കൂടുതൽ വിസ്തീർണ്ണം ഉള്ളത് കൊണ്ട് മാത്രം ഒരു വീട് കൂടുതൽ സുഖകരമാകണമെന്നില്ല; എത്ര ഇടം നൽകുന്നുവെന്നതാണ് പ്രധാനം

ഈയിടെ രണ്ട് വീടുകൾ കാണാനിടയായി. ഏകദേശം ഒരേ വിസ്തീർണ്ണം. മുറികളുടെ എണ്ണത്തിലും വലിയ വ്യത്യാസമൊന്നുമില്ല. ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയലുകളും ഏതാണ്ട് ഒരുപോലെ തന്നെ. പക്ഷേ, ആ രണ്ട് വീടുകളും എനിക്ക് നൽകിയ അനുഭവം വളരെ വ്യത്യസ്തമായിരുന്നു.
ആദ്യത്തെ വീട്ടിൽ ലിവിങ് ഏരിയയും ഡൈനിങ്ങും ഓപ്പൺ കിച്ചനും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ഡൈനിങ്ങിൽനിന്ന് വലിയ സ്ലൈഡിങ് ഗ്ലാസ് ഡോറുകളിലൂടെ പുറത്തുള്ള ഒരു കോർട്ട്യാർഡിലേക്ക് കാഴ്ച നീളുന്നു. മുകളിലേക്കുള്ള സ്റ്റെയർകേസും ആ കോർട്ട്യാർഡിനോട് ചേർന്നാണ്. വീടിനകത്തുനിന്ന് നോക്കുമ്പോൾ പുറത്തുള്ള ആ തുറന്ന ഇടം വീടിന്റെ മറ്റൊരു ഭാഗം പോലെ അനുഭവപ്പെടുന്നു.
രണ്ടാമത്തെ വീട്ടിലും ഓപ്പൺ കിച്ചനുണ്ട്. കോർട്ട്യാർഡുമുണ്ട്. പക്ഷേ, അവയുടെ സ്ഥാനം വീടിനുള്ളിൽ സൃഷ്ടിക്കുന്ന അനുഭവം വ്യത്യസ്തമാണ്. അവിടത്തെ കോർട്ട്യാർഡ് കോമൺ വാഷിലേക്കുള്ള വഴിയിലാണ്. അതുകൊണ്ടുതന്നെ വീടിന്റെ പ്രധാന ഇടങ്ങളുമായി അതിന് വലിയ കാഴ്ചബന്ധമില്ല. മുറികൾ ഓരോന്നും അവയുടെ ആവശ്യങ്ങൾക്കനുസരിച്ച് ക്രമീകരിച്ചിട്ടുണ്ടെങ്കിലും, അവ തമ്മിൽ കൂടുതൽ വേർപെട്ടുനിൽക്കുന്നതായി തോന്നി.
രണ്ട് വീടുകളുടെയും വിസ്തീർണ്ണത്തിൽ വലിയ വ്യത്യാസമില്ല. എന്നിട്ടും ആദ്യത്തെ വീട്ടിൽ കുറച്ചുകൂടി സമയം ചെലവഴിക്കാൻ തോന്നി. എന്തുകൊണ്ടായിരിക്കും?
സ്ക്വയർ ഫീറ്റിനപ്പുറം
ഒരു വീടിന്റെ വലുപ്പം പറയുമ്പോൾ നമ്മൾ ആദ്യം പറയുന്നത് അതിന്റെ വിസ്തീർണ്ണമാണ്. ആയിരം സ്ക്വയർ ഫീറ്റ്, രണ്ടായിരം സ്ക്വയർ ഫീറ്റ്, മൂവായിരം സ്ക്വയർ ഫീറ്റ്. അതിനൊപ്പം എത്ര ബെഡ്റൂമുകൾ, എത്ര ബാത്ത്റൂമുകൾ, എത്ര നിലകൾ എന്നിങ്ങനെയുള്ള കണക്കുകളും വരും. എന്നാൽ ഒരു പ്ലാനിലെ മുറികളുടെ എണ്ണവും വലുപ്പവും മാത്രം നോക്കിയാൽ ആ വീടിന്റെ അനുഭവം പൂർണമായി മനസ്സിലാക്കാനാവില്ല.
