'90,000 രൂപ വേണം, സഹായിക്കണം'; പണത്തിനായി കെഞ്ചി റോബിൻ, ചാറ്റും വീഡിയോയും പുറത്തുവിട്ട് വേദ് ലക്ഷ്മി

#മൂവി ഡെസ്ക്
വേദ് ലക്ഷ്മി, ഡോ. റോബിൻ രാധാകൃഷ്ണൻ | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്, സുധീർ മോഹൻ \ മാതൃഭൂമി
വേദ് ലക്ഷ്മി, ഡോ. റോബിൻ രാധാകൃഷ്ണൻ | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്, സുധീർ മോഹൻ \ മാതൃഭൂമി

ബി.ജെ.പി നേതാവും ഇൻഫ്ളുവൻസറുമായ ഡോ. റോബിൻ രാധാകൃഷ്ണൻ വാർത്താസമ്മേളനത്തിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി ഇൻഫ്ളുവൻസർ വേദ് ലക്ഷ്മി. റോബിൻ പറഞ്ഞതെല്ലാം കള്ളമാണെന്നും അത് തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകൾ തന്റെ പക്കലുണ്ടെന്നും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത പുതിയ വീഡിയോയിൽ അവർ പറഞ്ഞു. റോബിൻ എവിടെയാണോ അവസാനിപ്പിക്കുന്നത്, അവിടെനിന്നാണ് താൻ തുടങ്ങുന്നത്. റോബിന്റെ ഓരോ കള്ളങ്ങളും തെളിവുസഹിതം പുറത്തുകൊണ്ടുവരും. റോബിനുമായി തനിക്കുള്ള പരിചയത്തിന്റെ തുടക്കത്തെക്കുറിച്ച് വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞത് തെറ്റാണെന്നും വേദ് ലക്ഷ്മി ചൂണ്ടിക്കാട്ടി.

2019-ൽ ബിഗ് ബോസിൽ വരുന്നതിന് മുൻപാണ് റോബിനുമായി ആദ്യമായി സംസാരിക്കുന്നതെന്ന് വേദ് ലക്ഷ്മി പറഞ്ഞു. ഇൻസ്റ്റാഗ്രാമിലും വാട്സാപ്പിലും അയച്ച പഴയ സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ തെളിവായി വേദലക്ഷ്മി പങ്കുവെച്ചു. സ്വന്തം ഇമേജ് സംരക്ഷിക്കാൻ വേണ്ടിയാണ് റോബിൻ പ്രസ് മീറ്റ് നടത്തിയത്. കള്ളങ്ങൾ ഓരോന്നായി പൊളിക്കുമെന്നും മാസങ്ങൾക്ക് മുൻപേ തന്നെ താൻ വിഷയത്തിൽ നിയമപരമായി മുന്നോട്ടുപോയതാണെന്നും അവർ വീഡിയോക്കൊപ്പം കുറിച്ചു.

 
 
 
 
 
 
 
 
 
 
 
 
 
 
 

"2019-ൽ ബിഗ് ബോസിൽ വരുന്നതിനു മുൻപാണ് നമ്മൾ തമ്മിൽ ആദ്യത്തെ സംസാരമുണ്ടായത്. അതിനുശേഷം ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയച്ചതിന്റെ സ്ക്രീൻഷോട്ടും ഞാൻ അയച്ചിട്ടുണ്ട് അതിൽ തന്നെ പറഞ്ഞിട്ടുണ്ട് വാട്സാപ്പിൽ മെസ്സേജ് അയച്ച കാര്യം. അതായിരുന്നു നമ്മുടെ ആദ്യത്തെ സംസാരം. നിങ്ങൾക്ക് ഓർമയുണ്ടാകില്ല. ഇക്കാര്യം ശരിക്കും എനിക്ക് ഓർമയുണ്ടായിരുന്നില്ല, നേരിട്ട് കണ്ടപ്പോൾ ഇക്കാര്യം എന്നെ ഓർമിപ്പിച്ചത് റോബിനാണ്. അഞ്ചു വർഷങ്ങൾ കഴിഞ്ഞില്ലേ. പുള്ളിക്ക് പക്ഷേ ഓർമയുണ്ടായിരുന്നു. സ്വന്തം താത്പര്യമനുസരിച്ച് കള്ളങ്ങൾ പറയുമ്പോൾ അത് ഞാൻ പൊളിക്കുന്നത് നോക്കി ഇരുന്നോളൂ.

