അഹമ്മദാബാദ് വിമാനദുരന്തം: അട്ടിമറി സാധ്യതയടക്കം എല്ലാവശങ്ങളും പരിശോധിക്കുന്നതായി കേന്ദ്രം

മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിൽ വിമാനം ഇടിച്ചിറങ്ങിയ നിലയിൽ| Photo: ANI
മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിൽ വിമാനം ഇടിച്ചിറങ്ങിയ നിലയിൽ| Photo: ANI

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാന ദുരന്തം സംബന്ധിച്ച് അട്ടിമറി സാധ്യതയും അന്വേഷിക്കുന്നുണ്ടെന്ന് സിവില്‍ വ്യോമയാന സഹമന്ത്രി മുരളീധര്‍ മൊഹോല്‍. അപകടം സംബന്ധിച്ച് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി)യുടെ അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്താവന. 

അപകടം സംബന്ധിച്ച് എഎഐബി വിശദമായ അന്വേഷണം നടത്തിവരികയാണ്. അട്ടിമറിക്കുള്ള സാധ്യതയടക്കം എല്ലാ വശങ്ങളും പരിശോധിക്കുന്നുണ്ട്. എല്ലാ ഭാഗങ്ങളില്‍നിന്നുമുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. നിരവധി ഏജന്‍സികള്‍ അന്വേഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്, മന്ത്രി പറഞ്ഞു.

വിമാനം അപകടത്തില്‍പ്പെടുന്നതിലേക്ക് നയിച്ച സംഭവങ്ങള്‍ ക്രമാനുഗതമായി അവലോകനം നടത്തിവരികയാണ്. എന്‍ജിനുകള്‍ക്ക് പെട്ടെന്നുണ്ടായ തകരാര്‍, സിസ്റ്റം തകരാര്‍ തുടങ്ങിയ സാധ്യതകളും മാനുഷികമായ വീഴ്ചകളും പരിശോധിക്കുന്നുണ്ട്. വിമാനത്തിന്റെ ബ്ലാക് ബോക്‌സില്‍നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്യുന്നതിലൂടെ കൃത്യമായ ഒരു വിവരം ലഭിക്കുമെന്നാണ് കരുതുന്നതെന്നും അന്വേഷണസംഘം കരുതുന്നു.

ജൂണ്‍ 12-ന് ആണ് 275 പേരുടെ മരണത്തിനിടയാക്കിയ വിമാന ദുരന്തമുണ്ടായത്. മരിച്ചവരില്‍ 241 പേര്‍ വിമാനത്തിനകത്തുണ്ടായിരുന്നവരും 34 പേര്‍ വിമാനം ഇടിച്ചിറങ്ങിയ കെട്ടിടത്തിലും പരിസരത്തും ഉണ്ടായിരുന്നവരും ആണ്. വിമാനത്തിലുണ്ടായിരുന്ന 242 യാത്രക്കാരില്‍ ഒരാള്‍ മാത്രമേ രക്ഷപ്പെട്ടുള്ളൂ. ഡിഎന്‍എ പരിശോധനയിലൂടെ എല്ലാവരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സാധിച്ചിട്ടുണ്ട്.

അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പറന്നുയര്‍ന്ന ബോയിങ് ഡ്രീംലൈനര്‍ വിമാനം പറന്ന് നിമിഷങ്ങള്‍ക്കകം വിമാനത്താവള പരിധിക്കപ്പുറത്തുള്ള ആശുപത്രി ഹോസ്റ്റല്‍ കെട്ടിട സമുച്ചയത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

Content Highlights: Civil Aviation Minister confirms investigation into the Ahmedabad plane crash