ഒരു മുറി മറ്റൊരു മുറിയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? ഒരു ഇടത്തിൽ നിൽക്കുമ്പോൾ അടുത്ത ഇടത്തിന്റെ സാന്നിധ്യം അറിയാനാകുമോ? വീടിനകത്തുനിന്ന് പുറത്തേക്ക് ഒരു കാഴ്ച ലഭിക്കുന്നുണ്ടോ? ഒരു തുറന്ന ഇടം വീടിന്റെ പല ഭാഗങ്ങളിൽനിന്നും കാണാനാകുന്നുണ്ടോ?
പ്ലാനിൽ ഇത്തരം കാര്യങ്ങൾ ചെറിയ തീരുമാനങ്ങളായി തോന്നാം. പക്ഷേ, അവയെല്ലാം ചേർന്നാണ് ഒരു വീടിനുള്ളിലെ സ്ഥലാനുഭവം രൂപപ്പെടുന്നത്. ആദ്യത്തെ വീട്ടിലെ കോർട്ട്യാർഡ് തന്നെ ഉദാഹരണം. പെർഗോളയുണ്ടെങ്കിലും ആകാശത്തേക്ക് തുറന്നുകിടക്കുന്ന, ചെടികളില്ലാത്ത ഒരു ഒഴിഞ്ഞ ഇടം. വീട്ടുകാർ അവിടേക്ക് അധികം ഇറങ്ങാറില്ല. ഗ്ലാസ് ഡോറുകളും അധികം തുറക്കാറില്ല. എന്നിട്ടും ലിവിങ്ങിലും ഡൈനിങ്ങിലും കിച്ചനിലും നിൽക്കുമ്പോൾ ആ തുറന്ന ഇടം കാഴ്ചയിൽ ഉണ്ടായിരുന്നു. സ്റ്റെയർകേസ് ഉപയോഗിക്കുമ്പോഴും അതിന്റെ സാന്നിധ്യം അനുഭവപ്പെട്ടു.
ഡൈനിങ്ങിനും കോർട്ട്യാർഡിനുമിടയിലെ വലിയ ഗ്ലാസ് ഡോറുകൾ ഈ അനുഭവത്തിൽ പ്രധാനമാണ്. ഡോർ അടച്ചിരിക്കുമ്പോഴും പുറത്തേക്കുള്ള കാഴ്ച മുറിയുന്നില്ല. ഡൈനിങ് ഏരിയയുടെ അതിരിൽ അവസാനിക്കാതെ കാഴ്ച പുറത്തേക്ക് നീളുന്നു. കോർട്ട്യാർഡിന്റെ വലുപ്പവും സ്ഥാനവും കാഴ്ചയുടെ ഈ തുടർച്ചയും ചേർന്ന് വീടിനുള്ളിലെ ഇടം കൂടുതൽ വിശാലമായി അനുഭവപ്പെടാൻ സഹായിക്കുന്നു.
അവിടെ എത്തുന്ന ആർക്കും കുറച്ച് ചെടികൾ നട്ടാൽ ഈ ഇടം ഇനിയും മനോഹരമാകുമല്ലോ എന്ന് തോന്നും.
സ്റ്റെയർകേസിനും കോർട്ട്യാർഡിനുമിടയിലും ഇതുപോലെ ഒരു ബന്ധമുണ്ട്. പടികൾ കയറുമ്പോൾ കോർട്ട്യാർഡ് അരികിലായി അനുഭവപ്പെടുന്നു. മുകളിൽനിന്ന് താഴേക്ക് നോക്കുമ്പോൾ അതിന്റെ മറ്റൊരു കാഴ്ച ലഭിക്കുന്നു. ഒരേ ഇടം വീടിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നോക്കുമ്പോൾ വ്യത്യസ്തമായ അനുഭവങ്ങൾ നൽകുന്നു.
രണ്ടാമത്തെ വീട്ടിലെ കോർട്ട്യാർഡ് ചെറുതായിരുന്നു. പെർഗോളയ്ക്ക് മുകളിൽ ഗ്ലാസ് നൽകിയിട്ടുള്ള ഈ ഇടം കോമൺ വാഷിലേക്കുള്ള വഴിയിലാണ്. വീടിന്റെ പ്രധാന ഇടങ്ങളിൽനിന്ന് അതിനെ കാണാനും അനുഭവിക്കാനുമുള്ള അവസരം പരിമിതമാണ്.
