തുറസ്സായ സ്ഥലത്ത് റാലി നടത്തണമെന്ന ആവശ്യം ടിവികെ ഭാരവാഹികൾ നിരസിച്ചു; തിരക്കുതുടങ്ങിയത് വെള്ളത്തിനുവേണ്ടി

കരൂർ: റാലിക്കിടെയുണ്ടായ അപകടത്തിൽ നടനും തമിഴക വെട്രികഴകം അധ്യക്ഷനുമായ വിജയ്യെ അറസ്റ്റുചെയ്തേക്കുമെന്ന് സൂചന. സംഭവം നടന്നയുടൻ പ്രതികരണത്തിനു നിൽക്കാതെ ട്രിച്ചി വിമാനത്താവളത്തിലേക്കുപോയ വിജയ് ചെന്നൈയിലേക്കു പോയി. തീർത്തും അപ്രതീക്ഷിതമായ സംഭവത്തിൽ വിജയ് ആകെ ഉലഞ്ഞുപോയെന്നാണ് വീഡിയോദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നത്. സംഭവത്തിൽ വിജയ്യെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന.
വിമാനത്താവളത്തിൽനിന്ന് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടിനൽകിയില്ല. എന്നാൽ, രാത്രി 11 മണിയോടെ സാമൂഹികമാധ്യമത്തിലൂടെ പ്രതികരിച്ചു. ''എന്റെ ഹൃദയം തകർന്നു. സഹിക്കാനാകാത്ത, പറഞ്ഞറിയിക്കാനാകാത്ത വേദനയിൽ ഉള്ളംപിടയുകയാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എന്റെ പ്രിയപ്പെട്ട സഹോദരീസഹോദരൻമാരോട് നിസ്സീമമായ ആദരമറിയിക്കുന്നു. പരിക്കേറ്റവർക്ക് ഉടൻ സാധാരണജീവിതത്തിലേക്ക് തിരിച്ചുവരാനാകട്ടെ'' എന്നാണ് 'എക്സി'ൽ കുറിച്ചത്.
വിജയ്യയും സംഘവും ഉച്ചയോടെ കരൂരിലെത്തുമെന്നാണ് സംഘാടകർ അറിയിച്ചിരുന്നതെങ്കിലും സ്ഥലത്തെത്തുമ്പോൾ രാത്രി ഏഴുമണിയായി. ഇത്രയുംനേരം കാത്തിരുന്ന ജനങ്ങൾ അവശരായിരുന്നു. പ്രതീക്ഷിച്ചതിനെക്കാൾ എത്രയോ ഇരട്ടി ആളുകൾ എത്തുകയുംചെയ്തു.
സ്ഥലത്ത് കുടിവെള്ളം ലഭ്യമായിരുന്നില്ല. വെള്ളംകിട്ടാതെ അവശരായവർക്ക് വിജയ് സഞ്ചരിച്ച വാഹനത്തിൽനിന്ന് കുപ്പിവെള്ളം എറിഞ്ഞുകൊടുക്കുന്നത് വീഡിയോദൃശ്യങ്ങളിൽ കാണാം. വെള്ളത്തിനുവേണ്ടിയുള്ള തിക്കും തിരക്കും വൻദുരന്തത്തിന് കാരണമായെന്നാണ് പ്രാഥമിക വിലയിരുത്തൽ.
നിയന്ത്രിക്കാനാകാതെ ജനസാഗരം
2026-ലെ നിയമസഭാതിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയ് നടത്തുന്ന സംസ്ഥാനതലപ്രചാരണത്തിന്റെ ഭാഗമായിരുന്നു കരൂരിലെ റാലി. ഒഴുകിയെത്തിയ ജനസാഗരത്തെ നിയന്ത്രിക്കാനാകാത്തതാണ് ദുരന്തത്തിലേക്ക് നയിച്ചത്. ജനക്കൂട്ടം നിയന്ത്രണാതീതമായതോടെ പോലീസിന്റെ സഹായം ആവശ്യപ്പെട്ട വിജയ് പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു. കുഴഞ്ഞുവീണ കുട്ടികളെ സഹായിക്കണമെന്നും വിജയ് പറയുന്നുണ്ടായിരുന്നു.
കരൂരിൽ തുറസ്സായ സ്ഥലത്ത് റാലി നടത്തണമെന്ന ആവശ്യം ടിവികെ ഭാരവാഹികൾ നിരസിച്ചതായി മുതിർന്ന പോലീസുദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ. സ്ഥലത്ത് കുടിവെള്ളം നൽകാൻ ക്രമീകരണമില്ലായിരുന്നു. തുറന്ന മൈതാനമാണെങ്കിൽ കൂടുതൽ സുരക്ഷിതമായേനെ എന്ന നിർദേശം സംഘാടകർ അംഗീകരിച്ചില്ല. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ടുതേടി.ഒട്ടേറെ സ്ത്രീകൾ കുട്ടികളുമായി പരിപാടിക്കെത്തി. കുട്ടികളെയും ഗർഭിണികളെയും റാലിയിൽ പങ്കെടുപ്പിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി നേരത്തേ നിർദ്ദേശം നൽകിയിരുന്നു.
Content Highlights: Actor Vijay`s rally in Karur turned tragic. Reports suggest potential arrest following stampede due to lack of water and crowd control. Vijay expresses grief.