പഞ്ചാബിൽ വീണ്ടും ബിജെപി-അകാലിദൾ സഖ്യം; 'ബഡാ ഭായ് മുഖ്യമന്ത്രിയാകും, ആം ആദ്മി പാർട്ടി ഒറ്റയക്കത്തിലൊതുങ്ങും'

#ന്യൂസ് ഡെസ്ക്
സഖ്യം പ്രഖ്യാപിച്ച ശേഷം ശിരോമണി അകാലിദള്‍-ബിജെപി നേതാക്കള്‍ |ഫോട്ടോ:PTI
സഖ്യം പ്രഖ്യാപിച്ച ശേഷം ശിരോമണി അകാലിദള്‍-ബിജെപി നേതാക്കള്‍ |ഫോട്ടോ:PTI

ന്യൂഡൽഹി: ആറുവർഷത്തെ ഇടവേളയ്ക്കുശേഷം ബിജെപിയുമായി വീണ്ടും കൈകോർത്ത് അകാലിദൾ. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയും അകാലിദളും സഖ്യം പ്രഖ്യാപിച്ചു. ബിജെപി അധ്യക്ഷൻ നിതിൻ നബിൻ, ആഭ്യന്തര മന്ത്രി അമിത് ഷാ, അകാലിദൾ മേധാവി സുഖ്ബീർ സിങ് ബാദൽ എന്നിവരാണ് സഖ്യം പ്രഖ്യാപിച്ചത്.

'ഞങ്ങളുടെ ഏറ്റവും പഴയ സഖ്യകക്ഷിയായ അകാലിദൾ ഇപ്പോൾ എൻഡിഎയിലേക്ക് തിരിച്ചെത്തിയിരിക്കുന്നു എന്നത് വളരെ സന്തോഷകരമായ കാര്യമാണ്' സഖ്യം പ്രഖ്യാപിച്ച ശേഷം അമിത് ഷാ പറഞ്ഞു. സഖ്യത്തിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിക്കുകയും സഖ്യത്തെ 'ഹിന്ദു-സിഖ് സാഹോദര്യത്തിന്റെ പ്രതീകം' എന്ന് വിശേഷിപ്പിക്കുകയും ചെയ്തതായും ആഭ്യന്തര മന്ത്രി പറഞ്ഞു.

'ബാദൽ സാഹിബുമായി ഞങ്ങൾക്ക് ദീർഘകാലത്തെ അഗാധമായ ബന്ധമാണുള്ളത്, അതുപോലെ ബി.ജെ.പിയും അകാലിദളും തമ്മിലും ആഴത്തിലുള്ള ബന്ധമുണ്ട്. ഈ സഖ്യം പഞ്ചാബിൽ മാത്രമല്ല, രാജ്യത്തും ലോകത്താകമാനവും ഹിന്ദു-സിഖ് സാഹോദര്യത്തിന്റെ പ്രതീകമായി വർത്തിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു', അമിത് ഷാ പറഞ്ഞു.

2029 ഡിസംബറോടെ പഞ്ചാബിനെ 'ലഹരിവിമുക്തമാക്കുമെന്ന' വാഗ്ദാനം അമിത് ഷാ ആവർത്തിച്ചു. സീറ്റ് പങ്കിടൽ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയില്ലെങ്കിലും സഖ്യത്തിൽ അകാലിദൾ 'വലിയേട്ടനായി' തുടരുമെന്നും പറഞ്ഞ അമിത് ഷാ മുഖ്യമന്ത്രിയും പഞ്ചാബ് പാർട്ടിയിൽ നിന്നായിരിക്കുമെന്നും വ്യക്തമാക്കി. 'ബഡാ ഭായ്' മുഖ്യമന്ത്രിയാകും, അമിത് ഷാ കൂട്ടിച്ചേർത്തു.

ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയുടെ സീറ്റുകളുടെ എണ്ണം ഒറ്റ അക്കത്തിലേക്ക് ചുരുങ്ങുമെന്ന് ശിരോമണി അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിങ് ബാദൽ പറഞ്ഞു.

'ഇന്നൊരു ശുഭദിനമാണ്. സവിശേഷ അവസരത്തിലാണ് ഈ സഖ്യം രൂപീകരിക്കുന്നത്. ഇതൊരു രാഷ്ട്രീയ സഖ്യമല്ല, മറിച്ച് വൈകാരികമായ ഒരു ബന്ധമാണ്. അകാലിദളും ബി.ജെ.പിയും തമ്മിലുള്ള ബന്ധം നഖവും മാംസവും തമ്മിലുള്ള ബന്ധം പോലെയാണെന്ന് എന്റെ അന്തരിച്ച പിതാവ് പറയാറുണ്ടായിരുന്നു. ഈ സഖ്യം പഞ്ചാബിന് മാത്രമല്ല, രാജ്യത്തിനും സിഖ് സമൂഹത്തിനും കൂടി ഗുണകരമാണ്...' സുഖ്ബീർ സിങ് ബാദൽ കൂട്ടിച്ചേർത്തു.

ആറുവർഷം മുമ്പ് പുതിയ കാർഷിക നിയമങ്ങളുടെ പേരിലാണ് ശിരോമണി അകാലിദൾ എൻഡിഎ ബന്ധം ഉപേക്ഷിച്ചത്. സഖ്യം പ്രഖ്യാപിച്ചെങ്കിലും തിരഞ്ഞെടുപ്പിൽ ഇരുവരും മത്സരിക്കുന്ന സീറ്റുകൾ സംബന്ധിച്ച് അന്തിമ ധാരണയിലെത്തിയിട്ടില്ല.

117 അംഗ പഞ്ചാബ് നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപി 40 സീറ്റുകളിൽ മത്സരിക്കാനാണ് സാധ്യത. 2020-ൽ സഖ്യം തകരുന്നതിന് മുമ്പ് ബിജെപി 23 സീറ്റുകളിലും അകാലിദൾ 94 സീറ്റുകളിലുമാണ് മത്സരിച്ചിരുന്നത്. 2022-ൽ ഇരുപാർട്ടികളും വേറിട്ട് മത്സരിച്ചപ്പോൾ ബിജെപിക്ക് രണ്ട് സീറ്റിലും ശിരോമണി അകാലിദളിന് മൂന്ന് സീറ്റിലും മാത്രമാണ് വിജയിക്കാനായത്.

Content Highlights: BJP and Shiromani Akali Dal have reunited after a six-year hiatus for the upcoming Punjab assembly elections., The alliance was announced by BJP President Nitin Nabin, Home Minister Amit Shah, and SAD chief Sukhbir Singh Badal., Amit Shah promised to make Punjab drug-free by December 2029 and stated the Chief Minister will be from the big brother (Bada Bhai) party., Seat-sharing details have not been finalized yet for the 117-member Punjab assembly.