അയോധ്യയിലെ പൊട്ടിത്തെറിക്ക് പിന്നിൽ മോദി-യോഗി പോരും; 2027-ലേക്ക് കണ്ണുവെച്ച് രാമക്ഷേത്ര വിവാദം

#പ്രത്യേക ലേഖകൻ
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥും | Photo: Nand Kumar/PTI
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥും | Photo: Nand Kumar/PTI

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിൽ സംഭാവനക്കൊള്ള നടന്നെന്ന് സംഘപരിവാർ സംഘടനകൾ സമ്മതിക്കുമ്പോൾത്തന്നെ, ഇതുസംബന്ധിച്ച വാർത്തകൾ പുറത്തുവന്ന സമയത്തിന്റെ രാഷ്ട്രീയം ചർച്ചയാകുന്നു. ഉത്തർപ്രദേശ് നിയമസഭാതിരഞ്ഞെടുപ്പിന് മാസങ്ങൾമാത്രം ബാക്കിനിൽക്കെ മോഷണവിവരം വെളിപ്പെട്ടതിനുപിന്നിൽ ബി.ജെ.പി.യിലെ ഉൾപ്പോരുമുണ്ടെന്നാണ് വിലയിരുത്തൽ. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മിലുള്ള അണിയറയുദ്ധത്തിന്റെ പ്രതിഫലനംകൂടിയാണിതെന്നും സൂചനയുണ്ട്.

മോദിയുടെ വിശ്വസ്തനും മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും രാമക്ഷേത്രനിർമാണസമിതി ചെയർമാനുമായ നൃപേന്ദ്ര മിശ്രയാണ് നീക്കങ്ങളുടെ കേന്ദ്രബിന്ദുവെന്നതാണ് ഈ വിലയിരുത്തലിന് ആക്കംകൂട്ടുന്നത്. ഉന്നതനേതൃത്വത്തിന്റെ അനുമതിയില്ലാതെ മിശ്ര വെളിപ്പെടുത്തലുമായി എത്താനിടയില്ല. മോദിയാകട്ടെ, തന്ത്രപരമായ മൗനത്തിലുമാണ്.

രാമക്ഷേത്രനിർമാണവുമായി ബന്ധപ്പെട്ട് 2020 മുതൽ സാമ്പത്തികാരോപണങ്ങൾ ഉയരുന്നുണ്ടെങ്കിലും, തുറന്ന വെളിപ്പെടുത്തലുണ്ടായത് കഴിഞ്ഞ മാസമാണ്. ആദ്യം ആരോപണത്തെ പ്രതിരോധിക്കാനാണ് മുഖ്യമന്ത്രി യോഗി ശ്രമിച്ചതെങ്കിലും പിന്നീട് അന്വേഷണം പ്രഖ്യാപിച്ചു. നൃപേന്ദ്ര മിശ്ര കൊള്ളയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയതോടെയാണ് യോഗി നിലപാടുമാറ്റിയതെന്നാണ് സൂചന. കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന വാദം ബി.ജെ.പി.യിൽ ഒരു വിഭാഗം ഉയർത്തുന്നത് ഇതിന്റെ തുടർച്ചയാണ്.

ശീതസമരം നേരത്തേ തുടങ്ങി

2017-ൽ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി യോഗി അവരോധിക്കപ്പെട്ടതുമുതൽ മോദി-ഷാ ദ്വന്ദ്വവും യോഗിയും തമ്മിൽ സ്വരച്ചേർച്ചയിലല്ല. മോദിയും ഷായും നിർദേശിച്ച പേരുകൾ വെട്ടി ആർ.എസ്.എസാണ് യോഗിയെ മുഖ്യമന്ത്രി സ്ഥാനത്തെത്തിച്ചത്. തിരഞ്ഞെടുപ്പുനയിച്ച ബി.ജെ.പി. നേതാവ് കേശവ് പ്രസാദ് മൗര്യയെ പിന്തള്ളിയായിരുന്നു അത്. പ്രധാനമന്ത്രിപദത്തിൽ മോദിയുടെ പിൻഗാമിയായി ആർ.എസ്.എസ്. മുന്നോട്ടുവെക്കുന്ന യോഗിയുമായി മോദി-ഷാ ക്യാംപ് ഉടക്കുന്ന ദൃശ്യങ്ങളായിരുന്നു പിന്നീട്. കോവിഡ് കാലത്തെ ഭരണവീഴ്ചകളുയർത്തി 2022-ലെ തിരഞ്ഞെടുപ്പിൽ യോഗിയെ മാറ്റണമെന്ന് മോദി-ഷാ ക്യാംപ് വാദിച്ചു. എന്നാൽ, ആർ.എസ്.എസ്. പിന്തുണയോടെ യോഗി ഇത് മറികടന്നു.

നൃപേന്ദ്ര മിശ്രയുടെ മകനും തോറ്റു

2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ.യ്ക്ക് യു.പി.യിലുണ്ടായ ക്ഷീണത്തിൽ യോഗിക്ക് പങ്കുണ്ടെന്നാണ് നിരീക്ഷണം. ഇതിനൊപ്പം ആർ.എസ്.എസ്. നിസ്സഹകരണംകൂടിയായപ്പോൾ ബി.ജെ.പി. വെള്ളംകുടിച്ചു. രാമക്ഷേത്രമുള്ള അയോധ്യയിലടക്കം പരാജയപ്പെട്ടു. തോറ്റ ബി.ജെ.പി. സ്ഥാനാർഥികളിൽ നൃപേന്ദ്ര മിശ്രയുടെ മകൻ സാകേത് മിശ്രയും ഉണ്ടായിരുന്നുവെന്നത് ശ്രദ്ധേയം. 2027-ലെ നിയമസഭാതിരഞ്ഞെടുപ്പിന് വീണ്ടും യു.പി. ഒരുങ്ങുമ്പോൾ, അയോധ്യയിലെ സംഭാവനക്കൊള്ളയായിരിക്കും പ്രധാന ചർച്ചാവിഷയം. പ്രതിപക്ഷത്തിനുമാത്രമല്ല, ബി.ജെ.പി.യിൽ ഒരു വിഭാഗത്തിനും ഈ വിഷയം നീറിനിൽക്കുന്നതിലാണ് താത്‌പര്യം. 2024-നുള്ള മറുപടിയാകുമോ 2027 എന്നതാണ് ചോദ്യം.