രണ്ടിടത്തും കോർട്ട്യാർഡ് ഉണ്ടായിരുന്നു. പക്ഷേ, വീടിന്റെ മറ്റു ഭാഗങ്ങളുമായി അവയ്ക്കുണ്ടായിരുന്ന ബന്ധം വ്യത്യസ്തമായിരുന്നു. അതുകൊണ്ടുതന്നെ അവ സൃഷ്ടിച്ച അനുഭവവും വ്യത്യസ്തമായി.
ഉള്ള സ്ഥലം എങ്ങനെ ഉപയോഗിക്കാം?
ഒരു വീടിന്റെ പ്ലാൻ തയ്യാറാക്കുമ്പോൾ, മുറികൾക്ക് ആവശ്യമായ വിസ്തീർണ്ണം നൽകുന്നതിനൊപ്പം അവ തമ്മിലുള്ള ബന്ധവും ഞാൻ ശ്രദ്ധിക്കാറുണ്ട്. പ്രത്യേകിച്ച് ചെറിയ പ്ലോട്ടുകളിൽ, ഓരോ ആവശ്യത്തിനും ഓരോ മുറിയും ഇടനാഴിയും ഒരുക്കുമ്പോൾ ലഭ്യമായ സ്ഥലം പല ചെറിയ ഭാഗങ്ങളായി വിഭജിക്കപ്പെടാം.
എന്റെ ഒരു പ്രോജക്ടിൽ പ്ലോട്ട് ഇടുങ്ങിയതായിരുന്നു. സാധാരണ രീതിയിലുള്ള ഒരു ഇടനാഴി നൽകിയാൽ വീടിനുള്ളിലെ ഇടം വീണ്ടും ചുരുങ്ങിയതായി അനുഭവപ്പെടുമെന്ന് തോന്നി. അതുകൊണ്ട് ലിവിങ് ഏരിയയോട് ചേർന്ന് ഒരു കോർട്ട്യാർഡ് ഒരുക്കിയാലോ എന്ന് ആലോചിച്ചു. ഡൈനിങ്ങിൽനിന്നും ഈ കോർട്ട്യാർഡിലേക്ക് കാഴ്ച ലഭിക്കുന്ന രീതിയിലായിരുന്നു പ്ലാനിങ്.
കോർട്ട്യാർഡിനോട് ചേർന്ന് ഇരിക്കാവുന്ന ഒരു ഭിത്തിയും നിർദേശിച്ചു. അങ്ങനെ ലിവിങ് ഏരിയയിൽനിന്ന് കോർട്ട്യാർഡിലേക്ക് നോക്കുക മാത്രമല്ല, അവിടെയിരുന്ന് കുറച്ചുനേരം ചെലവഴിക്കാനും കഴിയുമായിരുന്നു.
അതിനോട് ചേർന്ന ഇടനാഴിയുടെ ഭിത്തിയെക്കുറിച്ച് ആലോചിച്ചപ്പോൾ മറ്റൊരു ആശയം തോന്നി. വീട്ടിൽ അതിഥികൾ വരുമ്പോൾ കോർട്ട്യാർഡിൽ എല്ലാവർക്കും ഒരുമിച്ചുനിന്ന് ഫോട്ടോ എടുക്കാം. ആ ചിത്രങ്ങൾ പിന്നീട് ഭിത്തിയിൽ ഫ്രെയിം ചെയ്ത് സൂക്ഷിക്കാം. അങ്ങനെ, ഇടനാഴിയിലെ ഒരു ഭിത്തി കുടുംബത്തിന്റെ ഓർമകൾക്കുള്ള ഇടമായി മാറാനുള്ള സാധ്യതയുണ്ടായിരുന്നു.
കോർട്ട്യാർഡ് വേണമെന്ന ആവശ്യം ക്ലയന്റിന്റെ ഭാഗത്തുനിന്ന് വന്നതല്ല. ഇടുങ്ങിയ പ്ലോട്ടിന്റെ പരിമിതികളും വീടിനുള്ളിലെ ഇടങ്ങളുടെ ക്രമീകരണവും ആലോചിച്ചപ്പോൾ എനിക്ക് തോന്നിയ ഒരു സാധ്യതയായിരുന്നു അത്. മൂഡ്ബോർഡും റഫറൻസ് ചിത്രങ്ങളും ഒരു ബേസിക് ത്രീഡി മോഡലും ഉപയോഗിച്ചാണ് ആ ആശയം ക്ലയന്റിന് വിശദീകരിച്ചത്. അവർക്ക് ആ ആശയം ഇഷ്ടപ്പെടുകയും ചെയ്തു.
