർദാർ പട്ടേൽ വഹിച്ചിരുന്ന പദവിക്ക് തികഞ്ഞ അപമാനമാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയെന്നും ലജ്ജയില്ലാത്ത രീതിയിൽ ഇന്ത്യൻ ജനാധിപത്യത്തെ പുതിയ താഴ്ചകളിലേക്ക് അമിത് ഷാ എത്തിച്ചിരിക്കുയാണെന്നും അദ്ദേഹം വിമർശിച്ചു.

ലോക്സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയെടുക്കാനുള്ള അമിത് ഷായുടെ കൃത്യമായ തന്ത്രത്തിന്റെ ഭാഗമാണ് ഈ വിചിത്രമായ നീക്കമെന്ന് കോൺഗ്രസ് ആരോപിച്ചു. കേവലം മൂന്ന് വർഷം മുമ്പ് രൂപീകരിച്ച, രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും അധികം അറിയപ്പെടാത്ത എൻസിപിഐ പോലുള്ള ഒരു പാർട്ടിയിൽ തൃണമൂൽ എംപിമാർ ലയിച്ചത് വലിയ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. എൻസിപിഐ എൻഡിഎയ്ക്കുള്ളിലെ ഒരു പ്രധാന ഘടകകക്ഷിയായി ഉയർന്നുവന്നേക്കാം എന്നും ടിഡിപി, ജെഡി(യു) തുടങ്ങിയസഖ്യകക്ഷികളെപ്പോലും അത് മറികടന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം അധാർമ്മിക തന്ത്രങ്ങൾക്കെതിരെ സഖ്യകക്ഷികൾ ശബ്ദമുയർത്തണമെന്നും ജയറാം രമേശ് ആവശ്യപ്പെട്ടു. അമിത് ഷാ പദവിയിൽ തുടരുന്ന ഓരോ ദിവസവും ഭരണഘടനാ മൂല്യങ്ങളും തത്വങ്ങളും ഭീഷണി നേരിടുന്നുവെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി.

ഈ ലയനം ഔദ്യോഗികമായി അംഗീകരിക്കപ്പെടുകയാണെങ്കിൽ തൃണമൂൽ കോൺഗ്രസിന് ലോക്സഭയിൽ തങ്ങളുടെ വലിയൊരു വിഭാഗം അംഗങ്ങളെ നഷ്ടമാകും. പാർട്ടിയുടെ അംഗബലം 28-ൽ നിന്ന് എട്ടായി കുത്തനെ കുറയും. രാജ്യസഭയിലും ഇതിനകം തന്നെ പാർട്ടിയുടെ അംഗസംഖ്യ 13-ൽ നിന്ന് 10 ആയി കുറഞ്ഞിട്ടുണ്ട്. പാർലമെന്റിൽ ബിജെപിയെ നേരിടാനുള്ള പ്രതിപക്ഷമായ ഇന്ത്യ സഖ്യത്തിന്റെ ശേഷിയെ ഇത് സാരമായി ബാധിക്കുമെന്നതാണ് കോൺഗ്രസിനെ ആശങ്കപ്പെടുത്തുന്ന പ്രധാന കാര്യം.

അതേസമയം, ഈ മാറ്റത്തിലൂടെ ലോക്സഭയിൽ എൻഡിഎയുടെ അംഗബലം 294-ൽ നിന്ന് 314 ആയി ഉയരും. എങ്കിലും ഭരണഘടനാ ഭേദഗതികൾക്ക് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം എന്ന കടമ്പ കടക്കാൻ സഖ്യത്തിന് ലോക്സഭയിൽ ഇനിയും 46 സീറ്റുകളുടെ കുറവുണ്ടാകും. എന്നാൽ, രാജ്യസഭയിൽ സ്ഥിതി വ്യത്യസ്തമാണ്. അവിടെ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് വെറും എട്ട് സീറ്റുകൾ മാത്രം അകലെയായിരിക്കും എൻഡിഎ.

Content Highlights: Congress alleges Amit Shah masterminded the merger of 20 TMC MPs with NCPI to boost NDA's Lok Sabha strength.