സത്യം പുറത്തുവരണമെന്നുള്ളതുകൊണ്ടാണ് ഞാനിത് ചെയ്യുന്നത്. സത്യങ്ങൾ വെളിച്ചത്തുകൊണ്ടുവരുമ്പോൾ, അതിനെ അപകീർത്തിപ്പെടുത്താനും കൃത്രിമം കാണിക്കാനും ശ്രദ്ധതിരിക്കാനും നിശ്ശബ്ദമാക്കാനും എപ്പോഴും ശ്രമങ്ങളുണ്ടാകും. എന്നാൽ എത്രയൊക്കെ വ്യാജ പ്രചാരണങ്ങൾ നടത്തിയാലും ആസൂത്രിതമായ മാനിപ്പുലേഷനുകൾ നടത്തിയാലും സത്യത്തെ മാറ്റാനാവില്ല. റോബിന്റെ വാർത്താ സമ്മേളനം എല്ലാവരും കണ്ടിട്ടുണ്ടാകുമെന്ന് കരുതുന്നു. കാണാത്തവർ ഇപ്പോൾ തന്നെ പോയി കാണുക, അല്ലെങ്കിൽ നിങ്ങൾക്ക് ഇതൊന്നും മനസിലാകില്ല. ഞാൻ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടായിരുന്നു, റോബിൻ എവിടെ നിർത്തുന്നോ അവിടെനിന്ന് ഞാൻ തുടങ്ങും എന്ന്. ഇന്നലത്തെ പ്രസ് മീറ്റ് നടത്തണമെന്നുള്ളതും അതിൽ പറയുന്നത് നിങ്ങൾ എല്ലാവരും കേൾക്കണമെന്നുള്ളതും എന്റെ ആവശ്യം ആയിരുന്നു.

ഇമേജ് രക്ഷിക്കാൻ റോബിൻ ഏതറ്റംവരെ പോകുന്നു എന്നത് നിങ്ങൾ എല്ലാവരും മനസ്സിലാക്കണം. റോബിൻ ഇന്നലെ നടത്തിയ പ്രസ് മീറ്റിൽ എന്റെ പേര്, പിന്നെ റോബിൻ തന്നെ സൈബർ ക്വട്ടേഷൻ കൊടുത്ത് വിളിച്ചുകൊണ്ടുവന്ന ഡോക്ടർ ഡ്രെയ്ക്ക് എന്നുപറയുന്ന അനന്തു സുജിത്തിന്റെ പേര്, ഇത് കൂടാതെ അബിൽ ദേവ് എന്ന മൂന്നാമതൊരു വ്യക്തിയുടെ പേരും പറയുന്നുണ്ട്. ഇത്രയും വളർന്ന പടർന്നു പന്തലിച്ച , ആജാനുബാഹുവായ വിദ്യാഭ്യാസമുള്ള, ലോകപരിചയമുള്ള ഡോക്ടർ റോബിനെ ഒരു പാവയെപ്പോലെ കളിപ്പിച്ചുകൊണ്ടിരുന്ന അബിൽ ദേവിനെ 2025 ഡിസംബർ 15 മുതൽ റോബിൻ ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ് പറയുന്നത്. ഞാൻ കഴിഞ്ഞ രണ്ടു മാസമായിട്ടുള്ള ഇവരുടെ ചാറ്റ് ആണ് ഇന്നിവിടെ കാണിക്കുന്നത്. ഇത് കണ്ടിട്ട് റോബിൻ തട്ടിപ്പ് നടത്തുന്നതിന്റെ മോഡ് ഓഫ് ഓപ്പറേഷൻ എങ്ങനെയെന്ന് നിങ്ങൾ തന്നെ വിലയിരുത്തൂ." വേദ് ലക്ഷ്മി പറഞ്ഞു.