ആ പ്രോജക്ടിൽ ഞാൻ ആലോചിച്ചത് ഒരു അധിക ഇടം കൂട്ടിച്ചേർക്കുന്നതിനെക്കുറിച്ച് മാത്രമായിരുന്നില്ല. ലഭ്യമായ സ്ഥലത്തെ എങ്ങനെ കൂടുതൽ അർത്ഥവത്തായി ഉപയോഗിക്കാം, അതിലൂടെ വീടിനുള്ളിൽ എന്തെല്ലാം സാധ്യതകൾ സൃഷ്ടിക്കാം എന്നതിനെക്കുറിച്ചായിരുന്നു.
കൂടുതൽ സ്ഥലം, കൂടുതൽ സൗകര്യം തന്നെയാണോ?
വലിയ വീടുകൾ ആവശ്യമില്ലെന്നല്ല. ചില കുടുംബങ്ങൾക്ക് കൂടുതൽ മുറികളും കൂടുതൽ വിസ്തീർണ്ണവും ആവശ്യമായിരിക്കും. കുടുംബത്തിന്റെ വലുപ്പം, സ്വകാര്യത, ജോലിയുടെ സ്വഭാവം തുടങ്ങി പല കാര്യങ്ങളും ഒരു വീടിന്റെ ആവശ്യങ്ങളെ സ്വാധീനിക്കുന്നു.
എന്നാൽ കൂടുതൽ വിസ്തീർണ്ണം ഉണ്ടെന്നതുകൊണ്ട് മാത്രം ഒരു വീട് കൂടുതൽ സുഖകരമാകണമെന്നില്ല. അതുപോലെ, ചെറിയ വീടാണെന്നതുകൊണ്ട് അതിലെ ഓരോ ഇടവും ഇടുങ്ങിയതായി അനുഭവപ്പെടണമെന്നുമില്ല.
ചിലപ്പോൾ ഒരു മുറിയുടെ വലുപ്പം കൂട്ടുന്നതിനേക്കാൾ അതിന്റെ സ്ഥാനം മാറ്റുന്നതായിരിക്കും പ്രയോജനകരം. ചിലപ്പോൾ ഒരു അധിക മുറി ചേർക്കുന്നതിനേക്കാൾ നിലവിലുള്ള ഇടങ്ങൾ തമ്മിൽ നല്ലൊരു ബന്ധം സൃഷ്ടിക്കുന്നതായിരിക്കും കൂടുതൽ അർത്ഥവത്താകുന്നത്.
ഒരു വീടിന്റെ വിസ്തീർണ്ണം അളക്കാൻ നമുക്ക് കൃത്യമായ അളവുകളുണ്ട്. എന്നാൽ ആ വീട്ടിനുള്ളിൽ ലഭിക്കുന്ന അനുഭവത്തെ ഏതെങ്കിലും അളവുകോൽ കൊണ്ട് മാത്രം അളക്കാനാവില്ല.
ആദ്യത്തെ വീട്ടിൽ കുറച്ചുകൂടി സമയം ചെലവഴിക്കാൻ തോന്നിയതെന്തുകൊണ്ടാണെന്ന് ഇപ്പോൾ ആലോചിക്കുമ്പോൾ, അതിന്റെ വലുപ്പം മാത്രമായിരുന്നില്ല കാരണം എന്ന് തോന്നുന്നു. വീടിനുള്ളിലെ ഇടങ്ങൾ തമ്മിലുള്ള ബന്ധവും പുറത്തേക്കുള്ള കാഴ്ചകളും അവ നൽകിയ സുഖകരമായ അനുഭവവുമെല്ലാം അതിൽ പങ്കുവഹിച്ചിരുന്നു.
ഒരുപക്ഷേ, ഒരു വീട് എത്ര വലുതാണെന്നറിയാൻ അതിന്റെ അളവുകൾ നോക്കിയാൽ മതി. എന്നാൽ ആ വീട് നമുക്ക് എത്രത്തോളം ഇടം നൽകുന്നുണ്ടെന്ന് അറിയാൻ, അവിടെ കുറച്ചുനേരം ഇരുന്നുനോക്കിയാൽ മതിയാകും.
Content Highlights: Room size and square footage alone do not define the comfort of a home., Visual connectivity between living, dining, and courtyards enhances spaciousness., Strategic placement of spaces transforms narrow plots into functional and inviting areas.