മാലാഖക്കുഞ്ഞുങ്ങളായി അവർ സ്നേഹവീടുകളിലേക്ക്; ശിശുക്ഷേമസമിതിയിൽ ബുധനാഴ്ച പിറന്നത് 6 പുതിയ രക്ഷിതാക്കൾ

തിരുവനന്തപുരം : മഞ്ഞ ഉടുപ്പിട്ട കുഞ്ഞ് മാലാഖയെ കൈകളിലേക്ക് ഏറ്റുവാങ്ങുമ്പോൾ കണ്ണീരുകൊണ്ട് അവരുടെ കാഴ്ച മങ്ങി. ഹൃദയംകൊണ്ട് അച്ഛനമ്മമാരായി. കണ്ണൂർ സ്വദേശികളായ ദമ്പതിമാരുടെ നീണ്ട രണ്ടുപതിറ്റാണ്ടിന്റെ കാത്തിരിപ്പാണ് ബുധനാഴ്ച ശിശുക്ഷേമസമിതി അങ്കണത്തിൽ അവസാനിച്ചത്. ദത്തുനൽകൽ നടപടികൾ പൂർത്തീകരിച്ചശേഷം കുഞ്ഞിനെ കൈമാറിയ ചടങ്ങിനു സാക്ഷിയായവരെല്ലാം അടക്കാനാവാത്ത സന്തോഷത്തിലായിരുന്നു.
'നാലുവർഷം മുൻപ് ദത്തെടുക്കലിനായി രജിസ്റ്റർ ചെയ്തതുമുതൽ ഈ നിമിഷത്തിനായുള്ള കാത്തിരിപ്പിലായിരുന്നു. പതിനേഴ് വർഷം മുൻപായിരുന്നു വിവാഹം. ഈ നിമിഷം ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടതാണ്. എത്രയുംവേഗം വീട്ടിലെത്തണമെന്ന ആഗ്രഹംകൊണ്ട് വ്യാഴാഴ്ച വിമാനത്തിൽ തിരികെ നാട്ടിലേക്കു പോകും.' ഇരുവരും പറയുന്നു.
ദത്ത് നടപടികൾ പൂർത്തീകരിച്ചതോടെ ആറ് പുതിയ രക്ഷിതാക്കളാണ് ശിശുക്ഷേമസമിതിയിൽ ബുധനാഴ്ച പിറന്നത്. കുഞ്ഞുങ്ങളെ കൈയിൽ കിട്ടിയതോടെ നെഞ്ചോടുചേർത്ത് ഉമ്മകൊടുത്തും കൊഞ്ചിച്ചും അവർ സ്നേഹം പ്രകടിപ്പിച്ചു. ചിലർ ബന്ധുക്കളെ വീഡിയോകോൾ വിളിച്ച് കുഞ്ഞിനെ കാണിച്ചുകൊടുക്കുന്ന തിരക്കിലായിരുന്നു.
പ്രത്യേക പരിഗണന ആവശ്യമുള്ള കുഞ്ഞ് ഉൾപ്പെടെ ഒരു പെൺകുട്ടിയും അഞ്ച് ആൺകുട്ടികളുമാണ് പുതിയ രക്ഷിതാക്കളുടെ കരങ്ങളിലേക്കെത്തിയത്. മാസങ്ങൾ മാത്രമാണ് കുഞ്ഞുങ്ങളുടെയെല്ലാം പ്രായം. ചെന്നൈ സ്വദേശിനിയായ സോഫ്റ്റ്‌വെയർ എൻജിനിയറും അവിവാഹിതയുമായ യുവതിയാണ് പ്രത്യേക പരിഗണന ആവശ്യമുള്ള ആൺകുട്ടിയെ സ്വീകരിച്ചത്.
വ്യാഴാഴ്ച ഉച്ചയോടെ കുഞ്ഞുങ്ങൾക്കൊപ്പം എല്ലാവരും നാടുകളിലേക്കു മടങ്ങും. ചടങ്ങിൽ ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി, ജില്ലാ ശിശുസംരക്ഷണ ഓഫീസർ എസ്.ജെ. സുജ, ഡോ. ഗ്ലാഡി ജോർജ്, എസ്. ആൽഫിയ ഹസൻ എന്നിവർ പങ്കെടുത്തു. അഡോപ്ഷൻ കമ്മിറ്റി പരിഗണിച്ച ഒൻപത് അപേക്ഷകളിൽ മൂന്നെണ്ണത്തിൽ തീരുമാനമായില്ല.
Content Highlights: Six children found permanent homes through the State Council for Child Welfare. The process involved one girl and five boys, including a child with special needs. A single software engineer adopted a child with special needs. The event highlights the emotional journey of parents waiting years for adoption.