ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റായി ധനുഷ്; കാർത്തിക് നരേൻ ചിത്രം 'മാരൻ' ട്രെയ്ലർ

'മാരൻ' ട്രെയ്ലറിൽ നിന്നുള്ള രം​ഗം
'മാരൻ' ട്രെയ്ലറിൽ നിന്നുള്ള രം​ഗം

ധനുഷിനെ നായകനാക്കി കാർത്തിക് നരേൻ സംവിധാനം ചെയ്യുന്ന മാരന്റെ ട്രെയ്ലർ പുറത്ത്. ടൈറ്റിൽ കഥാപാത്രമായി ധനുഷ് എത്തുന്ന ചിത്രത്തിൽ മാളവിക മോഹനാണ് നായിക. മാരൻ എന്ന ഇൻവെസ്റ്റി​ഗേറ്റീവ് ജേണലിസ്റ്റിന്റെ വേഷത്തിലാണ് ധനുഷ് ചിത്രത്തിലെത്തുന്നത്. 

മാർച്ച് 11ന് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് ചിത്രത്തിന്റെ റിലീസ്. തമിഴിന് പുറമേ മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം പുറത്തിറങ്ങും.

കാർത്തിക് നരേന്റെ ചിത്രത്തിൽ ആദ്യമായാണ് ധനുഷ് നായകനാകുന്നത്. സംവിധായകനൊപ്പം സുഹാസും ഷറഫുവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. 

മഹേന്ദ്രൻ, സമുദ്രക്കനി, സ്മൃതി വെങ്കട്, കൃഷ്ണകുമാർ, ആടുകളം നരേയ്ൻ, ജയപ്രകാശ് എന്നിവരാണ് മറ്റ് താരങ്ങൾ. സത്യ ജ്യോതി ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നത്.

ജി വി പ്രകാശ്‍കുമാർ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

ഓടിടി റിലീസായെത്തിയ ബോളിവുഡ് ചിത്രം ആത്രം​ഗി രേയാണ് ധനുഷിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. സാറ അലി ഖാനും അക്ഷയ് കുമാറുമാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. റുസ്സോ ബ്രദേഴ്സ് സംവിധാനം ചെയ്യുന്ന ഹോളിവുഡ് ചിത്രം ദ ​ഗ്രേ മാൻ ആണ് ധനുഷിന്റെ മറ്റൊരു പുതിയ ചിത്രം. 

Content Highlights: Dhanush Karthik Naren movie Maaran Trailer, Malavika Mohan, Maaran release on hotstar