തുടർന്നാണ് അബിൽ ദേവും റോബിനുമായുള്ള ചാറ്റ് വേദ് ലക്ഷ്മി പുറത്തുവിടുന്നത്. "നമസ്കാരം ഞാൻ റോബിൻ രാധാകൃഷ്ണൻ. എനിക്ക് കുറച്ചു പണം വേണമായിരുന്നു, ഒരു 90000 രൂപ. അബിൽ ബ്രോ എനിക്കത് തരുമെന്ന് എനിക്കറിയാം, കാരണം വളരെ നല്ല തങ്കപ്പെട്ട മനുഷ്യനാണ് അബിൽ ബ്രോ. അതുകൊണ്ട് ദൈവത്തെ ഓർത്ത് കനിയണം. ഒരു എമർജൻസി സിറ്റുവേഷനാണ്, ഒന്ന് ഹെൽപ്പ് ചെയ്യണം. 27-ാം തീയതി രാത്രി പത്തുമണിക്കകം ഞാനത് തിരിച്ചയച്ചേക്കാം. എനിക്കൊരു 90000 രൂപ, ഒന്ന് ഹെൽപ്പ് ചെയ്യണം പ്ലീസ്, ഇതൊരു റിക്വസ്റ്റ് ആണ്. പിന്നെ സീസൺ ഏയ്റ്റിന് ആശംസകൾ. നീ ഒരു വിന്നർ ആയി വരട്ടെ, ഈ സഹോദരന്റെ ആശംസകൾ." എന്നാണ് റോബിൻ വീഡിയോയിൽ പറയുന്നത്.

നീ എന്തൊക്കെയാണ് അയയ്ക്കുന്നത് എന്നാണ് അബിൽ ഇതിന് മറുപടി അയച്ചിരിക്കുന്നത്. നിങ്ങളേ ഉള്ളൂ തന്നെ സഹായിക്കാനെന്നാണ് റോബിൻ മറുപടി സന്ദേശം നൽകിയത്. പറ്റുന്നത് എല്ലാം ഞാൻ നിനക്ക് ചെയ്തു തന്നു, ഇപ്പോൾ പൈസ ഇല്ലെന്നാണ് അബിൽ വീണ്ടും മെസേജ് അയച്ചത്. "തരുന്നത് ഇന്ന് രാത്രി തിരിച്ചു തന്നില്ലെങ്കിൽ എന്റെ അച്ഛൻ എസ്. രാധാകൃഷ്ണൻ അല്ല" എന്നും പറയുന്നുണ്ട്. വീണ്ടും വീണ്ടും റോബിൻ പണം ചോദിക്കുകയും അബിൽ പണം ഇല്ല എന്നുമാണ് പറയുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

ബിജെപിയിൽ എത്തിയത് സാമ്പത്തിക ലക്ഷ്യം വെച്ചാണെന്നും ബിജെപിക്കാർ വർഗീയവാദികളാണെന്നും പറയുന്ന റോബിന്റെ ഓഡിയോ സന്ദേശം വേദ് ലക്ഷ്മി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കൂടി പുറത്തുവിട്ടിരുന്നു. എന്നാൽ ഓഡിയോ എഐ ആണെന്ന് റോബിൻ അതേ വീഡിയോയ്ക്ക് താഴെ കമന്റ് ആയി രേഖപ്പെടുത്തിയെങ്കിലും കൂടുതൽ വിവരങ്ങൾ വേണമെങ്കിൽ വീഡിയോകൾ തരാം എന്ന് വേദ് ലക്ഷ്മിയും മറുപടി കൊടുത്തു. വാർത്താ സമ്മേളനത്തിൽ കൂടുതൽ വെളിപ്പെടുത്തൽ ഉണ്ടാകുമെന്ന് വേദ് ലക്ഷ്മി സാമൂഹിക മാധ്യമത്തിൽ കുറിച്ചു.

ചെറിയ ഒരു ഓലപ്പടക്കം കണ്ടപ്പോഴേക്കാണ് നീ ഇത്രയും കാട്ടിക്കൂട്ടുന്നത്. അപ്പോൾ ശരിക്കുള്ള തൃശ്ശൂർ പൂരം തുടങ്ങുമ്പോൾ എന്താകും അവസ്ഥയെന്നും, നിനക്ക് ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യ്, ഇത് വെല്ലുവിളിയാണെന്നും വേദ് ലക്ഷ്മി വീഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു.

Content Highlights: Influencer Ved Lakshmi responded to BJP leader Dr. Robin Radhakrishnan's press conference by sharing leaked WhatsApp chats and audio clips on Instagram, claiming to have digital proof that debunks all his allegations.