ബദരീനാഥ് ക്ഷേത്രത്തിലെ കാണിക്ക മോഷണം; നോട്ടുകെട്ടുകളും സ്വർണവും കടത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ബദരീനാഥ്: ഉത്തരാഖണ്ഡിലെ ബദരീനാഥ് ക്ഷേത്രത്തിലെ കാണിക്ക മോഷണവുമായി ബന്ധപ്പെട്ട് നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ക്ഷേത്രത്തിലെ വോൾട്ട് മുറിയിൽനിന്ന് നോട്ടുകെട്ടുകളും സ്വർണ, വെള്ളി ഉരുപ്പടികളുമായി ബദരീനാഥ്-കേദാർനാഥ് ടെമ്പിൾ കമ്മിറ്റി ചെയർമാന്റെ പേഴ്സണൽ അസിസ്റ്റന്റായിരുന്ന പ്രമോദ് നോട്ടിയാൽ പുറത്തേക്ക് പോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
സംഭവവുമായി ബന്ധപ്പെട്ട് പ്രമോദ് നോട്ടിയാലിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. ആരോപണം ഉയർന്നതിനുപിന്നാലെ ഇയാളെ കമ്മിറ്റിയിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. ജൂലൈ രണ്ടിലെ ദൃശ്യങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്. മണിക്കൂറുകളുടെ ഇടവേളയിൽ പ്രമോദ് നോട്ടിയാൽ എട്ടുതവണ വോൾട്ട് മുറിയുടെ പുറത്തേക്ക് പോകുന്നതും ഒരോ തവണയും മൊബൈൽ ഫോൺ ഉപയോഗിച്ച് പണക്കെട്ടുകൾ മറച്ചുപിടിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
സംഭവത്തിൽ കൂടുതൽപേരെ പോലീസ് ചോദ്യംചെയ്തുവരികയാണെന്നും കഴിഞ്ഞ 40 ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ടെന്നും ചമോലി അഡീഷണൽ സൂപ്രണ്ട് മദൻ സിങ് ബിസ്റ്റ് പറഞ്ഞു.
അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങൾ ചോദ്യംചെയ്തുകൊണ്ട് പ്രമോദ് നോട്ടിയാൽ ഉത്തരാഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹർജി ജൂലൈ 16-ന് കോടതി പരിഗണിക്കും.
സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ ഗർവാൾ ഡിവിഷണൽ കമ്മീഷണർ ആനന്ദ് സ്വരൂപിന്റെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈ സമിതി ജൂലൈ 22-ഓടെ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിക്ക് റിപ്പോർട്ട് സമർപ്പിക്കും.
Content Highlights: CCTV footage confirms 8 instances of theft from the Badrinath temple vault., BKTC chairman's former PA, Pramod Nautiyal, suspended and under investigation., Three-member committee formed to submit report to CM Pushkar Singh Dhami by July 22., Uttarakhand High Court to hear the accused's plea on July 16.