'U' ടേൺ അടിച്ച് ബാർ കൗൺസിൽ; NALSAR-ലെ വിദ്യാർഥികൾക്ക് വിലക്കേർപ്പെടുത്തിയ നിർദേശം പിൻവലിച്ചു

ന്യൂഡൽഹി: ഹൈദരാബാദിലെ നാഷണൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ചിലെ (എൻഎഎൽഎസ്എആർ) 2026 വർഷത്തെ ബിരുദധാരികൾക്ക് അഭിഭാഷകരായി എൻറോൾമെന്റ് നൽകില്ലെന്ന തീരുമാനത്തിൽ നിന്ന് 'യു ടേൺ' അടിച്ച് ബാർ കൗൺസിൽ ഓഫ് ഇന്ത്യ. ചെയർമാൻ മനൻ കുമാർ മിശ്രയുടെ തീരുമാനം ബാർ കൗൺസിൽ യോഗം ചേർന്നാണ് പിൻവലിച്ചത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയാക്കുന്നതിനെതിരെ വിദ്യാർഥികൾ പ്രചാരണം നടത്തിയത് ചൂണ്ടിക്കാട്ടിയാണ് ബാർ കൗൺസിൽ നേരത്തേ ഇത്തരമൊരു തീരുമാനമെടുത്തത്. ഇതിനെതിരെ കനത്ത പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) അടക്കം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നിർദേശം പിൻവലിച്ചത്.
ഭൂരിഭാഗം വിദ്യാർഥികളും നിരപരാധികളാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിലക്ക് പിൻവലിക്കുന്നതെന്നാണ് ബാർ കൗൺസിൽ ഓഫ് ഇന്ത്യ വ്യക്തമാക്കുന്നത്. സെപ്റ്റംബറിൽ നടക്കുന്ന സർവ്വകലാശാലാ ബിരുദദാന ചടങ്ങിൽ ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് പങ്കെടുക്കുന്നതിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ പ്രചാരണത്തിൽ പങ്കാളികളാകാൻ ഭൂരിഭാഗം വിദ്യാർഥികൾക്കും ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്ന് ബി.സി.ഐ കൗൺസിൽ നിരീക്ഷിച്ചു.
വിലക്ക് താത്കാലികമാണെന്നും വൈസ് ചാൻസലർ സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് 19-ന് വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നാണ് ബാർ കൗൺസിൽ ഓഫ് ഇന്ത്യ നേരത്തേ അറിയിച്ചിരുന്നത്.
ഓഗസ്റ്റ് 13-നാണ് വിദ്യാർഥികളെ എൻറോൾ ചെയ്യുന്നത് വിലക്കിക്കൊണ്ടുള്ള നിർദേശം മനൻ കുമാർ മിശ്ര എല്ലാ സംസ്ഥാനങ്ങളിലേയും ബാർ കൗൺസിലുകൾക്ക് നൽകിയത്. ഒപ്പം സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ പ്രചാരണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കുറിച്ചുള്ള സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സർവകലാശാലാ വി.സിയോട് മിശ്ര ആവശ്യപ്പെട്ടിരുന്നു.
ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭങ്ങളെക്കുറിച്ച് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് നടത്തിയ പരാമർശങ്ങളിൽ പ്രതിഷേധിച്ച്, യൂണിവേഴ്സിറ്റിയുടെ ബിരുദദാന ചടങ്ങിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുന്നതിനെ ഒരു വിഭാഗം വിദ്യാർഥികൾ എതിർത്തിരുന്നു. ഈ സംഭവത്തിൽ കടുത്ത അമർഷം രേഖപ്പെടുത്തിയ ബിസിഐ ചെയർമാൻ, മൂന്ന് ദിവസത്തിനകം സംഭവത്തിൽ ഉൾപ്പെട്ട പ്രധാന വ്യക്തികളെ കണ്ടെത്തി റിപ്പോർട്ട് നൽകാനാണ് വി.സിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതിഷേധ പ്രചാരണം ആരംഭിച്ചവർ, ഏകോപിപ്പിച്ചവർ, പിന്തുണ തേടിയവർ എന്നിവരെ കണ്ടെത്തുക. ചീഫ് ജസ്റ്റിസിനെ ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ നൽകിയ നിവേദനങ്ങൾ, ഹർജികൾ, മെമ്മോറാണ്ടം എന്നിവയുടെ പകർപ്പുകളും ഒപ്പിട്ടവരുടെ പൂർണ്ണ വിവരങ്ങളും ഹാജരാക്കുക തുടങ്ങിയ വിവരങ്ങളാണ് ആവശ്യപ്പെട്ടിരുന്നത്.
Content Highlights: The Bar Council of India has reversed its previous decision to deny advocate enrollment to 2026 NALSAR graduates, following a meeting chaired by Manan Kumar Mishra after finding that the majority of students were innocent.