മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ടിവികെ നഷ്ടപരിഹാരം നൽകണം, ഇനിയെങ്കിലും സുരക്ഷ പാലിക്കട്ടെ-നടൻ വിശാൽ

തമിഴ് നടൻ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടിവികെ) കരൂരിൽ സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 39 പേർ മരിച്ച സംഭവത്തിൽ പ്രതികരിച്ച് നടൻ വിശാൽ. തീർത്തും അസംബന്ധമായ കാര്യമാണ് നടന്നതെന്നും മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ടിവികെ നഷ്ടപരിഹാരം നൽകണമെന്നും വിശാൽ വ്യക്തമാക്കി. എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് നടൻ പ്രതികരിച്ചത്.
ഇനി ഭാവിയിൽ നടക്കുന്ന ഏതൊരു രാഷ്ട്രീയ റാലിയിലും മതിയായ സുരക്ഷാക്രമീകരണങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മുപ്പതിലധികം പേരുടെ ജീവൻ നഷ്ടപ്പെട്ടു എന്നത് ഹൃദയഭേദകമായ കാര്യമാണ്. നിരപരാധികളായ അവർക്കൊപ്പം തന്റെ ഹൃദയവും വേദനിക്കുന്നുവെന്നും അവരുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും വിശാൽ കുറിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് അഭ്യർത്ഥിക്കുകയാണ്. പാർട്ടിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ കാര്യം അതായിരിക്കുമെന്നും വിശാൽ കൂട്ടിച്ചേർത്തു.
നിലവിൽ ടിവികെയ്‌ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. നാല് വകുപ്പുകൾ ചുമത്തി റാലിയുടെ മുഖ്യസംഘാടകനായ ടിവികെയുടെ കരൂർ വെസ്റ്റ് ജില്ലാ അധ്യക്ഷൻ വി.പി മതിയഴകനെതിരെയാണ് കേസെടുത്തത്. കുട്ടികളും ഗർഭിണികളായ സ്ത്രീകളും ഉൾപ്പെടെ 39 പേരാണ് മരിച്ചത്. ജീവൻ നഷ്ടപ്പെട്ടവരിൽ കൂടുതലും കരൂർ സ്വദേശികളാണ്.
പരിപാടിയിൽ പങ്കെടുക്കാനെത്തിയവരുടെ എണ്ണം നിയന്ത്രണാതീതമായതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംസ്ഥാനവ്യാപകമായി വിജയ് നടത്തുന്ന പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ശനിയാഴ്ച റാലി സംഘടിപ്പിച്ചത്.
Content Highlights: actor vishal on karur stampede vijay tvk rally