അഹമ്മദാബാദ് വിമാനദുരന്തത്തിന് പിന്നാലെ 112 എയർ ഇന്ത്യ പെെലറ്റുമാർ അവധിയിൽപ്രവേശിച്ചു- മന്ത്രി

അഹമ്മദാബാദില്‍ തകര്‍ന്നുവീണ എയര്‍ ഇന്ത്യ വിമാനം | Photo: ANI
അഹമ്മദാബാദില്‍ തകര്‍ന്നുവീണ എയര്‍ ഇന്ത്യ വിമാനം | Photo: ANI

ന്യൂഡല്‍ഹി: 274 പേരുടെ ജീവനെടുത്ത അഹമ്മദാബാദ് വിമാന ദുരന്തത്തിന് നാലുദിവസങ്ങൾക്കുശേഷം 112 എയര്‍ ഇന്ത്യ പൈലറ്റുമാര്‍ അസുഖ അവധിയില്‍ പ്രവേശിച്ചതായി വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു. വ്യാഴാഴ്ച പാര്‍ലമെന്റിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. 61 കമാന്‍ഡര്‍മാരും 51 ഫ്‌ളൈറ്റ് ഓഫീസര്‍മാരുമാണ് അവധിയില്‍ പ്രവേശിച്ചത്. 

അഹമ്മദാബാദ് വിമാനദുരന്തം പോലുള്ള ദുരന്തങ്ങള്‍ പൈലറ്റുമാരുടെ മാനസികാരോഗ്യത്തിനും കടുത്ത ആഘാതം സൃഷ്ടിക്കുന്നുണ്ടെന്നും അത്തരം വിഷയങ്ങള്‍ അഭിസംബോധന ചെയ്യപ്പെടേണ്ടതുണ്ടെന്നും മന്ത്രി പാര്‍ലമെന്റില്‍ അറിയിച്ചു. പൈലറ്റുമാര്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കാന്‍ ആവശ്യമായവ ചെയ്യാന്‍ എയര്‍ലൈന്‍സിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 

അതേസമയം, ജീവനക്കാരുടെ പരിശീലനം, വിശ്രമം എന്നിവയുമായി ബന്ധപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ നാല് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചതായി എയര്‍ ഇന്ത്യ സ്ഥിരീകരിച്ചു. കാരണം കാണിക്കല്‍ നോട്ടീസുകളോട് പ്രതികരിക്കുമെന്നറിയിച്ച എയര്‍ ഇന്ത്യ, ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞ ആറുമാസത്തിനിടെ വിവിധ സുരക്ഷാലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി 13 കാരണം കാണിക്കല്‍ നോട്ടീസുകളാണ് എയര്‍ ഇന്ത്യയ്ക്ക് ലഭിച്ചത്. 

അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ ടേക്ക് ഓഫ് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം വിമാനത്തിന്റെ രണ്ട് എന്‍ജിനുകളുടെയും പ്രവര്‍ത്തനം നിലച്ചതാണ് അപകടത്തിന് കാരണമായതെന്ന് പറയുന്നു. ഇതിന് ഇടയാക്കിയത് എന്‍ജിനുകളിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ആയിരുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആരാണ് ഈ സ്വിച്ചുകള്‍ ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് മറ്റൊരു പൈലറ്റിനോട് ചോദിക്കുന്നതിന്റെയും, താനല്ല ഓഫ് ചെയ്തതെന്ന് മറുപടി നല്‍കുന്നതിന്റെയും ശബ്ദരേഖ സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ എയര്‍ക്രാഫ്റ്റ് ആസിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ തളളിക്കളഞ്ഞിരുന്നു.

Content Highlights: 112 air india pilots took sick leave after Dreamliner crash